'ഞെട്ടൽ, സന്തോഷം, ആശ്വാസം'; കാനഡയിൽ മലയാളി യുവതിയെ തേടിയെത്തിയത് 32 കോടിയുടെ ഭാഗ്യം!

Published : Nov 23, 2026, 01:49 PM IST
Sneha Joy

Synopsis

കാനഡയിലെ എഡ്മണ്ടനിൽ താമസിക്കുന്ന എറണാകുളം സ്വദേശിനി സ്നേഹ ജോയിക്ക് 32 കോടി രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചു. ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പിലൂടെയാണ് ഈ അപ്രതീക്ഷിത ഭാഗ്യം അവരെ തേടിയെത്തിയത്. സാമ്പത്തിക ബാധ്യതകൾ തീർത്ത് ലോകം ചുറ്റാനാണ് സ്നേഹയുടെ ആഗ്രഹം.

പ്രവാസലോകത്ത് മലയാളികൾക്ക് ആവേശം പകർന്ന് മറ്റൊരു ഭാഗ്യനേട്ടം കൂടി. കാനഡയിൽ താമസിക്കുന്ന എറണാകുളം സ്വദേശിനി സ്നേഹ ജോയിയെ തേടിയെത്തിയത് 5 മില്യൺ കനേഡിയൻ ഡോളറിന്‍റെ അതായത് ഏകദേശം 32 കോടി രൂപയുടെ ലോട്ടറി സമ്മാനം. ഒക്ടോബർ 21 -ന് നടന്ന 'ലോട്ടോ 6/49 ക്ലാസിക്' നറുക്കെടുപ്പിൽ ആറ് വിജയനമ്പറുകളും കൃത്യമായി ഒത്തുവന്നതോടെയാണ് സ്നേഹ ഒന്നാം സമ്മാനത്തിന് അർഹയായതെന്ന് 'എഡ്മണ്ടൻ ജേണൽ' റിപ്പോർട്ട് ചെയ്യുന്നു.

"ഞെട്ടൽ, സന്തോഷം, ആശ്വാസം"

പതിവ് പരിശോധനകളും ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ അധികൃതർ സമ്മാനത്തുക സ്നേഹയ്ക്ക് കൈമാറി. ലോട്ടറി അടിച്ചെന്ന വിവരം അറിഞ്ഞ ആദ്യ നിമിഷം അക്ഷരാർഥത്തിൽ ഞെട്ടിപ്പോയെന്നാണ് സ്നേഹയുടെ പ്രതികരണം. ജീവിതം മാറ്റിമറിച്ച ആ വലിയ വാർത്ത കേട്ടപ്പോഴുണ്ടായ മാനസികാവസ്ഥയെ വെറും മൂന്ന് വാക്കുകളിലാണ് സ്നേഹ വിവരിച്ചത് "ഞെട്ടൽ, സന്തോഷം, ആശ്വാസം".

ആദ്യം കടം വീട്ടും, പിന്നെ ലോകം ചുറ്റും

കോടികളുടെ സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ സ്നേഹയ്ക്ക് കൃത്യമായ പദ്ധതികളുണ്ട്. സാമ്പത്തിക ബാധ്യതകളിൽ നിന്ന് പൂർണമായി മുക്തയാകുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. വീടിന്‍റെ വായ്പ അടച്ചുതീർത്ത ശേഷം ലോകം ചുറ്റിക്കാണാനാണ് സ്നേഹയുടെ ആഗ്രഹം. ഇതിനൊപ്പം തന്നെ സമ്മാനത്തുകയുടെ ഒരു വിഹിതം കുടുംബാംഗങ്ങളുമായി പങ്കുവെക്കാനും സ്നേഹ തീരുമാനിച്ചിട്ടുണ്ട്.

വെങ്ങൂർ സ്വദേശിനി

എറണാകുളം ജില്ലയിലെ വെങ്ങൂർ സ്വദേശിനിയാണ് സ്നേഹ ജോയ്. വെങ്ങൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവായ പി.പി. ജോയിയുടെയും ജോളി ജോയിയുടെയും ഏക മകളാണ് സ്നേഹ. ഏകദേശം അഞ്ച് വർഷം മുമ്പാണ് മലപ്പുറം നിലമ്പൂർ സ്വദേശിയായ ഭർത്താവ് വിജിൽ വർഗീസിനൊപ്പം സ്നേഹ കാനഡയിലെ എഡ്മണ്ടനിലേക്ക് താമസം മാറിയത്.

കാനഡയിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സ്നേഹ സജീവമായിരുന്നു. 2020-ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെങ്ങൂർ ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി സ്നേഹ മത്സരിച്ചിരുന്നു. സ്നേഹയുടെ അപ്രതീക്ഷിത ഭാഗ്യനേട്ടം നാട്ടിലെ കുടുംബാംഗങ്ങൾക്കും വലിയ ആഹ്ലാദമാണ് നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തു; വൈറൽ വിഡിയോയ്ക്ക് പിന്നാലെ യുവാവ് അറസ്റ്റിൽ
ഭക്ഷണം കഴിക്കുന്നതിനിടെ ഛർദ്ദിക്കാൻ ശ്രമിച്ചു, പിന്നാലെ 27 -കാരി ഫോർക്ക് വിഴുങ്ങി! പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