
ഓരോ വർഷവും നടന്നു വരാറുള്ള കൻവർ യാത്രയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. നമ്മുടെ കാവടി പോലെയാണ് ഉത്തരേന്ത്യക്കാർക്ക് കൻവർ യാത്ര. നഗ്നമായ പാദങ്ങളും പുണ്യജലവുമായി ഭക്തർ നടക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ, ഇത്തവണ അതിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയ ദൃശ്യം ഒരു യുവാവിന്റേതും അയാളുടെ അമ്മയുടേതും ആയിരുന്നു.
പ്രായമായ മാതാവിനെ തന്റെ ചുമലിൽ ചുമന്നു കൊണ്ടുപോകുന്ന മകന്റേതായിരുന്നു വീഡിയോ. ന്യൂസ് ഏജൻസിയായ എഎൻഐ -യാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഹരിദ്വാറിൽ നിന്നും പകർത്തിയതാണ് വീഡിയോ. ചുമലിൽ ഒരു ഭാഗത്ത് അമ്മയെയും മറുഭാഗത്ത് ഗംഗാജലവുമാണ് യുവാവ് ചുമക്കുന്നത്. വീഡിയോയിലുടനീളം യുവാവ് അങ്ങനെ തന്നെ നടക്കുന്നത് കാണാം.
ഇവിടെ തകർത്ത് പെയ്യുന്ന മഴ, അവിടെ മഴ പെയ്യാൻ തവളകൾക്ക് കല്ല്യാണം!
യുവാവിന്റെ കൂടെ മറ്റ് ചില യുവാക്കൾ കൂടി നടക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ അടിക്കുറിപ്പിൽ ഹരിദ്വാറിൽ, ഒരു ചുമലിൽ അമ്മയേയും മറുചുമലിൽ ഗംഗാജലവുമായി നടക്കുന്ന യുവാവ് എന്ന് കുറിച്ചിട്ടുണ്ട്. ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ അനേകം പേരാണ് കണ്ടത്.
സമാനമായ ഒരു വീഡിയോ കഴിഞ്ഞ വർഷവും വൈറലായിരുന്നു. അതിൽ ഇതുപോലെ ഒരു യാത്രയിൽ ഒരു യുവാവ് ഒരു ചുമലിൽ തന്റെ അമ്മയേയും മറുചുമലിൽ തന്റെ അച്ഛനുമായിട്ടാണ് പോകുന്നത്. ഐപിഎസ് ഓഫീസറായ അശോക് കുമാറാണ് ട്വിറ്ററിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. തങ്ങളെ എല്ലാ പ്രയാസങ്ങളും സഹിച്ച് വളർത്തിയ മാതാപിതാക്കളോട് ആദരവ് കാണിക്കുന്നതിന്റെ ഉത്തമ ഉദാഹരണം എന്നാണ് ആ യുവാവിന്റെ നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
വർഷത്തിൽ നടക്കുന്ന കൻവർ യാത്ര ഈ വർഷം ജൂലൈ നാല് ചൊവ്വാഴ്ചയാണ് തുടങ്ങിയത്. ശ്രാവണമാസത്തിലെ ആദ്യത്തെ ദിവസമാണ് ഇത് തുടങ്ങുന്നത്. ജൂലൈ 15 ശനിയാഴ്ച അവസാനിക്കും.