
താനോടിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് ഭാര്യ മരിച്ചു, തുടർന്ന് സ്വന്തം പേരിൽ കേസ് കൊടുത്ത് 55 -കാരനായ അധ്യാപകൻ. തെരുവുനായ വണ്ടിക്ക് മുന്നിൽ ചാടിയതിനെ തുടർന്നാണ് ഇയാൾ കാർ വെട്ടിച്ചത്. പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബാരിക്കേഡുകളിലിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന ഇയാളുടെ ഭാര്യ മരിക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് സബർകാന്തയിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ കാറോടിച്ചിരുന്ന പരേഷ് ദോഷി എന്ന അധ്യാപകനാണ് തനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്.
അപകടം നടക്കുന്ന സമയത്ത് അംബാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു ദോഷിയും ഭാര്യ അമിതയും. ഖേരോജ്-ഖേദ്ബ്രഹ്മ ഹൈവേയിൽ ദാൻ മഹുദി ഗ്രാമത്തിന് സമീപത്തെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്. നായയെ ഇടിക്കാതിരിക്കാൻ വണ്ടി തെറ്റിച്ചപ്പോൾ ബാരിക്കേഡുകളിൽ ചെന്നിടിക്കുകയായിരുന്നു. എഫ്‍ഐആറിൽ അദ്ദേഹം പറയുന്നത്, വാഹനമോടിക്കുന്നതിനിടെ താൻ കാണിച്ച ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും ഭാര്യ മരിക്കുന്നതിനും കാരണമായത് എന്നാണ്.
ദോഷി പോലീസിനോട് പറഞ്ഞത് ഇങ്ങനൊയണ്, "ഞാനും ഭാര്യയും ഞായറാഴ്ച നേരത്തെ തന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടിരുന്നു. ഉച്ചയോടെയാണ് അംബാജി ക്ഷേത്രത്തിലെത്തിയത്. അപ്പോഴേക്കും ക്ഷേത്രം അടച്ചിരുന്നു. ഒന്നരവരെ കാത്തിരുന്ന് പ്രാർത്ഥിച്ചിട്ടാണ് പിന്നെ ഞങ്ങൾ മടങ്ങിയത്. സുക അംബ ഗ്രാമത്തിലേക്കായിരുന്നു ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്. ആ സമയത്താണ് ഒരു തെരുവ് നായ മുന്നിൽ വന്ന് ചാടിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അത് റോഡരികിലെ തൂണുകളിലും ബാരിക്കേഡുകളിലും ചെന്നിടിച്ചു.
അമിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ലോക്ക് കാരണം ഇരുവരും വാഹനത്തിൽ കുടുങ്ങിപ്പോയി. അടുത്തുള്ളവരെല്ലാം ഓടിക്കൂടി. അമിതയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു."
തന്റെ അമിതവേഗതയും അശ്രദ്ധയുമാണ് അമിതയുടെ മരണത്തിന് കാരണമായത് എന്ന് കാണിച്ചാണ് ഇയാൾ സ്വയം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം