സർക്കാർ ജോലി പോകുമോ എന്ന ഭയം, ജീവനക്കാരൻ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നു

Published : Jan 24, 2023, 09:38 AM IST
സർക്കാർ ജോലി പോകുമോ എന്ന ഭയം, ജീവനക്കാരൻ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിൽ എറിഞ്ഞ് കൊന്നു

Synopsis

മേഘ്‍വാളിനും ഭാര്യയ്ക്കും നേരത്തെ തന്നെ രണ്ട് കുട്ടികളുണ്ട്. എന്നാൽ, മൂന്നാമതൊരു കുട്ടി കൂടി ഉണ്ടായതോടെ മേഘ്‍വാളിന് ആശങ്കയായി.

ഓരോ സർക്കാറുകൾക്കും ഓരോ നയമുണ്ട്. എന്നാൽ, ആരെങ്കിലും സർക്കാർ നയത്തെ ഭയന്ന്, സ്വന്തം കാര്യം സുരക്ഷിതമാക്കാൻ വേണ്ടി കുഞ്ഞുങ്ങളെ കൊല്ലുമോ? ഇല്ല എന്ന് തറപ്പിച്ച് പറയാൻ സാധിക്കില്ല. അങ്ങനെ ചെയ്യുന്നവരും ഉണ്ട്. രാജസ്ഥാനിൽ ഒരാൾ തന്റെ ജോലി സുരക്ഷ ഉറപ്പാക്കാൻ വെറും അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞു. 

36 -കാരനായ ജവർലാൽ മേഘ്‍വാളും ഭാര്യയും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്. മൂന്ന് മക്കളുള്ളതിനെ തുടർന്ന് തനിക്ക് ജോലി നഷ്ടപ്പെ‌ടുമോ എന്ന ഭയമാണത്രെ മേഘ്‍വാളിനെ കൊണ്ട് ഇത് ചെയ്യിച്ചത്. രാജസ്ഥാൻ സർക്കാരിന് കീഴിലെ ഒരു കരാർ ജീവനക്കാരനാണ് ഇയാൾ. സർക്കാർ രണ്ട് കുട്ടി നയമാണ് പിന്തുടരുന്നത്. മേഘ്‍വാളാണെങ്കിൽ എങ്ങനെയെങ്കിലും ജോലി സ്ഥിരമാകണം എന്ന് ആ​ഗ്രഹിക്കുന്ന ഒരാളും ആണ്. 

ഞായറാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം നടന്നത്. ഛത്തർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കനാലിൽ ദമ്പതികൾ കുഞ്ഞിനെ വലിച്ചെറിഞ്ഞതായി പിടിഐ -യാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ദമ്പതികൾ ഇരുവരും കുഞ്ഞിന്റെ കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടു. 

മേഘ്‍വാളിനും ഭാര്യയ്ക്കും നേരത്തെ തന്നെ രണ്ട് കുട്ടികളുണ്ട്. എന്നാൽ, മൂന്നാമതൊരു കുട്ടി കൂടി ഉണ്ടായതോടെ മേഘ്‍വാളിന് ആശങ്കയായി. തന്റെ ജോലി സ്ഥിരമാകുന്നതിനെ ഇത് ബാധിക്കുമോ എന്നായിരുന്നു ആശങ്ക. രാജസ്ഥാൻ സർക്കാരിന്റെ നയപ്രകാരം മൂന്നാമത് കുട്ടി ജനിച്ചാൽ ജീവനക്കാരൻ നിർബന്ധിതമായി വിരമിക്കണം എന്നാണ് പറയുന്നത്. 

"മകളെ കൊലപ്പെടുത്തിയതിന് തിങ്കളാഴ്ചയാണ് ഈ ദമ്പതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സർക്കാർ ജോലി സ്ഥിരപ്പെടുന്നതിന് വേണ്ടിയാണ് പ്രതിയും ഭാര്യയും ഈ കൃത്യം ചെയ്തത്" എന്ന് ബിക്കാനീർ പൊലീസ് സൂപ്രണ്ട് യോഗേഷ് യാദവ് പറഞ്ഞു. ജവർലാൽ മേഘ്‌വാളിനും ഭാര്യ ഗീതാ ദേവിക്കും എതിരെ ഐപിസി 302, 120 ബി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!