മാജിക് മഷ്റുമിനൊപ്പം മദ്യവും; പിന്നാലെ അമരത്വം തേടി 27 -ാം നിലയിലേക്ക് വലിഞ്ഞ് കയറി യുവാവ്, ഒടുവിൽ സാഹസിക രക്ഷപ്പെടുത്തൽ

Published : Jun 15, 2026, 03:54 PM IST
mushroom

Synopsis

മാജിക് മഷ്റൂമും മദ്യവും കഴിച്ച് ലഹരിയിലായ ചൈനീസ് യുവാവ്, അമരത്വം നേടാനായി 27-ാം നിലയിലെ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങി. പൈപ്പിലൂടെ താഴേക്ക് ഊർന്നിറങ്ങിയ ഇയാളെ 26-ാം നിലയിലുണ്ടായിരുന്ന സുഹൃത്ത് അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

 

മാജിക് മഷ്റൂമും (ലഹരി കൂൺ) മദ്യവും ഒരുമിച്ച് കഴിച്ച് ഉന്മത്തനായ യുവാവ് 27 -ാം നിലയിലെ ഫ്ലാറ്റിൽ നിന്നും ജനൽ വഴി പുറത്തിറങ്ങി. കഷ്ടതങ്ങളിൽ നിന്നും രക്ഷപ്പെട്ട് അമരത്വം തേടുന്നതിനുള്ള സ്വയം പരിശീലനമായിരുന്നെന്ന് പിന്നീട് യുവാവ് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. തെക്ക് പടിഞ്ഞാറൻ ചൈനയിലെ യുനാനിൽ താമസിക്കുന്ന സൂ എന്ന നാല്പതുകാരനാണ് മാജിക് മഷ്റൂം കഴിച്ച് സാഹസീകത കാണിച്ചത്. ജിയാൻഷൂക്കിംഗ് എന്ന ഇനം മാജിക് മഷ്റൂമാണ് സൂ കഴിച്ചത്.

27 -ാം നിലയിൽ നിന്നും അമർത്യതയിലേക്ക്

താൻ അബോധത്തിലാണ് 27 -ാം നിലയിലെ ഫ്ലാറ്റിന്‍റെ ജനൽ വഴി കയറാൻ ശ്രമിച്ചതെന്ന് സൂ പിന്നീട് പറഞ്ഞു. ഫ്ലാറ്റിന്‍റെ ജനൽ വഴി പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ഇയാൾ പൈപ്പ് വഴി കയറാൻ ശ്രമം നടത്തി. എന്നാൽ, വയറ് ഉരഞ്ഞ് ഇയാൾ താഴേക്ക് ഊർന്നു പോവുകയായിരുന്നു. ഈ സമയം 26 -ാം നിലയിലുണ്ടായിരുന്ന സൂവിന്‍റെ സുഹൃത്ത് ശബ്ദം കേട്ട് ജനലിലൂടെ നോക്കിയപ്പോൾ പൈപ്പിലൂടെ ഊർന്നുവരുന്ന സൂവിനെയാണ് കണ്ടത്. പിന്നാലെ, ഇയാൾ സൂവിനെ അതിസാഹസികമായി തന്‍റെ അപ്പാർട്ട്മെന്‍റിലേക്ക് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ചൈനീസ് നോവൽ ഫാൻറസി

