കുണ്ഡലിനി, മൂന്നാം കണ്ണ്, താന്ത്രിക് സെക്സ്; സ്വാമി നിത്യാനന്ദയുടെ നിഗൂഢജീവിതം

By Web TeamFirst Published Nov 22, 2019, 10:44 AM IST
Highlights

 പശുക്കളെയും കാളകളെയും കൊണ്ട് സംസ്കൃതം സംസാരിപ്പിക്കാനുള്ള സോഫ്റ്റ്‌വെയർ താൻ കണ്ടുപിടിച്ചു കഴിഞ്ഞു എന്ന് സ്വാമി പ്രഖ്യാപിച്ചു.

സ്വാമി നിത്യാനന്ദ വീണ്ടും വിവാദങ്ങളുടെ നടുവിലേക്ക് നടന്നുകയറിയിരിക്കുകയാണ്. ആശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ക്രിമിനൽ കേസിൽ, ഗുജറാത്ത് പൊലീസ് നിത്യാനന്ദയെ തേടിക്കൊണ്ടിരിക്കെയാണ് സ്വാമി വിദേശത്തേക്ക് കടന്നിരിക്കുന്നു എന്ന വിവരം പൊലീസിന് കിട്ടുന്നത്. പ്രാണപ്രിയ, പ്രിയതത്വ എന്നുപേരായ സ്വാമിയുടെ അടുത്ത രണ്ടനുയായികൾ റിമാൻഡിലാണ്. രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയി ആശ്രമത്തിൽ പാർപ്പിച്ചു എന്നും, അവരെക്കൊണ്ട് ആശ്രമത്തിനായി സംഭാവന പിരിപ്പിച്ചു എന്നുമുള്ള അവരുടെ രക്ഷിതാക്കളുടെ പരാതിയിന്മേലാണ് ഗുജറാത്ത് പൊലീസ്‌ അന്വേഷണം തുടങ്ങിയിരുന്നത്.

നിത്യാനന്ദ സ്വാമി എന്ന നിഗൂഢവ്യക്തിത്വം

ആദ്യമായി എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദയുടെ പേര് വിവാദങ്ങളുടെ നിഴലിൽ പെടുന്നത് ആശ്രമത്തിൽ നിന്ന് പുറത്തുവന്ന ചില അശ്ലീല വീഡിയോകളുടെ പേരിലാണ്. അത് 2010 മാർച്ച് ആദ്യവാരത്തിലായിരുന്നു. ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന സ്വാമി നിത്യാനന്ദ പരമഹംസയും തമിഴ് നടി രഞ്ജിതയുമായിരുന്നു ആ വിവാദവീഡിയോയിൽ ഉണ്ടായിരുന്നത്. അവരിരുവരും ആ വീഡിയോ മോർഫിങ് ആണെന്ന് വാദിച്ചു എങ്കിലും, ഫോറൻസിക് പരിശോധനകളുടെ ഫലം അവർക്കെതിരായിരുന്നു.

സ്വാമിയുടെ മുൻഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ, ആ വീഡിയോകൾ റെക്കോർഡ് ചെയ്തത് താനാണ് എന്ന വാദവുമായി വന്നിരുന്നു. രഹസ്യമായി സ്ഥാപിച്ച ഒരു കാമറവഴിയാണ് അന്ന് താൻ അത് ചെയ്തത് എന്നും അയാൾ പറഞ്ഞിരുന്നു. ആശ്രമത്തിൽ സ്വാമി നിരവധി സ്ത്രീകളുമായി ബന്ധപ്പെടുന്നു എന്നറിഞ്ഞപ്പോൾ അന്നുവരെ വളരെ അടുത്ത ഒരു സ്വാമിഭക്തനായിരുന്ന ലെനിൻ സ്വാമിക്കെതിരെ തിരിയുകയായിരുന്നു.

എന്നാൽ കോടതിയും കേസും ഒക്കെ അതിന്റെ വഴിക്ക് നടക്കുകയും, രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാവുകയും ചെയ്‌തു. 2011 -ൽ ഒരു സിഐഡി അന്വേഷണം തന്നെ ഈ വീഡിയോ വിഷയത്തിൽ നടന്നെങ്കിലും, അതൊന്നും കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല.

2012 -ൽ നിത്യാനന്ദയ്‌ക്കെതിരെ അടുത്ത ആരോപണമുയരുന്നു. ഇത്തവണ ബലാത്സംഗക്കുറ്റവും, തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ചു എന്നുള്ള ആരോപണവുമാണ് ഉന്നയിക്കപ്പെട്ടത്. എന്തായാലും, അന്നും, ആരോപണമുണ്ടായപാടേ സ്വാമി മുങ്ങി. അഞ്ചുദിവസം പൊലീസ് സ്വാമിയെ തിരഞ്ഞുകൊണ്ടിരുന്നു എങ്കിലും കണ്ടുകിട്ടിയില്ല. പിന്നീട് അഞ്ചുനാൾ കഴിഞ്ഞ് കോടതിയിൽ പൊങ്ങിയ സ്വാമി അറസ്റ്റുചെയ്യപ്പെടുകയും റിമാൻഡിലാവുകയും ചെയ്തു. അതോടെ നിത്യാനന്ദയ്ക്ക് പൊതുജനമധ്യേ 'സെക്സ് സ്വാമി' എന്നൊരു ഇരട്ടപ്പേര് ചാർത്തിക്കിട്ടുന്നു.

