കാമുകിയെ ആകർഷിക്കാനായി പൂന്തോട്ടമുണ്ടാക്കി, കാമുകി തിരിച്ചു വന്നില്ല, അത് പ്രണയികളുടെ പറുദീസയായി

By Web TeamFirst Published Mar 10, 2021, 4:52 PM IST
Highlights

ആ നിരാശയിൽ അദ്ദേഹം അത് നശിപ്പിച്ചിരുന്നെങ്കിൽ അസാധാരണമായ ആ പ്രണയ കഥ ലോകം ശ്രദ്ധിക്കപ്പെടാതെ പോയെന്നെ. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. 

ഇഷ്ടപ്പെടുന്ന ആളെ സ്വന്തമാക്കാനായി ഏതറ്റം വരെയും പോകാൻ തയ്യാറാവുന്ന ആളുകളുണ്ടാകും നമുക്ക് ചുറ്റും. അത്തരത്തിൽ തന്റെ മുൻ കാമുകിയെ ആകർഷിക്കുന്നതിനായി ഒരു യുവാവ് തരിശായി കിടന്ന ഒരു ഭൂമിയെ മനോഹരമായ ഒരു പൂന്തോട്ടമാക്കി മാറ്റുകയുണ്ടായി. ഒരുപാട് പണവും സമയവും അധ്വാനവും ചെലവഴിച്ചാണ് ആ ചൈനീസ് യുവാവ് തന്റെ കാമുകിക്കായി ആ പിങ്ക് പറുദീസ തീർത്തത്. പക്ഷേ കാമുകി തിരികെ വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഈ ശ്രമം ഓൺലൈനിൽ വലിയ സ്വീകാര്യത നേടി. ആ ദ്വീപ് ഇപ്പോൾ പ്രണയികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ്. കൂടാതെ അത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായും നിലനിൽക്കുന്നു. ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഹെറ്റൗ ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

തന്റെ മുൻ കാമുകിയുടെ പ്രണയം തിരിച്ചുപിടിക്കാൻ സിയാവോ സൂ ഒരു ലക്ഷത്തോളം യുവാൻ ചെലവിട്ടാണ് അത് നിർമ്മിച്ചത്. ഒരു മാസത്തിനുളളിൽ തന്റെ ഗ്രാമത്തിനടുത്തുള്ള ഒരു തരിശുഭൂമിയെ കൃത്രിമ ചെറി പുഷ്പവൃക്ഷങ്ങൾ കൊണ്ട് അലങ്കരിച്ചും, ഊഞ്ഞാലും റിവർ റോക്ക് പോലുള്ള മറ്റ് ക്രമീകരണങ്ങൾ ഒരുക്കിയും ഒരു ഫെയറിടെയിൽ ലവ് ഐലൻഡാക്കി അദ്ദേഹം മാറ്റി. അദ്ദേഹം ഒരുക്കിയ സ്വപ്ന ഭൂമി കാണാൻ കാമുകി വന്നില്ലെങ്കിലും, പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട സ്വപ്ന ഭൂമിയായി അത് ഇപ്പോൾ മാറിയിരിക്കുകയാണ്.  

ഗ്വാങ്‌ഷോ നഗരത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് 30 -കാരനായ സിയാവോ സൂ തന്റെ മുൻ കാമുകിയെ കണ്ടുമുട്ടിയത്. 2018 മുതൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞു. കഴിഞ്ഞ വർഷം പ്രായമായ മാതാപിതാക്കളെ നോക്കാനായി അദ്ദേഹത്തിന് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. നിർഭാഗ്യവശാൽ, ഗ്വാങ്‌ഷോവിൽ ജനിച്ച് വളർന്ന അവന്റെ കാമുകി നഗരജീവിതം ഉപേക്ഷിക്കാൻ തയ്യാറായില്ല. മാത്രമല്ല അവളുടെ കുടുംബവും  ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നതിനെ അംഗീകരിച്ചില്ല. അങ്ങനെ അവർ വേർപിരിഞ്ഞു. എന്നാൽ സിയാവോയെ സംബന്ധിച്ചിടത്തോളം അങ്ങനെ പെട്ടെന്ന് എല്ലാം അവസാനിപ്പിക്കാൻ സാധിച്ചില്ല. തന്റെ മുൻ പങ്കാളിയെ അദ്ദേഹം അപ്പോഴും സ്നേഹിച്ചു കൊണ്ടിരുന്നു. അവളെ മറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവളോടുള്ള തന്റെ സ്നേഹം തുറന്ന് കാണിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഡിസംബർ 20 ന്, തന്റെ വീടിനടുത്തുള്ള തടാകക്കരയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന തരിശുഭൂമിയെ തന്റെ സ്നേഹത്തിന്റെ ഒരിക്കലും മരിക്കാത്ത പ്രതീകമാക്കി മാറ്റാൻ അദ്ദേഹം തീരുമാനിച്ചു.  

