മകന്‍ രാജ്യത്തിനായി ജീവന്‍ നല്‍കി, ഇന്ന് ഈ മാതാപിതാക്കൾ നൂറോളം കുട്ടികള്‍ക്ക് അച്ഛനും അമ്മയും

By Web TeamFirst Published Nov 22, 2019, 12:02 PM IST
Highlights

അതിന്‍റെ കീഴിൽ ദില്ലിയിലെ യമുന ഖാദർ ചേരിയിലെ നൂറോളം ദരിദ്രരായ കുട്ടികളെ 2018 ഓഗസ്റ്റ് 15 മുതൽ പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ ഇരുളടഞ്ഞ അവരുടെ ജീവിതത്തിന് പുതിയ മാനവും അർത്ഥവും ഉണ്ടായി.

ജീവനുതുല്യം സ്നേഹിച്ച മകൻ അവരെ പിരിഞ്ഞു പോയപ്പോൾ ആ മാതാപിതാക്കൾ അനുഭവിച്ച വേദനക്കും നിരാശക്കും കണക്കില്ല. പക്ഷേ, ജീവിതം ഇരുളടഞ്ഞപ്പോൾ അവർ തളർന്നില്ല. ആ തീരാനഷ്‍ടം ജീവിതത്തെ ഒരു പുതിയ കണ്ണിലൂടെ കാണാൻ അവരെ പ്രാപ്തമാക്കി. തിരിച്ചു ജീവിതത്തിലേക്ക് മടങ്ങിവരാൻ അവരെ സഹായിച്ച ഒരു കാരണമുണ്ട്. ലോകത്തിൽ ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന തിരിച്ചറിവായിരുന്നു അത്. 

2017 ഒക്ടോബർ 6 -ന് ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) ശരദ് തിവാരിക്കും സാമൂഹ്യപ്രവർത്തകയായ ഭാര്യ സവിതയ്ക്കും അവരുടെ പ്രിയപ്പെട്ട മകന്‍ സ്ക്വാഡ്രൺ ലീഡർ ഷിഷിർ തിവാരിയെ നഷ്‍ടപ്പെട്ടു. അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ നടന്ന  Mi-17 V 5 അപകടത്തിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. ആ മാതാപിതാക്കള്‍ക്ക് അത് വലിയ ആഘാതമായി. “ഓരോ വ്യക്തിയും രാഷ്ട്രത്തെ മികച്ചതാക്കാൻ സംഭാവന നൽകണമെന്ന് വിശ്വസിച്ചിരുന്ന അത്രയേറെ പ്രതിബദ്ധതയുള്ളൊരു വ്യക്തിയായിരുന്നു ഷിഷിർ” 55 -കാരിയായ സവിത മകനെ കുറിച്ച് പറയുന്നു. രാജ്യസേവനമാഗ്രഹിച്ചിരുന്ന മകന്റെ സ്വപ്നങ്ങൾ പിന്തുടർന്ന് ഗാസിയാബാദിൽ താമസിക്കുന്ന അവർ ‘Shaheed Sqn Ldr ഷിഷിർ തിവാരി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന പേരിൽ ഒരു ട്രസ്റ്റും സ്ഥാപിച്ചു. 

അതിന്‍റെ കീഴിൽ ദില്ലിയിലെ യമുന ഖാദർ ചേരിയിലെ നൂറോളം ദരിദ്രരായ കുട്ടികളെ 2018 ഓഗസ്റ്റ് 15 മുതൽ പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ ഇരുളടഞ്ഞ അവരുടെ ജീവിതത്തിന് പുതിയ മാനവും അർത്ഥവും ഉണ്ടായി. "ചേരികളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം തീരെ കുറവാണ്. അവരുടെ മാതാപിതാക്കൾ പലപ്പോഴും ചെറിയ ജോലികൾ ഏറ്റെടുക്കാൻ അവരെ നിർബന്ധിക്കുന്നു. ചേരികളിൽ മറ്റൊരു അവഗണിക്കപ്പെട്ട മേഖലയാണ് ആരോഗ്യം. ഞങ്ങളുടെ അറിവും കഴിവും ഉപയോഗിച്ച് പറ്റാവുന്ന രീതിയിൽ ഞങ്ങൾ അവിടെ ജോലി ചെയ്യാൻ തുടങ്ങി” ശരദ് പറഞ്ഞു.

അവരുടെ ശ്രമം കണ്ട് ചേരി കമ്മിറ്റി അവർക്കു ക്ലാസുകൾ എടുക്കാനുള്ള ഇടം അനുവദിച്ചു. തിവാരിയുടെ സുഹൃത്തുക്കളും കുടുംബവും സ്റ്റേഷനറി, പണം തുടങ്ങിയവ സംഭാവന ചെയ്തു. ചിലർ അവരുടെ സമയവും സന്നദ്ധ സേവനങ്ങളും വാഗ്ദാനം ചെയ്തു. ഈ അനൗപചാരിക സ്‍കൂൾ ആഴ്‍ചയിൽ അഞ്ച് ദിവസം രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നു. നിലവിൽ, ഒന്ന് മുതൽ പന്ത്രണ്ട് വരെ കുട്ടികൾ 350 പേർ ഈ സംരംഭത്തിന്‍റെ ഭാഗമാണ്. “റിക്ഷാ തള്ളുന്നവരുടെയും വീട്ടുജോലിക്കാരുടെയും കുട്ടികൾ സ്കൂൾ സമയത്തിന് ശേഷം ക്ലാസുകളിൽ പങ്കെടുക്കുന്നു. ഗൃഹപാഠത്തിൽ സഹായിക്കുകയും, കണക്ക്, സാമൂഹ്യപാഠം, ശാസ്ത്രം  എന്നിവയുൾപ്പെടെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുകയും ചെയ്യുന്ന 25 വോളന്‍റിയർമാർ ഞങ്ങളുടെ പക്കലുണ്ട്." സവിത പറയുന്നു.

എട്ടാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്സിന് ശേഷം പഠനം ഉപേക്ഷിക്കുന്ന പെൺകുട്ടികൾക്ക്, സന്നദ്ധപ്രവർത്തകർ തൊഴിൽ പരിശീലനം നടത്തുന്നു. ആരോഗ്യം, ശുചിത്വം എന്നീ മേഖലകളിൽ, ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന് വിദഗ്ധരെ ക്ഷണിച്ച് ട്രസ്റ്റ് പലപ്പോഴും സെമിനാറുകളും വർക്ക് ഷോപ്പുകളും നടത്തുന്നുണ്ട്.

ഈ ദമ്പതികൾ തങ്ങളുടെ സമയം ആ കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം നിറക്കാൻ പരിശ്രമിക്കുന്നു. നാളെ ഒരുകാലത്ത് ഈ കുട്ടികൾ അഭിഭാഷകരും , എഞ്ചിനീയർമാരും, പൈലറ്റുമാരും, പട്ടാളക്കാരും ആകും  എന്ന സ്വപ്നം കണ്ടു കൊണ്ട്... അങ്ങനെ അവരും മകനെ പോലെ ഈ രാജ്യത്തെ സേവിക്കും എന്ന പ്രതീക്ഷയിൽ.

click me!