കാണാതായ നായയെ കിട്ടി, 5 കൊല്ലത്തിന് ശേഷം 1,000 കിലോമീറ്റർ അകലെ നിന്ന്!

Published : Jul 28, 2026, 02:38 PM IST
Inmaculada Jackman

Synopsis

2021-ലാണ് നെബ്രാസ്കയിലെ ലിങ്കണിലുള്ള വീട്ടിൽ നിന്ന് ചോങ് ഓടിപ്പോകുന്നത്. മാസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വർഷങ്ങൾ കടന്നുപോയതോടെ കുടുംബം 'ചെ ചെ' എന്ന മറ്റൊരു നായയെ ദത്തെടുത്തു.

അഞ്ചു വർഷം മുൻപ് നഷ്ടപ്പെട്ട വളർത്തുനായയെ അദ്ഭുതകരമായി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ നെബ്രാസ്ക സ്വദേശിയായ ഇൻമാകുലാഡ ജാക്ക്മാനും കുടുംബവും. സ്വന്തം വീട്ടിൽ നിന്ന് ആയിരം കിലോമീറ്ററിലധികം (642 മൈൽ) അകലെയുള്ള ഇൻഡ്യാനയിലെ ഒരു ട്രക്ക് സ്റ്റോപ്പിന് പിന്നിൽ നിന്നാണ് 'ചോങ്' എന്ന് പേരുള്ള നായയെ കണ്ടെത്തിയത്.

2021-ലാണ് നെബ്രാസ്കയിലെ ലിങ്കണിലുള്ള വീട്ടിൽ നിന്ന് ചോങ് ഓടിപ്പോകുന്നത്. മാസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വർഷങ്ങൾ കടന്നുപോയതോടെ കുടുംബം 'ചെ ചെ' എന്ന മറ്റൊരു നായയെ ദത്തെടുത്തു എങ്കിലും ചോങ് എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷ അവർ കൈവിട്ടിരുന്നില്ല.

അഞ്ചു വർഷങ്ങൾക്ക് ശേഷം, ഇൻഡ്യാനയിലെ ഹെൻഡ്രിക്സ് കൗണ്ടി ആനിമൽ ഷെൽട്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വഴിത്തിരിവായത്. ഇൻഡ്യാനയിലെ ഒരു ട്രക്ക് സ്റ്റോപ്പിന് പിന്നിൽ നിന്നു കണ്ടെത്തിയ ചോങിന്റെ ചിത്രം ഒരു സുഹൃത്താണ് ഇൻമാകുലാഡയ്ക്ക് അയച്ചുകൊടുക്കുന്നത്.

ഉടൻ തന്നെ ഇൻമാകുലാഡ ഷെൽട്ടറുമായി ബന്ധപ്പെട്ടെങ്കിലും ചെറിയൊരു നിയമതടസ്സം നേരിടേണ്ടി വന്നു. കാണാതായ വർഷങ്ങൾക്കിടയിൽ മറ്റാരോ ചോങിന്റെ ശരീരത്തിൽ പുതിയൊരു മൈക്രോചിപ്പ് ഘടിപ്പിച്ചിരുന്നു. നിയമപ്രകാരം ആ ചിപ്പിൽ വിവരങ്ങൾ ഉള്ള വ്യക്തിക്ക് മൂന്ന് ദിവസത്തെ സമയം നൽകേണ്ടതുണ്ടെന്നും, അവരിൽ നിന്ന് മറുപടി ഒന്നുമില്ലെങ്കിൽ മാത്രമേ നായയെ വിട്ടുനൽകാൻ സാധിക്കൂ എന്നും ഷെൽട്ടർ അധികൃതർ വ്യക്തമാക്കി.

എന്നാൽ, ആ സമയപരിധിക്കുള്ളിൽ ആരും അവകാശവാദവുമായി എത്തിയില്ല. തുടർന്ന് ചോങിന്റെ യഥാർത്ഥ ഉടമ ഇൻമാകുലാഡ തന്നെയാണെന്ന് ഉറപ്പുവരുത്തി അധികൃതർ അവനെ വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.

ഇൻമാകുലാഡ ഇൻഡ്യാനയിലെത്തി ചോങിനെ തിരികെ സ്വീകരിച്ചു. അഞ്ചു വർഷത്തെ വേർപിരിയലിനു ശേഷം ഇൻമാകുലാഡയെ കണ്ടപ്പോൾ ചോങ് ആദ്യം ചെറിയൊരു ആശയക്കുഴപ്പത്തിലായെങ്കിലും, നിമിഷങ്ങൾക്കകം തിരിച്ചറിഞ്ഞ് സന്തോഷത്തോടെ അവരുടെ അരികിലേക്ക് ഓടിയെത്തി. "ഒരു കാര്യത്തിലും ഒരിക്കലും പ്രതീക്ഷ കൈവിടരുത്. അഞ്ചു വർഷത്തിന് ശേഷമാണെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ ചോങിനെ തിരികെ കിട്ടി" നിറഞ്ഞ സന്തോഷത്തോടെ ഇൻമാകുലാഡ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ബജറ്റിന് പറ്റിയൊരു മുറിയുണ്ടോ എടുക്കാൻ, ജയിലിലേക്ക് യുവതിയുടെ മെസ്സേജ്!
1,290 പേർ അപേക്ഷിച്ചു, ഒരാളെപ്പോലും ജോലിക്കെടുത്തില്ല, അനുകൂലിച്ചും വിമർശിച്ചും നെറ്റിസൺസ്