Chambal Dacoit : ചമ്പല്‍ കാടുകളെ വിറപ്പിച്ച മുന്‍ കൊള്ളക്കാരിയുടെ തുണ്ടുഭൂമി ഗുണ്ടകള്‍ കൈയടക്കി!

By Web TeamFirst Published Dec 8, 2021, 12:43 PM IST
Highlights

ഫൂലന്‍ദേവിയുടെ സ്വന്തക്കാരിയായ ഈ മുന്‍ കൊള്ളക്കാരി സര്‍ക്കാറിനോട് കെഞ്ചുന്നു
 

എണ്‍പതുകളില്‍ ചമ്പല്‍ മേഖലയെ (Chambal valley) വിറപ്പിച്ച മുന്നിബായി (Munnibai) ഗുണ്ടകളുടെ കൈയില്‍നിന്ന് സ്വന്തം ഭൂമി വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. ചമ്പല്‍ക്കാടുകളിലെ കിരീടം വെക്കാത്ത റാണിയായിരുന്ന ഫൂലന്‍ദേവിയുടെ  (Phoolan Devi)  സംഘാംഗമായിരുന്നു മുന്നിബായി.  തന്റെ കൊള്ളസംഘത്തിനൊപ്പം കീഴടങ്ങിയപ്പോള്‍ സര്‍ക്കാര്‍ മുന്നിബായിക്ക് അനുവദിച്ച മൂന്ന് സെന്റ് ഭൂമിയാണ്, ഗുണ്ടാസംഘം കൈവശപ്പെടുത്തിയത്. കലക്ടറെയും എസ്പിയെയുമടക്കം നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിട്ടും ഒരു പരിഹാരവുമുണ്ടായില്ലെന്ന് മുന്നാബായി പറയുന്നു.  

ഫൂലന്‍ ദേവിയുടെ കൂടെയുണ്ടായിരുന്ന കൊള്ളക്കാരന്‍ ഘാന്‍സാ ബാബയുടെ സംഘത്തിലെ അംഗമായിരുന്നു  മുന്നിഭായി. കൊള്ളസംഘത്തിലേക്ക് അവരെ കൊണ്ടുവന്നത് സ്വന്തം ഭര്‍ത്താവ്  ബാബു ഖാന്‍ തന്നെയായിരുന്നു. 

17 വയസ്സുള്ളപ്പോഴാണ് ഇന്ദുര്‍ഖി ഗ്രാമത്തിലെ ബാബു ഖാനെ മുന്നിബായി വിവാഹം കഴിക്കുന്നത്. അതിനിടെ നാട്ടിലുണ്ടായ വലിയ സംഘര്‍ഷത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബാബു ഖാന്‍ മേല്‍ജാതിക്കാരുടെ ശത്രുവായി മാറി. തുടര്‍ന്നാണ് നാടുവിട്ടോടി ഇയാള്‍ ഘന്‍സ ബാബയുടെ കൊള്ള സംഘത്തിലെ അംഗമായത്. കൊള്ളസംഘത്തിലെ അംഗമായി മാറിയ ബാബു ഖാന്‍ വൈകാതെ മുന്‍നിരയിലേക്കുയര്‍ന്നു. 

ഭര്‍ത്താവിനെ പിടികൂടാനായി പൊലീസ് മുന്നിബായിയെ അറസ്റ്റ് ചെയ്ത ലോക്കപ്പില്‍ ഇടുകയും, ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ മനം മടുത്ത് മുന്നിബായിയും ചമ്പല്‍ കാടുകളില്‍ അഭയം തേടി. ഭര്‍ത്താവിനൊപ്പം അവളും കൊള്ളസംഘത്തില്‍ ചേര്‍ന്നു. അവരുടെ കൊള്ള സംഘത്തില്‍ 25 പേരായിരുന്നു ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കൊപ്പം അങ്ങനെ അവളും തോക്കെടുക്കാന്‍ നിര്‍ബന്ധിതയായി. ഏഴു വര്‍ഷത്തോളം മുന്നബായി സംഘത്തില്‍ താമസിച്ച് പലവിധ കുറ്റകൃത്യങ്ങളില്‍ ഭാഗമായി. വീടുകളില്‍ കയറി സ്ത്രീകളുടെ ആഭരണങ്ങള്‍ കൊള്ളയടിക്കുന്നതായിരുന്നു മുന്നിയുടെ പ്രധാന ജോലി. കൂടാതെ, നിരവധി പേരെ പിടികൂടി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.  

പിന്നീട് 1983-ല്‍ മറ്റ് കൊള്ളക്കാര്‍ക്കൊപ്പം മുന്നിബായിയും കീഴടങ്ങുകയായിരുന്നു. അതിനുശേഷം ലാഹാറിലെ ചിറൗലി ഗ്രാമത്തിനടുത്ത് സര്‍ക്കാര്‍ അവള്‍ക്ക് മൂന്ന് സെന്റ്  ഭൂമി പതിച്ചു നല്‍കി. കീഴടങ്ങിയ മുന്നാബായി സര്‍ക്കാറുമുണ്ടാക്കിയ കരാര്‍ പ്രകാരം 10 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങി നാട്ടിലെത്തിയപ്പോഴേക്കും ഗുണ്ടാസംഘം അവളുടെ ഭൂമി കയ്യേറിയിരുന്നു. 

അപ്പോഴേക്കും മുന്നിബായിയുടെ സാമ്പത്തിക സ്ഥിതിയും തീരെ മോശമായി. തനിക്ക് കുടുംബസ്വത്തായി കിട്ടിയ ഭൂമി അവള്‍ മകളുടെ വിവാഹത്തിനായി വിറ്റു. അതോടെ സര്‍ക്കാര്‍ നല്‍കിയ ഈ ഭൂമി മാത്രമായി അവളുടെ ഏക ആശ്രയം. കയറി കിടക്കാന്‍ കിടപ്പാടം പോലുമില്ലാത്ത അവള്‍ ഇപ്പോള്‍ മകളുടെ കൂടെയാണ് താമസം. തന്റെ ഭൂമിയില്‍ ഒരു കൂര കെട്ടി അവിടെ താമസിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. 

എന്നാല്‍ അവിടെ വീട് പണിയാന്‍ ഭൂമി കൈയടക്കി വച്ചിരിക്കുന്ന ഗുണ്ടകള്‍ അനുവദിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പലതവണ നിവേദനം നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അധികൃതരും അവര്‍ക്കൊപ്പമാണ് എന്ന് മുന്നിബായി മാധ്യമങ്ങളോട് പറഞ്ഞു. 

അവര്‍ക്ക് ഇപ്പോള്‍ പ്രായം അറുപത് കഴിഞ്ഞു. വരുമാനമില്ല, കയറി കിടക്കാന്‍ സ്വന്തമായി വീടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി അവര്‍ അതിന്റെ പേരില്‍ കയറി ഇറങ്ങാത്ത ഓഫീസുകളില്ല. കൊള്ളയും, കൊലയും ഉപേക്ഷിച്ച് പുതിയൊരു ജീവിതം ആഗ്രഹിച്ച അവരെ സഹായിക്കാന്‍ എന്നാല്‍ സര്‍ക്കാരുപോലും തയ്യാറാകുന്നില്ല. കലക്ടറെയും എസ് പിയെയും പല തവണ കണ്ട് പരാതിപ്പെട്ടിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് മുന്നിബായി പറയുന്നു. എന്നാല്‍, പരാതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൈമലര്‍ത്തുകയാണ് കലക്ടറും എസ്പിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍. 

click me!