
ജെഫുമായി വേർപിരിഞ്ഞപ്പോൾ ലഭിച്ച ഓഹരികളിലൂടെ കോടീശ്വരിയായി മാറിയ മെക്കൻസി സ്കോട്ട് 500 കോടിയോളം മൂല്യമുള്ള വീടുകൾ ദാനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായ മെക്കൻസി ഇതിനു മുൻപും സമാനമായ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി കോടികൾ ദാനം ചെയ്തിട്ടുണ്ട്. ലോക കോടീശ്വരനായ ജെഫുമായി വേർപിരിഞ്ഞപ്പോൾ ലഭിച്ച സ്വത്ത് വകകളിൽ ഏറിയ പങ്കും മെക്കൻസി ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആണ് വിനിയോഗിച്ചത്.
കാലിഫോർണിയ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിനാണ് തൻറെ ആഡംബര വസതികൾ അവർ വിട്ടു നൽകിയത്. 55 മില്യൺ ഡോളറിൽ അധികം വിലമതിക്കുന്ന വസതികളാണ് ഇവ. കഴിഞ്ഞ ജൂൺ മാസത്തിലാണ് തൻറെ വസതികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകുന്നതായി മെക്കൻസി അറിയിച്ചത്. വിവാഹബന്ധം വേർപ്പെടുത്തുന്നതിന് മുമ്പ് മെക്കൻസിയുടെയും ജെഫിന്റെയും പേരിലായിരുന്നു ഈ വീടുകൾ. പിന്നീട് വിവാഹബന്ധം വേർപെടുത്തിയപ്പോൾ ഓഹരികൾ വീതം വെച്ചു. ഇവ മെക്കൻസിയുടെ പേരിലേക്ക് വരികയായിരുന്നു.
രണ്ട് ആഡംബര വസതികളാണ് മെക്കൻസി വിട്ടുനൽകിയിട്ടുള്ളത്. ആദ്യത്തെ വീട് 2007 -ലും രണ്ടാമത്തെ വീട് 2017 -ലും ആയിരുന്നു കോടീശ്വര ദമ്പതികൾ സ്വന്തമാക്കിയത്. ആദ്യം വാങ്ങിയ വീടിന് 12000 ചതുര അടി വിസ്തീർണവും രണ്ടാമത് സ്വന്തമാക്കിയ വീടിന് 4500 ചതുരശ്ര അടി വിസ്തീർണ്ണവും ഉണ്ട്. രണ്ടര ഏക്കറിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ വീട് പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നതും കനേഡിയൻ ശൈലിയിൽ നിർമ്മിച്ചതുമാണ്. 7 കിടപ്പുമുറികളും ഏഴ് ബാത്റൂമുകളും ഉൾപ്പെടെയുള്ള വലിയ ആഡംബര ഭവനമാണ് ഇത്. 24.45 മില്യൺ ഡോളറിൽ അധികം വരും ഇതിൻറെ മൂല്യം. രണ്ടാമത്തെ വീടിന് 12.9 മില്യൺ ഡോളറിൽ അധികവും മൂല്യം വരും.
2019 -ൽ ആണ് ജെഫും മെക്കൻസിയും തമ്മിൽ വേർപിരിയുന്നത്. അന്ന് മാധ്യമങ്ങളിൽ ഇതു വലിയ വാർത്തയായിരുന്നു.