
കഴിഞ്ഞ കുറേ മാസങ്ങളായി ലെബനനിൽ കടുത്ത സാമ്പത്തിക നിയന്ത്രണമാണ്. അതിനിടയിൽ സ്വന്തം സമ്പാദ്യം പിൻവലിക്കാനായി ബാങ്കിലെത്തിയ ഒരാൾക്ക് അത് പിൻവലിക്കാനായില്ല. അതേ തുടർന്ന് അയാൾ ബാങ്കിലെ ജീവനക്കാരെ ബന്ദികളാക്കി പണം ആവശ്യപ്പെട്ടു. ഹംറ സ്ട്രീറ്റിനടുത്തുള്ള ബാങ്കിലാണ് സംഭവം നടന്നത്.
42 -കാരനായ ബസാം അൽഷൈഖ് ഹുസൈനാണ് മണിക്കൂറുകളോളം ബാങ്ക് ഉദ്യോഗസ്ഥരെ തോക്കിൻമുനയിൽ നിർത്തിയത്. കുടുംബാംഗത്തിന്റെ ആശുപത്രി ബില്ലിനുള്ള പണം കണ്ടെത്താനായിട്ടാണത്രെ ഇയാൾ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയത്. തന്റെ സമ്പാദ്യമായ 210,000 ഡോളർ ബാങ്കിലുണ്ടായിരുന്നു. അതിന്റെ ഒരു ഭാഗമായിരുന്നു പിൻവലിക്കേണ്ടിയിരുന്നത്. എന്നാൽ, ബാങ്കിംഗ് ഇടപാടുകളിലെ നിയന്ത്രണം കാരണം അത് പിൻവലിക്കാനായില്ല. ഫിക്സഡ് ഡെപ്പോസിറ്റുകളെല്ലാം മരവിപ്പിച്ചിരിക്കുകയുമാണ്. വളരെ കുറച്ച് ഇടപാടുകാർക്ക് മാത്രമാണ് ടോക്കൺ അടിസ്ഥാനത്തിൽ പണം പിൻവലിക്കാനാവുന്നത്.
ഈ സാഹചര്യത്തിൽ ബസാമിനും തന്റെ പണം പിൻവലിക്കാനായില്ല. ഇതേ തുടർന്നാണ് ഇയാൾ ഉദ്യോഗസ്ഥരെ തോക്കിൻമുനയിൽ നിർത്തിയത്. ഏഴ് മണിക്കൂറാണ് ഇയാൾ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കിയത്. തുക തരാതെ താൻ പിന്മാറാൻ ഒരുക്കമല്ല എന്നും ഇയാൾ വ്യക്തമാക്കി. തുടർന്ന് വലിയ വിലപേശൽ തന്നെ ഉണ്ടായി. ഒടുവിൽ സമ്പാദ്യത്തിൽ നിന്നും 35,000 ഡോളർ എടുക്കാം എന്ന് തീരുമാനമായി. അങ്ങനെയാണ് ഇയാൾ പൊലീസിന് കീഴടങ്ങിയത്.
ഇതേ സമയം ഈ സംഭവം ബാങ്കിനകത്തും പുറത്തും നാടകീയാവസ്ഥയുണ്ടാക്കി. യുവാവിനെ പിന്തുണച്ച് കൊണ്ടും നിരവധിപ്പേർ രംഗത്തെത്തി. പലരും അയാൾക്ക് പിന്തുണ വിളിച്ചറിയിക്കുകയുമുണ്ടായി. 'നിങ്ങൾ ഹീറോയാണ്' എന്നും പലരും പറയുന്നുണ്ടായിരുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അതേസമയം ബസാമിന്റെ ഭാര്യ 'അവൻ ചെയ്യേണ്ടത് ചെയ്തു' എന്ന് സംഭവത്തോട് പ്രതികരിച്ചുവത്രെ.
ലെബനൻ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. കറൻസിക്ക് മൂല്യത്തിന്റെ 90 ശതമാനവും നഷ്ടപ്പെട്ടു. ഗോതമ്പിനും മരുന്നിനും ക്ഷാമമുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.