
ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്റ്റുഡന്റ് വിസ വൈകിയതിനെത്തുടർന്ന് കഴിഞ്ഞദിവസം 23 -കാരൻ ആത്മഹത്യ ചെയ്തു. ഈ മരണത്തെ നമ്മൾ ഭയക്കേണ്ടിയിരിക്കുന്നു, ഇതൊരു മുന്നറിയിപ്പായും കാണേണ്ടിയിരിക്കുന്നു... കാരണം എന്താണെന്നല്ല? ആ 23 -കാരന്റെ ജീവിതം തന്നെ പറയും അതിനുള്ള ഉത്തരം.
ഏതെങ്കിലും വിദേശ രാജ്യത്ത് പോയി പഠനം പൂർത്തിയാക്കി നല്ലൊരു ജോലി സമ്പാദിക്കണം എന്നായിരുന്നു വികേഷ് സൈനിയുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹം. മകന്റെ ആഗ്രഹത്തിന് മാതാപിതാക്കളും പിന്തുണ നൽകി. അങ്ങനെ അവൻ മിടുക്കനായി പഠിച്ചു ബിരുദം പൂർത്തിയാക്കി. തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായ ഐ എൽ ടി എസും മികച്ച സ്കോറോട് തന്നെ പാസായി. അതോടെ വികേഷിന്റെ സ്വപ്നങ്ങൾ കൂടുതൽ ശക്തമായി. ആറുമാസങ്ങൾക്കു മുൻപ് അവൻ കാനഡയിൽ സ്റ്റുഡന്റ്സ് വിസക്ക് അപേക്ഷ സമർപ്പിച്ചു. സാധാരണഗതിയിൽ മൂന്നുമാസമാണ് സ്റ്റുഡൻസ് വിസക്കായി എടുക്കുന്ന കാലതാമസം. പിന്നീട് ഓരോ ദിവസവും വിസക്കായുള്ള കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പിൽ ദിവസങ്ങൾ മാസങ്ങളായി മാറി. മൂന്നുമാസം എന്നുള്ളത് ആറുമാസം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടയിൽ അവനോടൊപ്പവും അവനു ശേഷവും വിസക്കായി അപേക്ഷിച്ച സുഹൃത്തുക്കളിൽ പലരും രാജ്യം വിട്ടു.
ഇതോടെ വികേഷ് ആകെ തളർന്നു. അവൻ തന്നിലേക്ക് തന്നെ ഉൾവലിയാൻ തുടങ്ങി. തൻ്റെ സ്വപ്നങ്ങളൊന്നും നടക്കില്ല എന്ന് മനസ്സിൽ കരുതി. വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാതായി. മകന്റെ ഈ മാറ്റത്തിൽ മാതാപിതാക്കളും ഏറെ വേദനിച്ചു. ഒടുവിൽ എല്ലാത്തിനും ഒരു പരിഹാരം അവൻ തന്നെ കണ്ടെത്തി. അങ്ങനെ കഴിഞ്ഞ ബുധനാഴ്ച അവൻ വീട് വിട്ടിറങ്ങി. ആരോടും ഒന്നും പറഞ്ഞില്ല. ഫോൺ അടക്കമുള്ള എല്ലാ വസ്തുക്കളും വീട്ടിൽ വച്ച് തൻ്റെ മോട്ടർസൈക്കിളിൽ അവൻ വീട്ടിൽ നിന്നും ഇറങ്ങി.
വികേഷ് പെട്ടെന്ന് തന്നെ തിരിച്ചുവരുമെന്നാണ് മാതാപിതാക്കൾ കരുതിയത്. പക്ഷേ രാത്രി ഏറെ വൈകിട്ടും അവൻ വന്നില്ല. പിറ്റേന്ന് നേരം പുലർന്നിട്ടും വികേഷിനെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തിയിൽ ആയി. അവർ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് പരിശോധന ആരംഭിച്ചു. അങ്ങനെ വെള്ളിയാഴ്ച നിർവാണ ബീച്ചിന് സമീപത്തുനിന്നും അഴിച്ചുവച്ച നിലയിൽ വികേഷിന്റെ ചെരുപ്പുകളും സമീപത്തായി മോട്ടർസൈക്കിളും കണ്ടെത്തി. ബീച്ചിലും പരിസരപ്രദേശങ്ങളിലും പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ കനാലിൽ നിന്നും വികേഷിന്റെ ശരീരം കണ്ടെടുത്തു.
പക്ഷേ, ഇതിനിടയിൽ എല്ലാവരെയും ഏറെ വേദനിപ്പിച്ച മറ്റൊരു കാര്യം കൂടി സംഭവിച്ചിരുന്നു. വികേഷ് വീട് വിട്ടിറങ്ങിയതിന്റെ പിറ്റേദിവസം അതായത് വ്യാഴാഴ്ച വിസ സ്ഥിരീകരിച്ചുകൊണ്ടുള്ള മെയിൽ അവന് വന്നിരുന്നു. പക്ഷേ, അത് അവനെ അറിയിക്കും മുൻപേ അവൻ പോയിരുന്നു, വിസ വേണ്ടാത്ത നാട്ടിലേക്ക്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വികേഷിന്റെ മൃതദേഹം പൊലീസ് വീട്ടുകാർക്ക് വിട്ടുകൊടുത്തു.
കൊവിഡിന് ശേഷം വിദേശരാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിൽ വലിയ കാലതാമസമാണ് നേരിടുന്നത്. പ്രത്യേകിച്ച് കാനഡ, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലേക്ക്. ഈ കാലതാമസം ഏറെ ബാധിച്ചിരിക്കുന്നത് വിദ്യാർഥികളെയാണ്. വിസ വൈകുന്നതു മൂലം പല വിദ്യാർത്ഥികൾക്കും കൃത്യസമയത്ത് കോളേജുകളിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാതെ വരുന്നു. കൂടാതെ പണവും നഷ്ടമാകുന്നു. നിരവധി വിദ്യാർത്ഥികൾ ആണ് സ്റ്റുഡന്റ് വിസക്കായി രാജ്യത്ത് കാത്തിരിക്കുന്നത്. ഇവരിൽ പലരും ഒരുപക്ഷേ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വികേഷ് സൈനി എന്ന 23 കാരൻ കടന്നുപോയ അതേ മാനസിക അവസ്ഥകളിലൂടെ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ വികേഷിന്റെ ആത്മഹത്യയെ നമ്മൾ ഭയക്കേണ്ടിയിരിക്കുന്നു.