ഗ്രാമജീവിതം സ്വപ്നജീവിതമെന്ന് കരുതി ദില്ലി വിട്ട് മണാലിക്ക് വണ്ടി കയറി; 71 ദിവസത്തിന് ശേഷം മടങ്ങി, കാരണം

Published : Aug 18, 2026, 11:47 AM IST
village life in manali

Synopsis

നഗരജീവിതം മടുത്ത് ഇൻസ്റ്റഗ്രാം റീലുകളിൽ ആകൃഷ്ടനായി മണാലിയിലെ ഗ്രാമത്തിലേക്ക് താമസം മാറിയ ദില്ലി സ്വദേശിയായ കണ്ടന്‍റ് ക്രിയേറ്ററുടെ അനുഭവമാണ് ഈ ലേഖനം. 71 ദിവസത്തെ താമസത്തിന് ശേഷം, കുറഞ്ഞ ജീവിതച്ചെലവ് ഗുണകരമായിരുന്നെങ്കിലും നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, മോശം റോഡുകൾ, ഏകാന്തത തുടങ്ങിയ വെല്ലുവിളികൾ കാരണം അദ്ദേഹം ദില്ലിയിലേക്ക് മടങ്ങി.

'നഗരജീവിതത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി മലനിരകളുടെ ശാന്തതയിൽ കഴിയുന്നതിൽപരം ഒരു ജീവിതത്തിൽ മറ്റെന്താണ് പ്രധാനമെന്ന്', മനോഹരമായ ഒരു മലയുടെയും അരുവിയുടെയും പശ്ചാത്തലത്തിലിരുന്ന് ഒരാൾ പറയുമ്പോൾ 'അത് ശരിയാണല്ലോ' എന്ന് തോന്നുന്നത് സ്വാഭാവികമാണ്. കാരണം നഗരത്തിലെ മടുപ്പിക്കുന്ന ഗതാഗത കുരുക്കും, മാലിന്യവും ചൂടും എല്ലാം കൊണ്ട് ആകെ മടുത്തിരിക്കുമ്പോഴാകും ഇത്തരമൊരു റീൽ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് തന്നെ. എന്നാൽ, ആ റീലിന് പിന്നാലെ പോയാലോ? അത്തരമൊരു റീലിന് പിന്നാലെ പോയ ദില്ലി യുവാവിന്‍റെ അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കുറച്ച് ദിവസങ്ങൾ അത്തരമൊരു സ്ഥലത്ത് ചെലവഴിക്കുന്നതും അവിടെ താമസിക്കുന്നതും രണ്ട് അനുഭവങ്ങളാണെന്നാണ് യുവാവിന്‍റെ അനുഭവപാഠം.

ഗ്രാമജീവിതം അറിയാൻ...

ദില്ലി സ്വദേശിയായ ജെൻ സി കണ്ടന്‍റ് ക്രിയേറ്റർ അജയ് ശർമ മെയ് 23 -നാണ് അത്തരമൊരു ആശയം തലയ്ക്ക് പിടിച്ച് മണാലിയിലെ സിയാൽ ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. ഒടുവിൽ 71 ദിവസത്തെ താമസത്തിന് ശേഷം അജയ്, ദില്ലിയിലെ മടുപ്പിക്കുന്ന തിരക്കിലേക്കുതന്നെ തിരിച്ചെത്തി. ഹിമാലയ താഴ്വാരയിലെ ജീവിതം നേരിട്ട് അനുഭവിക്കാനും, അവിടെ താമസിച്ച് ജോലി ചെയ്യുന്നത് അവധിക്കാല യാത്രയോളം മനോഹരമാണോയെന്ന് മനസ്സിലാക്കാനായിരുന്നു അജയ്‌യുടെ തീരുമാനം. ഇൻസ്റ്റഗ്രാമിലൂടെ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച അദ്ദേഹം ഏകദേശം 55 വീഡിയോകളാണ് ഇതിനിടെ പുറത്തിറക്കിയത്. പരിചയമില്ലാത്ത സ്ഥലത്തെത്തിയെങ്കിലും പിന്നീട് മലനിരകളും വഴികളും തനിക്ക് വീടുപോലെ തോന്നിത്തുടങ്ങിയെന്നും അവിടെ മറക്കാനാകാത്ത ഓർമകൾ ലഭിച്ചെന്നും അജയ് പറയുന്നു.

ചെലവ് കുറവ്, പക്ഷേ...

ജീവിതച്ചെലവ് താരതമ്യേന കുറവായിരുന്നു. വൈഫൈയും വൈദ്യുതിയും ഉൾപ്പെടെ ഒറ്റമുറി ഫ്ലാറ്റിന്‍റെ വാടക മാസം 14,000 രൂപ. പലപ്പോഴും സ്വന്തമായി പാചകം ചെയ്തതിനാൽ പലചരക്ക് സാധനങ്ങൾക്ക് ഏകദേശം 3,500 രൂപ ചെലവായി. ഇടയ്ക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തിനും ജിം അംഗത്വത്തിനും തുക മാറ്റിവെച്ചിട്ടും മൊത്തം മാസച്ചെലവ് ഏകദേശം 21,000 രൂപ മാത്രമായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെ എല്ലാം എളുപ്പമായിരുന്നില്ല. ഇടയ്ക്കിടെ നെറ്റ്‌വർക്ക് തടസ്സപ്പെടുക, പെട്ടെന്ന് മഴയെത്തുക, മോശം റോഡുകൾ, മൺസൂൺ കാലത്തെ ബുദ്ധിമുട്ടുകൾ, നിരവധി സ്ഥലങ്ങളിലേക്കുള്ള കുത്തനെയുള്ള ദീർഘനടത്തം എന്നിവ പതുക്കെ പ്രശ്നമായിത്തുടങ്ങി. ഒറ്റയ്ക്ക് താമസിച്ച് പാചകവും മറ്റ് കാര്യങ്ങളും സ്വയം കൈകാര്യം ചെയ്യേണ്ടിവന്നതും ചിലപ്പോഴൊക്കെ ഏകാന്തത അനുഭവപ്പെടുന്നതും തിരിച്ചുവരാനുള്ള തീരുമാനത്തെ ഏറെ സ്വാധീനിച്ചെന്ന് അജയ് പറയുന്നു. തന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നായിരുന്നു സിയാലിലെ ജീവിതമെന്ന് അജയ് അവകാശപ്പെട്ടു. എന്നാൽ, ആ അനുഭവം നൽകുന്ന പ്രധാന പാഠം, മലനിരകളെ സന്ദർശിക്കുന്നതും അവിടെ ജീവിക്കുന്നതും തമ്മിലുള്ള വലിയ വ്യത്യാസമാണ്. ദില്ലിയിൽ തിരിച്ചെത്തിയ അജയ് ഇപ്പോൾ മറ്റൊരു പുതിയ അനുഭവമായി കടൽത്തീര ജീവിതം പരീക്ഷിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

എഴുതിയ രണ്ട് തവണയും ജെഇഇ തോറ്റു; പിന്നാലെ യൂട്യൂബിലൂടെ പ്രോഡക്റ്റ് ഡിസൈൻ പഠിച്ചു, ഇന്ന് മാസം 2 ലക്ഷം വരുമാനം; കുറിപ്പ് വൈറൽ
'രാവിലെ 9 മണിക്ക് കോടതിയിൽ പോകാൻ പറ്റില്ല, ജിമ്മിൽ പോണം'; ഇന്റേണിന്റെ മറുപടി ഇങ്ങനെയെന്ന് അഭിഭാഷക