ആത്മഹത്യയും ഒറ്റപ്പെടലും കൂടുന്നു, 'ഏകാന്തതാ മന്ത്രി'യെ നിയമിച്ച് ജപ്പാൻ

By Web TeamFirst Published Feb 27, 2021, 11:47 AM IST
Highlights

അതേസമയം ഏകാന്തത മന്ത്രിയെ നിയമിക്കുന്ന ആദ്യത്തെ രാജ്യമല്ല ജപ്പാൻ. 2018 -ൽ ബ്രിട്ടനായിരുന്നു ലോകത്താദ്യമായി ഇത്തരത്തിലൊരു വകുപ്പ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. 

അപ്രതീക്ഷിതമായി കടന്നു വന്ന മഹാമാരിയും, തുടർന്നുള്ള ലോക്ക് ഡൗണുകളും, നിയന്ത്രണങ്ങളും നമ്മുടെ ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. പലരും ഈ വേളയിൽ കടുത്ത സമ്മർദ്ദവും, ഒറ്റപ്പെടലും അനുഭവിക്കുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യകൾ പെരുകുന്നു.  ജപ്പാനിൽ ഇപ്പോൾ ആത്മഹത്യാനിരക്ക്  11 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കയാണ്. ഈ പ്രവണത നിയന്ത്രിക്കാനും ജനങ്ങളെ സന്തുഷ്ടരാക്കാനും ജപ്പാൻ ഈ മാസം ഒരു പുതിയ മന്ത്രിയെ നിയമിച്ചു. മിനിസ്റ്റർ ഓഫ് ലോൺലിനെസ് എന്ന പേരിലാണ് മന്ത്രിയെ നിയമിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് പ്രധാനമന്ത്രി യോഷിഹിതെ സുഗ തന്റെ മന്ത്രിസഭയിലേക്ക് ഏകാന്തതയുടെ മന്ത്രിയായി ടെറ്റ്സുഷി സകാമോട്ടോയെ തിരഞ്ഞെടുത്തത്.    

രാജ്യത്തിന്റെ ഇടിയുന്ന ജനനനിരക്ക് പരിഹരിക്കുന്നതും, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതും തെറ്റ്സുഷിയാണ്. സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെയും, ഏകാന്തതയും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നവരുടെയും പ്രശ്‍നങ്ങൾ പരിഹരിക്കുക എന്നതാണ് ഈ പുതിയ വകുപ്പിന്റെ ചുമതല. മഹാമാരി സമയത്ത് സ്ത്രീകളുടെ ആത്മഹത്യാനിരക്ക് വർദ്ധിക്കുന്നതുൾപ്പെടെയുള്ള ദേശീയ വിഷയങ്ങൾ അഭിസംബോധന ചെയ്യാനാണ് പ്രധാനമന്ത്രി തന്നെ നിയോഗിച്ചിരിക്കുന്നത് എന്നാണ് ആദ്യത്തെ പത്രസമ്മേളനത്തിൽ ടെറ്റ്സുഷി പറഞ്ഞത്. "ബന്ധപ്പെട്ട മന്ത്രാലയവുമായി ഏകോപിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ സുഗ എനിക്ക് നിർദ്ദേശം നൽകി. സാമൂഹിക ഏകാന്തതയും ഒറ്റപ്പെടലും തടയുന്നതിനും ആളുകൾ തമ്മിലുള്ള ബന്ധം സംരക്ഷിക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ ഞാൻ ചെയ്യും" ടെറ്റ്സുഷി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം രാജ്യത്ത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ആത്മഹത്യ ചെയ്തത്.  

അതേസമയം ഏകാന്തത മന്ത്രിയെ നിയമിക്കുന്ന ആദ്യത്തെ രാജ്യമല്ല ജപ്പാൻ. 2018 -ൽ ബ്രിട്ടനായിരുന്നു ലോകത്താദ്യമായി ഇത്തരത്തിലൊരു വകുപ്പ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഏകാന്തതയും, സാമൂഹിക ഒറ്റപ്പെടലും പരിഹരിക്കുന്നതിനായിട്ടാണ് അന്ന് ഏകാന്തത മന്ത്രിയായി നിയമിച്ചത്. 

(ചിത്രം പ്രതീകാത്മകം)

click me!