ബജറ്റിന് പറ്റിയൊരു മുറിയുണ്ടോ എടുക്കാൻ, ജയിലിലേക്ക് യുവതിയുടെ മെസ്സേജ്!

Published : Jul 28, 2026, 01:56 PM IST
jail

Synopsis

യുവതിയുടെ അനുമതിയോടെ ഈ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് ജയിൽ അധികൃതർ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

വാരാന്ത്യങ്ങളിൽ യാത്ര പോകാൻ പദ്ധതിയിടുന്നവരുടെ പ്രധാന തലവേദനയാണ് അനുയോജ്യമായ താമസസ്ഥലം കണ്ടെത്തുക എന്നത്. എന്നാൽ, ഫിലിപ്പീൻസിൽ ഒരു യുവതിക്ക് പറ്റിയ അമളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. താമസിക്കാൻ ഹോട്ടൽ മുറി തിരയുന്നതിനിടെ യുവതി വാടക മുറിയുണ്ടോ എന്ന് ചോദിച്ച് സന്ദേശമയച്ചത് ഒരു വനിതാ ജയിലിലേക്കായിരുന്നു.

ഫിലിപ്പീൻസിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ബാഗിയോ സിറ്റിയിലേക്ക് യാത്ര പ്ലാൻ ചെയ്ത യുവതിക്കാണ് ഈ അബദ്ധം സംഭവിച്ചത്. പ്രദേശം സന്ദർശിക്കുന്നതിന്റെ മുന്നോടിയായി 'ബിജെഎംപി ബാഗിയോ സിറ്റി ജയിൽ ഫീമെയ്ൽ ഡോർമിറ്ററി'യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലേക്ക് ഇവർ മുറികൾ ലഭ്യമാണോ എന്ന് ചോദിച്ച് മെസ്സേജ് അയക്കുകയായിരുന്നു. തുടർന്ന്, പേജ് കൈകാര്യം ചെയ്തിരുന്ന ജയിൽ അധികൃതർ മാന്യമായി കാര്യം വിശദീകരിച്ചു. 'മാഡം, ഇതൊരു വനിതാ ജയിലാണ്' എന്നായിരുന്നു അധികൃതർ നൽകിയ മറുപടി. സന്ദേശം കണ്ടതോടെ തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ യുവതി ഉടൻ തന്നെ അധികൃതരോട് ക്ഷമാപണം നടത്തി.

യുവതിയുടെ അനുമതിയോടെ ഈ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് ജയിൽ അധികൃതർ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. 'ഒരു കാര്യം ഓർമ്മിപ്പിക്കുന്നു: ബിജെഎംപി ജയിൽ കേന്ദ്രങ്ങൾ ഹോട്ടലുകളല്ല! എങ്കിലും, തടവുകാരുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കി മനുഷ്യത്വപരമായ കെയറും നൽകാൻ ഞങ്ങൾ എപ്പോഴും ബാധ്യസ്ഥരാണ്' - ജയിൽ അധികൃതർ ഫെയ്‌സ്ബുക്കിൽ തമാശരൂപേണ കുറിച്ചു. സൗജന്യ ഭക്ഷണവും താമസവും 24 മണിക്കൂറും സുരക്ഷയും ലഭിക്കുന്ന 'ബഡ്ജറ്റ് ഓപ്ഷൻ' ആണ് യാത്രികയ്ക്ക് ലഭിച്ചതെന്ന തരത്തിൽ രസകരമായ കമന്റുകളോടെ സോഷ്യൽ മീഡിയ യൂസർമാർ സംഭവം ഏറ്റെടുത്തു കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

1,290 പേർ അപേക്ഷിച്ചു, ഒരാളെപ്പോലും ജോലിക്കെടുത്തില്ല, അനുകൂലിച്ചും വിമർശിച്ചും നെറ്റിസൺസ്
മാസങ്ങളോളം ഒരേ ഓഫീസ്, ഒരേ ജീവിതം; ആരും സ്വപ്നം കാണുന്ന ആ ജോലി രാജിവച്ച് യുവാവ്