അവിടെ അദ്ദേഹം ഡസൻ കണക്കിന് കൃത്രിമ പീച്ച്, ചെറി പുഷ്പവൃക്ഷങ്ങളും, പ്ലാസ്റ്റിക് പിങ്ക് ഡെയ്‌സികളും പിടിപ്പിച്ചു. പാറകളുപയോഗിച്ച് ഇടവഴികൾ ഉണ്ടാക്കി, ഊഞ്ഞാലുകൾ കെട്ടി, ഈ പിങ്ക് പറുദീസയിലേക്ക് കമാന മരപ്പാലങ്ങൾ നിർമ്മിച്ചു. നാട്ടുകാരും അദ്ദേഹത്തിന്റെ അധ്വാനത്തിൽ പങ്കുചേർന്നു. അദ്ദേഹം പണിതു തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ നാട്ടുകാർ അതിനെ ലവ് ഐലന്റ് എന്ന് വിളിക്കാൻ തുടങ്ങി. ജോലികൾ  പൂർത്തിയാക്കിയ ശേഷം, മുൻ കാമുകിക്ക് അദ്ദേഹം അതിന്റെ ഫോട്ടോകൾ അയച്ചു കൊടുത്തു. അവൾക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് അദ്ദേഹം അവളെ അറിയിച്ചു. അത് കണ്ട് അവൾക്ക് മതിപ്പു തോന്നിയെങ്കിലും, അവൻ പ്രതീക്ഷിച്ച രീതിയിലല്ല അവൾ പ്രതികരിച്ചത്. “നിങ്ങളുടെ ആത്മാർത്ഥമായ സമർപ്പണത്തിന് നന്ദി! എന്നെക്കാൾ മികച്ച ഒരാളെ നിങ്ങൾക്ക് കിട്ടും” അവൾ എഴുതി.  

ആ നിരാശയിൽ അദ്ദേഹം അത് നശിപ്പിച്ചിരുന്നെങ്കിൽ അസാധാരണമായ ആ പ്രണയ കഥ ലോകം ശ്രദ്ധിക്കപ്പെടാതെ പോയെന്നെ. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. നാട്ടുകാരും സന്ദർശകരും അതിന്റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അതോടെ  വിദൂരത്തു നിന്നു പോലും കമിതാക്കൾ ഇത് കാണാൻ വരാൻ തുടങ്ങി. താമസിയാതെ, ഗ്വാങ്‌ഡോംഗ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ പിങ്ക് ഒയാസിസിന്റെ ഫോട്ടോകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. വാർത്താ ഏജൻസികൾ അതിന്റെ കഥ റിപ്പോർട്ട് ചെയ്യാനായി വന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സിയാവോയുടെ പിങ്ക് ദ്വീപ് എണ്ണമറ്റ ഫോട്ടോ ഷൂട്ടുകൾക്കും നിരവധി വിവാഹ ചടങ്ങുകൾക്കും വേദിയായി. പ്രണയത്തിന്റെ പ്രതീകമായി ഇത് മാറി. അതിന്റെ യഥാർത്ഥ ഉദ്ദേശം നടന്നില്ലെങ്കിലും, നിസ്വാർത്ഥമായ സ്നേഹത്തിന്റെ സന്ദേശം ലോകമെമ്പാടും പകർന്ന് നൽകാൻ ലവ് ഐലന്റിന് കഴിഞ്ഞു. 

click me!