ഇതൊക്കെയാണ് മോനേ പ്രേമത്തിലെ ഡെഡിക്കേഷൻ, കനത്ത ട്രാഫിക്കിലും യുവാവിന് വഴി മാറിക്കൊടുത്ത് ഡ്രൈവർമാർ, കാരണമുണ്ട്!

Published : Mar 04, 2026, 07:25 PM IST
china traffic

Synopsis

ചൈനയിൽ, തന്റെ പ്രണയിനിയെ കണ്ട് വിവാഹാഭ്യർത്ഥന നടത്താൻ 26 -കാരനായ യുവാവ് കനത്ത ട്രാഫിക്കിലൂടെ കാറോടിച്ചത് 932 കിലോമീറ്റർ ദൂരം. എന്നാല്‍, കാറില്‍ പതിച്ച ബാനര്‍ കണ്ടതോടെ ഡ്രൈവര്‍മാര്‍ വഴിമാറിക്കൊടുത്തു. 

പുതുവത്സരാഘോഷങ്ങളുടെയും മറ്റും ഭാ​ഗമായി ചൈനയിലെ ഏറ്റവും തിരക്കേറിയ സമയമാണ് ഇത്. ആ സമയത്താണ് ഒരു ചുവന്ന ബാനറും വണ്ടിയിലൊട്ടിച്ച് ഒരു യുവാവ് കിലോമീറ്ററുകൾ താണ്ടി ഒരു യാത്ര നടത്തിയത്. ആ യാത്രയാണ് ഇപ്പോൾ ചൈനീസ് മാധ്യമങ്ങളിൽ വാർത്തയായി മാറുന്നത്. തന്റെ പ്രണയിനിയെ കണ്ട് വിവാഹാഭ്യർത്ഥന നടത്താൻ വേണ്ടി ഈ യുവാവ് ഡ്രൈവ് ചെയ്തത് 932 കിലോമീറ്റർ ദൂരമാണ്. 26 -കാരനായ ടാൻ എന്ന യുവാവാണ് പ്രണയിനിക്ക് വേണ്ടി ഇങ്ങനെ ഒരു യാത്ര നടത്തിയത്. മറ്റ് ഡ്രൈവർമാർ ഇയാളുടെ വാഹനത്തിന് പോകാനായി വഴി മാറി കൊടുത്തത്രെ.

ചൈനയിലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട 'ചുൻയുൻ' എന്ന തിരക്കേറിയ സമയത്തായിരുന്നു ടാന്റെ ഈ സാഹസിക യാത്ര. കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്ക് മറികടക്കാൻ ടാൻ തന്റെ കാറിന്റെ പിൻഗ്ലാസിൽ ഒരു ചുവന്ന ബാനറും പതിപ്പിച്ചു. അതിൽ എന്താണ് എഴുതിയിരുന്നത് എന്നല്ലേ? 'സഹോദരന്മാരേ, എന്നെ ഒന്ന് കടന്നുപോകാൻ അനുവദിക്കൂ. എന്റെ ജീവിതത്തിന്റെ പ്രണയത്തോട് വിവാഹാഭ്യർത്ഥന നടത്താൻ വേണ്ടി ഞാൻ ഗുയിഷൗവിലേക്ക് പോവുകയാണ്'.

ഈ ബാനർ കണ്ടതോടെ മറ്റ് യാത്രക്കാർ ടാന് വേണ്ടി വഴി മാറിക്കൊടുത്തു. കനത്ത ട്രാഫിക് ആയിരുന്നിട്ടുപോലും പലരും അതൊന്നും ​ഗൗനിക്കാതെയാണ് ഈ വഴിമാറിക്കൊടുക്കൽ നടത്തിയത്. ചിലർ ഹോണടിച്ചും കൈവീശിയും യുവാവിനെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല. വലിയ ഗതാഗതക്കുരുക്കിനിടയിൽ സമീപത്തുണ്ടായിരുന്ന ഒരു കാറിൽ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങി വന്ന് ടാന് ആശംസകൾ നേരുക വരെ ചെയ്തു.

പന്ത്രണ്ടര മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ടാൻ തന്റെ ലക്ഷ്യസ്ഥാനത്തെത്തി. സർപ്രൈസായിട്ടായിരുന്നു ടാന്റെ യാത്ര. അതിനാൽ തന്നെ കാമുകിക്ക് ഇതേക്കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നത്രെ. യൂണിവേഴ്സിറ്റി പഠനകാലം മുതൽ നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്തായാലും കാമുകി ടാന്റെ വിവാഹാഭ്യർത്ഥനയ്ക്ക് 'യെസ്' ആണ് പറ‍‌ഞ്ഞത്. ടാന്റെ കഥ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കയാണ് ചൈനയിൽ.

PREV
Read more Articles on
click me!

Recommended Stories

ഓരോ ബിസിനസ് ഐഡിയകളേ; സമ്പാദിച്ചത് ലക്ഷങ്ങൾ, ജോലി ഉടമകളില്ലാത്ത സമയത്ത് പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കൽ!
18 വർഷം പഴക്കമുള്ള ഫ്ലാറ്റിന് 2 കോടി! ഡീൽ ലാഭകരമോ? ഫ്ലാറ്റ് വാങ്ങണോ? സംശയവുമായി യുവാവ്