
ഹാൻഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററി ക്യാബിനിൽ തീപിടിച്ചതിനെ തുടർന്ന് എയർ ചൈന വിമാനം ഷാങ്ഹായിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. 155 യാത്രക്കാരുമായി കഴിഞ്ഞ ശനിയാഴ്ച ഹാങ്‌ഷൗവിൽ നിന്ന് സിയോളിലേക്ക് പറന്ന എയർ ചൈന വിമാനത്തിലാണ് ഭയപ്പെടുത്തുന്ന സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഒരു യാത്രക്കാരന്‍റെ കൈയിൽ കരുതിയിരുന്ന ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിയാണ് തീ പിടിച്ചത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്‍റിൽ യാത്രക്കാരന്‍റെ ബാഗിൽ സൂക്ഷിച്ചിരുന്ന ബാറ്ററിക്ക് തീപിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ വിമാനം ഷാങ്ഹായിൽ അടിയന്തരമായി ഇറക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓവർഹെഡ് ബിന്നിൽ നിന്ന് തീ പടരുകയും ക്യാബിനിൽ കനത്ത പുക നിറയുകയും ചെയ്യുന്ന ഭയപ്പെടുത്തുന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഓവർഹെഡ് ബിന്നിൽ തീ പടരുമ്പോൾ യാത്രക്കാർ ഭയന്ന് നിലവിളിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തീ അണയ്ക്കാൻ ക്രൂ അംഗങ്ങൾ ഓടിയെത്തുമ്പോൾ അവർ "വേഗം വരൂ" എന്ന് നിലവിളിക്കുന്നു.
ജീവനക്കാർ വേഗത്തിൽ ഇടപെട്ട് തീ അണച്ചു. തുടർന്ന് പൈലറ്റുമാർ വിമാനം ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ജീവനക്കാർ വേഗത്തിൽ പ്രതികരിക്കുകയും കൃത്യസമയത്ത് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തതിനാൽ സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വലിയൊരു അപകടം ഒഴിവായെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടി. പ്രാദേശിക സമയം രാവിലെ 9.47-ന് ഹാങ്‌ഷൗ സിയോഷാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർബസ് എ 321 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. പൈലറ്റുമാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗ് അഭ്യർത്ഥിച്ചു. പ്രാദേശിക സമയം രാവിലെ 11.05 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. 155 യാത്രക്കാരും ജീവനക്കാരുമുള്ള വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ എത്തേണ്ടതായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട വ്യോമയാന അപകടങ്ങളുടെ വർദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സമീപ മാസങ്ങളിൽ, നിരവധി വിമാനക്കമ്പനികൾ സമാനമായ ഭീഷണികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനങ്ങളിൽ പവർ ബാങ്കുകളും മറ്റ് റീചാർജ് ചെയ്യാവുന്ന ഉപകരണങ്ങളും കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും ഇപ്പോൾ കർശനമായ നിയന്ത്രണങ്ങളുണ്ട്