ഈ സമയത്താണ് ആരതി റാവു എന്ന യുവതി രംഗപ്രവേശം ചെയുന്നത്. നിത്യാനന്ദസ്വാമിയുടെ ഏറ്റവും അടുത്ത ശിഷ്യയായിരുന്നു റാവു. അവർ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതായിരുന്നു. അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറഞ്ഞു. ഈ കാലയളവിൽ സ്വാമി നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു സ്വാമിയുടെ ഭീഷണി. സ്വാമി തന്നെ നിരന്തരം മർദ്ദിച്ചിരുന്നതായും ആരതി റാവു അന്ന് ആരോപിച്ചിരുന്നു. 2010 -ലെ രഞ്ജിതയുമൊത്തുള്ള സ്വാമിയുടെ വീഡിയോ എടുത്തത് താനാണെന്നും ആരതി അവകാശപ്പെടുകയുണ്ടായി.

താന്ത്രിക് സെക്സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രം പ്രവേശനം

ധ്യാനപീഠം ആശ്രമത്തിലേക്ക് പ്രവേശനം കിട്ടുന്നതിന് മുമ്പ് ഭക്തരെക്കൊണ്ട് ഒരു ഉടമ്പടിയിൽ ഒപ്പിടീക്കുമായിരുന്നു. അതിൽ ഇങ്ങനെ ഒരു നിബന്ധനയുണ്ട്. "ഭാരതത്തിന്റെ പ്രാചീന സംസ്കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ഇവിടത്തെ പരിശീലനപരിപാടികളുടെ ഭാഗമാണ്. ആശ്രമത്തിൽ ചേരുന്ന ഭക്തന്മാർക്ക് ഇക്കാര്യത്തെപ്പറ്റി നേരത്തെ തന്നെ അറിയിപ്പ് നല്കിയിട്ടുള്ളതാണ്. അവരുടെ പൂർണ്ണസമ്മതവും ഇക്കാര്യത്തിൽ ആശ്രമത്തിനുണ്ടായിരിക്കുന്നതാണ്. ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്നത, നഗ്നചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോൺസ്‌ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവരെയും പരിശീലനത്തിൽ ഉൾപ്പെടുമെന്നും ഇതിനാൽ മുൻകൂട്ടി ബോധ്യപ്പെട്ടുകൊള്ളുന്നു."

2013 -ൽ രഞ്ജിത, ആശ്രമത്തിലെ മുഴുവൻ സമയ അന്തേവാസിയായി മാറാനും, മാ ആനന്ദമയി എന്നപേരിൽ നിത്യാനന്ദയുടെ അടുത്ത ശിഷ്യയായി സന്യാസം സ്വീകരിക്കാനുമുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചിരുന്നു. പിന്നീട് കുറച്ചുകാലം മാധ്യമങ്ങളിൽ നിന്നെല്ലാം അകന്ന് വളരെ ശാന്തമായി ആ ആശ്രമം പ്രവർത്തിച്ചുപോന്നു.

2018 മുതലുള്ള ഇന്റർനെറ്റ് സെലിബ്രിറ്റി കാലം

2018 -ൽ സ്വാമി നിത്യാനന്ദ വീണ്ടും ഒരു കൾട്ട് സ്റ്റാറ്റസിലേക്ക് ഉയർന്നു. ഇന്റർനെറ്റിലൂടെ സ്വാമിയുടെ പ്രഭാഷണങ്ങൾ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു. ആ പ്രഭാഷണങ്ങളിൽ, പശുക്കളെയും കാളകളെയും കൊണ്ട് സംസ്കൃതം സംസാരിപ്പിക്കാനുള്ള സോഫ്റ്റ്‌വെയർ താൻ കണ്ടുപിടിച്ചു കഴിഞ്ഞു എന്ന് സ്വാമി പ്രഖ്യാപിച്ചു. "അയാം ഡിക്ലയറിങ്ങ് ദിസ് ആഫ്റ്റർ ടെസ്റ്റിംഗ് ദ സോഫ്റ്റ്‌വെയർ മൈസെൽഫ് യെസ്റ്റർഡേ.." സ്വാമി പറഞ്ഞു. "ആൻഡ് ഇറ്റ് ഈസ് വർക്കിങ് പെർഫക്റ്റ്‌ലി. ലെറ്റസ്‌ ഗോ ഓൺ റെക്കോർഡ്, വിത്തിൻ എ ഇയർ ഐ വിൽ എസ്റ്റാബ്ലിഷ്‌ ദിസ്.. സ്വാമി തുടർന്നു.

