
കുട്ടികളെ എങ്ങനെ വളർത്തുന്നു എന്നുള്ളത് ഭാവിയിൽ അവർ എങ്ങനെ ആയിത്തീരണം എന്ന് കൂടി തീരുമാനിക്കുന്നൊരു കാര്യമാണ്. അതിനാൽ തന്നെ അവരുടെ വിദ്യാഭ്യാസത്തിലും വളർച്ചയിലും നാം എങ്ങനെ ഇടപെടുന്നു എന്നതും പ്രധാനമാണ്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടികളുടെ വളർച്ചയിലും വിദ്യാഭ്യാസത്തിലും നോർവേയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചാണ് വിനോദ് എന്ന യുവാവ് എക്സിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'നോർവേയിലെ ജീവിതം കുട്ടികളെയും അവരുടെ ക്ഷേമത്തെയും കുറിച്ചുള്ള എന്റെ ചിന്തകളെ മാറ്റിമറിച്ചു. അവിടെ കിന്റർഗാർട്ടൻ എന്നത് പഠനത്തിൽ മുന്നിലെത്താനുള്ള ഒരു സ്ഥലമല്ല, മറിച്ച് കുട്ടികൾക്ക് കുട്ടികളായിരിക്കാൻ പഠിക്കാനുള്ള ഇടമാണ്' എന്നാണ് വിനോദ് കുറിച്ചത്. നോർവേയിൽ കുട്ടികൾ വർഷം മുഴുവനും കാടുകളും മലകളും അതുപോലെയുള്ള മറ്റ് സ്ഥലങ്ങളും കണ്ടും അറിഞ്ഞും മണിക്കൂറുകളോളം പുറത്ത് ചിലവഴിക്കുന്നു. പാറകളിൽ കയറിയും, മണ്ണിൽ കളിച്ചും, കൈകൊണ്ട് സാധനങ്ങൾ ഉണ്ടാക്കിയും, പ്രകൃതിയെ പരിചരിച്ചും, വിയോജിപ്പുകളൊക്കെ സ്വയം പരിഹരിച്ചും, സ്വതന്ത്രരാവാൻ പഠിച്ചും അവർ മുന്നോട്ട് പോകുന്നു. വായനയും എഴുത്തും ഒടുവിൽ വന്നുകൊള്ളും, പക്ഷേ കുട്ടിക്കാലം തിരികെ വരില്ല എന്നാണ് വിനോദ് എഴുതുന്നത്.
എന്നാൽ, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ കണ്ട കാഴ്ച തികച്ചും വിപരീതമായിരുന്നു. മൂന്ന് വയസ്സ് തികയാത്ത പല കുട്ടികളും സ്കൂൾ ബാഗുകൾ ചുമക്കുന്നതും, അക്ഷരങ്ങൾ വരയ്ക്കുന്നതും, അക്കങ്ങൾ എണ്ണുന്നതും, വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നതുമാണ് കണ്ടത്. 'അവർ കുട്ടികളായിരിക്കുന്നതിന് പകരം അടുത്ത ക്ലാസിലേക്ക് പ്രവേശിക്കാൻ ഇപ്പോഴേ തയ്യാറെടുക്കുകയാണെന്ന് തോന്നുന്നു. ഞാനത് നോക്കിയിരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞു' എന്നും വിനോദ് കുറിച്ചു. ജീവിതത്തിലെ ആദ്യത്തെ പാഠങ്ങൾ എബിസിയോ 123ഓ ആകരുത്, മറിച്ച് ആത്മവിശ്വാസം, ദയ, പ്രതിരോധശേഷി, കൗതുകം, വെറുതെ ഒരു കുട്ടിയായിരിക്കുന്നതിന്റെ സന്തോഷം എന്നിവയായിരിക്കണം എന്നും വിനോദ് കുറിക്കുന്നു.
Living in Norway 🇳🇴 has quietly changed the way I think about children and their wellbeing.
In Norway, kindergarten isn’t seen as a place to get ahead academically. It’s where children learn to become… children.
They spend hours outdoors in every season - through snow,…— Vinod (@turiyatman) July 13, 2026
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പഠനത്തിന്റെ ഭാരവും മൊബൈൽ ഫോണുകളിലും റീലുകളിലും മുഴുകുന്നതിനും പകരം കുറച്ചുകൂടി ആക്ടീവായ കുട്ടിക്കാലമാണ് ഓരോ കുട്ടിക്കും വേണ്ടത് എന്നാണ് ഏറെപ്പേരുടെയും അഭിപ്രായം.