ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഏറ്റെടുത്ത് ചരക്കുകപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും ഇത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന് പ്രതികരിക്കുകയും ചെയ്തു. ട്രംപിന്റെ പ്രഖ്യാപനം ആഗോള എണ്ണവിലയിൽ വർധനവുണ്ടാക്കുകയും മേഖലയിലെ സംഘർഷം വർധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുകയും ചെയ്തിട്ടുണ്ട്.
മധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ആഗോള എണ്ണവ്യാപാരത്തിൽ നിർണായക സ്ഥാനമുള്ള, ഹോർമൂസിന്‍റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന ട്രംപിന്‍റെ പ്രസ്താവന ഇറാനിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. സംഘർഷം രൂക്ഷമായ നാളിൽ ഒമാനും ഇറാനും സംയുക്തമായി ഹോർമൂസ് നിയന്ത്രിക്കുമെന്നും ചുങ്കം ഏർപ്പാടാക്കുമെന്നും ഇറാൻ അറിയിച്ചിരുന്നു. എന്നാൽ, പ്രശ്നത്തിൽ ഇതാദ്യമായാണ് ട്രംപ് ഹോർമൂസ് പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
ഇനി 'രക്ഷാധികാരി' ഞങ്ങൾ
സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് ദീർഘകാലമായി അമേരിക്ക സംരക്ഷിച്ച് വരികയാണെന്നും എന്നാൽ അതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഇനി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് വഹിക്കുന്ന രീതിയിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്നുമാണ് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഒപ്പം യുഎസ് ഹോർമൂസിന്‍റെ 'രക്ഷാധികാരി' എന്ന നിലയിൽ പ്രവർത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണം അമേരിക്കയ്ക്ക് ഏറ്റെടുക്കാനാകില്ലെന്നും അത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കും പ്രാദേശിക പരമാധികാരത്തിനും വിരുദ്ധമാണെന്നും ഇറാൻ പ്രതികരിച്ചു. ഈ സുപ്രധാന സമുദ്രപാതയുടെ കാര്യത്തിൽ വിദേശ ഇടപെടൽ അംഗീകരിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഉയർന്ന് ക്രൂഡോയിൽ വില
പാകിസ്ഥാന്‍റെ നേതൃത്വത്തിലുള്ള താത്കാലിക വെടിനിർത്തൽ കരാർ ഇറാൻ ലംഘിച്ചെന്ന് അവകാശപ്പെട്ട് യുഎസ്, ഇറാനെ വീണ്ടും അക്രമിക്കുന്നതിനിടെയാണ് ട്രംപിന്‍റെ പുതിയ നീക്കമെന്നതും ശ്രദ്ധേയം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള തർക്കം കൂടുതൽ സങ്കീർണമാകുമെന്ന ആശങ്ക ശക്തമായി. ലോകത്തിലെ സമുദ്രമാർഗമുള്ള എണ്ണക്കയറ്റുമതിയുടെ വലിയൊരു വിഹിതം ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഏത് സുരക്ഷാ പ്രതിസന്ധിയും അന്താരാഷ്ട്ര ഊർജവിപണിയെ നേരിട്ട് ബാധിക്കുമെന്ന് ഇതിനകം വ്യക്തമായതാണ്. ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവിലയിൽ ഉയർച്ച രേഖപ്പെടുത്തിയതായും അന്താരാഷ്ട്ര വിപണികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മുന്നറിയിപ്പുമായി വിദഗ്ദർ
ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷയുടെ പേരിൽ അമേരിക്ക ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നത് മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്ന് വിവിധ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന നിലപാടിലാണ് അമേരിക്ക. അമേരിക്കയുടെ പുതിയ പ്രഖ്യാപനത്തിന് ശേഷം മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിക്കുമോയെന്നും സമുദ്ര പാതകളിൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുമോയെന്നും ആഗോളതലത്തിൽ ആശങ്ക ഉയർന്നു. നയതന്ത്രപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാകുമോയെന്നതാണ് ഇനി അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.