 

ഇത് സ്വാമി നിത്യാനന്ദയുടെ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളിൽ ആദ്യത്തേത് മാത്രമായിരുന്നു. തുടർന്നും, ട്രോളാണോ അല്ലയോ എന്ന് സംശയം തോന്നിക്കുന്ന രീതിയിൽ നിരവധി അവകാശവാദങ്ങളുമായി സ്വാമി നിത്യാനന്ദയുടെ നിരവധി വിഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു. അതിലൊന്നിൽ, "ഐ ഡിക്ലയർ ഈ ഈസ് നോട്ട് ഈക്വൽ ടു എം സി സ്‌ക്വയർ " എന്ന ഞെട്ടിക്കുന്ന പ്രസ്താവന സ്വാമിയുടെ ഭാഗത്തുനിന്നുണ്ടായ. അതെ, ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണ് എന്ന് സ്വാമി പ്രഖ്യാപിച്ചു. "എം ആൻഡ് സി ഈസ് നോട്ട് എംസി. ഇട്ട് ഈസ് യെം...സീ...." അദ്ദേഹം വിശദീകരിച്ചു. ഒരു പ്യുവർ വെജിറ്റേറിയൻ തലച്ചോറിനുമാത്രമേ താൻ ഇപ്പോൾ വിശദീകരിച്ചത് മനസ്സിലാകൂ എന്നും നിത്യാനന്ദ കൂട്ടിച്ചേർത്തു.

വരുന്ന മൂന്നുവർഷത്തേക്ക് നിങ്ങൾ ജീവനോടെ ഇരിക്കുക മാത്രം ചെയ്‌താൽ മതി എന്നായിരുന്നു സ്വാമി തന്‍റെ ശിഷ്യരോട് പറഞ്ഞത്. "യൂ ജസ്റ്റ് സ്റ്റേ അലൈവ് ഫോർ ദ നെക്സ്റ്റ് ത്രീ ഇയേഴ്സ്, ആൻഡ് ഐ വിൽ ഫൈൻഡ് യു ആൻഡ് ഓപ്പൺ യുവർ തേർഡ് ഐ " തേടിപ്പിടിച്ചു വന്ന് ശിഷ്യരുടെ മൂന്നാംകണ്ണ് തുറന്നുനല്കും എന്നായിരുന്നു വാഗ്ദാനം. "ഐ വിൽ ഡെവലപ്പ് എ പ്രോപ്പർ, ഫൊണറ്റിക്, ലിങ്കിസ്റ്റിക്-കേപ്പബിള്‍ വോക്കൽ കോഡ് ഫോർ ദ മങ്കീസ്, ലയൺസ്, ആൻഡ് ടൈഗേഴ്‌സ് വിത്തിൻ ത്രീ ഇയേഴ്സ്..." എന്നും അദ്ദേഹം തന്റെ ഭക്തർക്ക് വാക്കുനല്കി. അതോടെ നമ്മോട് സംസ്കൃതത്തിലും തമിഴിലും വ്യക്തമായി സംസാരിക്കുന്ന പശുക്കളും, കാളകളുമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം ധ്യാനത്തിന് ഒത്തുകൂടിയ ഭക്തരെ പറത്താൻ ഒരു ശ്രമവും അദ്ദേഹം നടത്തി എങ്കിലും, അത് ഫ്ലോപ്പാവുകയുണ്ടായി. അന്ന് നടി രഞ്ജിതയടക്കമുള്ള പലരും പറക്കാൻ ശ്രമിച്ച് താഴെവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

എന്തായാലും ഇത്തവണ സ്വാമി നിത്യാനന്ദയെ വിദേശത്തുചെന്നും അറസ്റ്റുചെയ്തു കൊണ്ടുവരും എന്നാണ്  ഗുജറാത്ത് പോലീസ് പറഞ്ഞിരിക്കുന്നത്. ഇതുവരെ പല കേസുകളിലും പോലീസ് അന്വേഷണവും അറസ്റ്റും ജയിൽവാസവും ഒക്കെ ഉണ്ടായിട്ടും, കോലാഹലങ്ങൾ അടങ്ങുമ്പോൾ സ്വാമി തിരികെ ആശ്രമത്തിലെത്തി പഴയ പരിപാടികൾ തുടരുന്ന അവസ്ഥയായിരുന്നു. ഈ കേസിന്റെ ഗതി എന്താവുമെന്ന് കാത്തിരുന്നുതന്നെ കാണാം. 

Read Also:

ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധരായ അഞ്ച് ആൾദൈവങ്ങൾ ഇവർ

ബിക്രം ചൗധരി, യോഗി, ഗുരു അതോ വേട്ടക്കാരനോ? ഹോട്ട് യോഗ പഠിപ്പിച്ച് കോടികളുണ്ടാക്കിയതിന് പിന്നിലെ കഥകൾ

click me!