രക്ഷപ്പെടുത്തിയതിന് പിന്നാലെ സൂവിനെ അടുത്തുള്ള ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ കോമയിലേക്ക് വീണു. പിന്നാലെ യുനാൻ സർവ്വകലാശാലയുമായി ബന്ധപ്പെട്ടുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് മാജിക് മഷ്റൂം ഉപയോഗിച്ചുള്ള വിഭ്രമ ചികിത്സയ്ക്ക് ഏറെ പേരുകേട്ട ഷൂ എന്ന ഡോക്ടറുടെ ചികിത്സ ലഭ്യമാക്കി. വിഷത്തിന്‍റെ വീര്യം കുറയ്ക്കാനായി സൂവിനെ നിരവധി തവണ വയറിളക്കേണ്ടിവന്നെന്ന് ഡോ. ഷൂ പറഞ്ഞു. ജിയാൻഷൂക്കിംഗ് എന്നയിനം മാജിക് മഷ്റൂമിന്‍റെ രണ്ട് ഭാഗങ്ങളാണ് സൂ കഴിച്ചത്. ആദ്യത്തെ ഭാഗം കറിവച്ച് ആദ്യ ദിവസം കഴിച്ചു. അതിന്‍റെ ലഹരി ഇറങ്ങും മുമ്പ് പിറ്റേന്ന് രാവിലെ തന്നെ രണ്ടാമത്തെ ഭാഗം സൂ മദ്യത്തോടൊപ്പം കഴിച്ചത്. ഇതോടെ ലഹരി ഇരട്ടിയാവുകയും സൂവിന്‍റെ സ്വബോധം നഷ്ടമാവുകയുമായിരുന്നെന്ന് ഡോ.ഷൂ പറഞ്ഞു. തന്‍റെ കുടുംബം തന്നെ "കഷ്ടതയെ മറികടന്ന് അമർത്യത കൈവരിക്കാൻ സ്വയം പരിശീലിപ്പിക്കാൻ" ക്ഷണിക്കുകയാണെന്ന് വിശ്വസിച്ചാണ് സൂ 27 -ാം നിലയിൽ നിന്നും വലിഞ്ഞ് കയറാൻ ശ്രമിച്ചത്. ചൈനീസ് ഫാന്‍റസി നോവലുകളിൽ പലപ്പോഴും കാണുന്ന ഒരു രീതിയാണിത്.

'നീല കൈ'

'നീല കൈ' എന്നറിയപ്പെടുന്ന വിഷക്കൂണാണ് ജിയാൻഷൂക്കിംഗ്. ഇത് മുറിച്ച് കഴിഞ്ഞാൽ കൈയിൽ നീല നിറം പടരുമെന്നതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നത്. ഇത്തരം വിഷ കൂണുകൾ 120 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റോളം വേവിച്ചാൽ മാത്രമേ വിഷമിറങ്ങി ഭക്ഷ്യയോഗ്യമാവുകയൊള്ളൂ എന്നും ഡോ. ഷ്യൂ കൂട്ടിച്ചേർത്തു. യുനാൻ പ്രവിശ്യയിൽ നിന്നും എല്ലാ വർഷവും ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഇത്തരം വിഷക്കൂണുകൾ കഴിച്ച് അവശരായ നിരവധി പേർ ആശുപത്രിയിലേക്ക് എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങളായി ജിയാൻഷൂക്കിംഗ് പാകം ചെയ്ത് കഴിക്കാറുണ്ടെന്നും എന്നാ,ൽ ഇത്തവണ ശരിയായി വേവാത്തതാണ് പ്രശ്നമായതെന്നും സുഖം പ്രാപിച്ച ശേഷം ഷൂ മാധ്യമങ്ങളോട് പറഞ്ഞു. ഈ അനുഭവം തന്നെ ഏറെ ഭയപ്പെടുത്തിയെന്നും, ഇനി ഒരിക്കലും മദ്യപിക്കുകയോ, പുകവലിക്കുകയോ, മാജിക് മഷ്റൂം കഴിക്കുകയോ ചെയ്യില്ലെന്നും ഇയാൾ പ്രതിജ്ഞ എടുത്തു. സുഹൃത്ത് കൃത്യസമയത്ത് കണ്ടില്ലായിരുന്നുവെങ്കിൽ ഷൂവിന്‍റെ 'അമരത്വം തേടിയുള്ള യാത്ര' മരണത്തിൽ അവസാനിക്കുമായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

ഊബറിൽ കയറിയപ്പോൾ ഒരു 'റൈഡ് മെനു', 4 ഓപ്ഷൻസ്; കബീർ പറഞ്ഞത് മകളുടെ സോഷ്യൽ ആങ്സൈറ്റിയുടെ കഥ!
കൊണ്ടുവന്നത് വീട്ടുജോലിക്ക്, 2 വർഷമായി ഫ്ലാറ്റില്‍ തടങ്കലിൽ, അടിമവേല ചെയ്യിച്ചു