
പ്രശസ്ത ഇന്ത്യൻ പ്രൊഫസറും ശാസ്ത്രജ്ഞനുമായ ഉടുപ്പി രാമചന്ദ്ര റാവുവിന്റെ 89 -ാം ജന്മവാർഷികമായ ഇന്ന് ഗൂഗിൾ പ്രത്യേക ആനിമേറ്റഡ് ഡൂഡിലിലൂടെ അദ്ദേഹത്തിന് ആദരവ് അർപ്പിക്കുന്നു. ഇന്ത്യയുടെ സാറ്റലൈറ്റ് മാൻ എന്നറിയപ്പെടുന്ന പ്രൊഫസർ റാവു ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയർമാനുമായിരുന്നു. ഇന്ത്യയിൽ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ആളാണ് അദ്ദേഹം. ഐതിഹാസിക മനുഷ്യന്റെ 89 -ാം ജന്മദിനം ആഘോഷിക്കുന്ന ഗൂഗിൾ ഡൂഡിലിൽ ഭൂമിയുടെയും ഷൂട്ടിംഗ് നക്ഷത്രങ്ങളുടെയും പശ്ചാത്തലത്തിൽ പ്രൊഫസർ റാവുവിന്റെ രേഖാചിത്രം കാണാം.
1932 -ൽ കർണാടകയിലെ ഒരു വിദൂര ഗ്രാമത്തിലാണ് പ്രൊഫ. റാവു ജനിച്ചത്. ഡോ. വിക്രം സാരാഭായിയുടെ കീഴിൽ കോസ്മിക്-റേ ഭൗതികശാസ്ത്രജ്ഞനായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പിതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് ഡോ. വിക്രം സാരാഭായി. ഡോക്ടറേറ്റ് പൂർത്തിയാക്കിയ ശേഷം പ്രൊഫ. റാവു യുഎസിലേക്ക് പോയി. അവിടെ പ്രൊഫസറായി ജോലി ചെയ്യുകയും നാസയുടെ പയനിയർ, എക്സ്പ്ലോറർ ബഹിരാകാശ പേടകങ്ങളിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. 1966 -ൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് രാജ്യത്തിന്റെ ഉപഗ്രഹ പദ്ധതിയുടെ ചുമതല ഏറ്റെടുത്തു. 1975 -ൽ ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപണത്തിന്റെ മേൽനോട്ടം വഹിച്ചു.
1984 മുതൽ 1994 വരെ പ്രൊഫ. റാവു ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ ചെയർമാനായി തന്റെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളെ ഉയരങ്ങളിലേക്ക് നയിച്ചു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്‌എൽവി) പോലുള്ള റോക്കറ്റ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് അദ്ദേഹമാണ്. അതുപയോഗിച്ച് ഇരുന്നൂറ്റിയമ്പതോളം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. 2013 -ൽ സാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായി മാറി പ്രൊഫ. റാവു. അതേ വർഷം തന്നെ പിഎസ്‌എൽവി ഇന്ത്യയുടെ ആദ്യത്തെ ഇന്റർപ്ലാനറ്ററി ദൗത്യമായ “മംഗൾയാൻ” വിക്ഷേപിച്ചു. ഇന്ന് ചൊവ്വയെ പരിക്രമണം ചെയ്യുന്ന ഒരു ഉപഗ്രഹമാണ് അത്. ആ അതുല്യ പ്രതിഭ 2017 ജൂലൈ 24 ന് 85 -ാം വയസ്സിൽ അന്തരിച്ചു. പ്രൊഫസർ റാവുവിന് 1976 -ൽ പത്മഭൂഷനും 2017 -ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു.