
വിവാഹാഘോഷത്തിനിടെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത യുവാവിനെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസിന്‍റെ നടപടി. ആഗ്ര പൊലീസ് കമ്മീഷണറേറ്റ് ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.
നവംബർ 20 -ന് ഗർഹി ദരിയാബ് ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് സംഭവം അരങ്ങേറിയത്. ആഘോഷത്തിന്‍റെ ഭാഗമായി യുവാവ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ പ്രചരിക്കുകയായിരുന്നു. ലൈസൻസുള്ള റിവോൾവറിൽ നിന്നാണ് ഇയാൾ വെടിയുതിർത്തതെന്ന അവകാശവാദത്തോടെയാണ് ഒരു ഉപയോക്താവ് വിഡിയോ പങ്കുവെച്ചത്.
🚨 Agra: Firing celebratory shots with a licensed revolver at a wedding and posting the video on social media has landed the accused in trouble. After the video went viral, Fatehabad.....
@agrapolice @Uppolice @DCPEastAgra
#Agra #UPPolice #UttarPradesh https://t.co/RR7PKp87cH
— RAWAL SAMAJ VOICE (AHERIYA SAMAJ VOICE) (@AHERIYAVOICE) November 22, 2026
വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഫത്തേഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വൈറൽ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പൊലീസ്, നവംബർ 20 -ന് ഗർഹി ദരിയാബ് ഗ്രാമത്തിലെ വിവാഹച്ചടങ്ങിനിടെയാണ് വെടിവയ്പ്പ് നടന്നതെന്ന് സ്ഥിരീകരിച്ചു. ഉപയോഗിച്ചത് ലൈസൻസുള്ള റിവോൾവറാണെന്നും അന്വേഷണത്തിൽ വ്യക്തമായി. പിന്നാലെ കേസെടുത്ത പൊലീസ് സംഘം, പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.
ആഘോഷവേളകളിൽ ഇത്തരത്തിൽ അപകടകരമായി ആയുധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയമനടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. നിലവിൽ അറസ്റ്റിലായ പ്രതിക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ആഗ്ര പൊലീസ് കമ്മീഷണറേറ്റ് വ്യക്തമാക്കി.
വിവാഹങ്ങളിലും മറ്റ് ആഘോഷവേളകളിലും ആകാശത്തേക്ക് വെടിയുതിർക്കുന്നത് ഇന്ത്യൻ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. ലൈസൻസുള്ള തോക്കാണെങ്കിൽ പോലും പൊതുസ്ഥലങ്ങളിലോ ആഘോഷങ്ങളിലോ മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി ആയുധം ഉപയോഗിക്കുന്നത് ആയുധ നിയമത്തിലെ (Arms Act, 1959) സെക്ഷൻ 25(9) പ്രകാരം ശിക്ഷാർഹമാണ്. ഈ കുറ്റത്തിന് രണ്ട് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.