
സ്വന്തം വീട്ടിൽ തന്നെ മോഷ്ടിക്കാൻ കേറി പൊലീസ് പിടിക്കുന്ന അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. എന്ത് ദുരന്തമായിരിക്കും അല്ലേ? എന്നാലും എന്തായിരിക്കും ഒരാൾ സ്വന്തം വീട്ടിൽ തന്നെ മോഷ്ടിക്കാൻ കയറാൻ തീരുമാനിച്ചിട്ടുണ്ടാവുക? അയാൾക്ക് അതിന് വിചിത്രമായ ഒരു കാരണമുണ്ടായിരുന്നു.
യുഎസിലെ ഫ്ലോറിഡ സ്റ്റേറ്റിൽ നിന്നുള്ള ഈ മനുഷ്യൻ തന്റെ റൂംമേറ്റിൽ നിന്ന് ഹുക്ക മോഷ്ടിക്കുന്നതിനായിട്ടാണ് സ്വന്തം വീടിനുള്ളിലെ മുറിയിൽ അതിക്രമിച്ചുകയറിയത്. ഇതേ തുടർന്നാണ് ഇയാൾ അറസ്റ്റിലായതെന്ന് ലീ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
19 കാരനായ ടൈലർ വെസ്‌ലിയെ ഫോർട്ട് മിയേഴ്‌സ് നഗരത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. അവന്റെ റൂംമേറ്റ് മോണിക്ക 911 എന്ന നമ്പറിൽ വിളിച്ച് അവനെതിരെ പരാതി പറയുകയായിരുന്നു. മോണിക്കയുടെ മുറിക്കുള്ളിൽ നിന്ന് ലീ കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തുവിട്ട സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ വെസ്ലി ക്യാമറ തുണി വച്ച് മൂടാൻ ശ്രമിക്കുന്നതും ഓടിപ്പോവുന്നതും കാണാമായിരുന്നു.
റൂറൽ ഫോർട്ട് മിയേഴ്സിലെ നൗർ പോയിന്റ് ലൂപ്പിലുള്ള വെസ്ലിയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഇത് സംഭവിച്ചത്. ഒരു ഘട്ടത്തിൽ അവന്റെ അമ്മയും അച്ഛനും മോണിക്കയെ തങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിക്കുകയായിരുന്നു. “അവൾ എന്റെ മുൻ സുഹൃത്തുക്കളിൽ ഒരാളുടെ സഹോദരിയാണ്. രണ്ട് മാസത്തേക്ക് വാടക തന്നു. പിന്നെ അത് നിർത്തി” എന്ന് വെസ്ലിയുടെ അമ്മ ആമി പച്ചെക്കോ പറഞ്ഞു. മാത്രമല്ല, അവൾ വീടാകെ അലമ്പാക്കുകയാണ് എന്നൊരു പരാതിയും പച്ചെക്കോയ്ക്ക് ഉണ്ട്.
ഏതായാലും മോണിക്ക ഉദ്യോഗസ്ഥരോട് പറഞ്ഞത് തന്റെ കയ്യിലുണ്ടായിരുന്ന പുതിയൊരു ഹുക്ക വെസ്ലി മോഷ്ടിച്ചു എന്നാണ്. എന്നാൽ, അതേ സമയം മോണിക്ക ഒരു സ്ഥിരം പ്രശ്നക്കാരി ആണെന്നും അവരുടെ മകന്റെ സ്പീക്കറടക്കം അവൾ മോഷ്ടിച്ചുവെന്നുമാണ് പച്ചെക്കോ പറയുന്നത്.
ഏതായാലും ഹുക്ക മോഷ്ടിച്ചതിന് വെസ്ലി ഇപ്പോൾ അറസ്റ്റിലാണ്.