
സോഷ്യൽ മീഡിയയിൽ ഇന്ന് വളരെ സജീവമാണ് പൊലീസ്. പല കാര്യങ്ങളിലും അവബോധമുണ്ടാക്കാനും ജനങ്ങളുടെ സഹായം തേടാനും ഒക്കെ പൊലീസ് സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്താറുണ്ട്. അതുപോലെ തന്നെ ഡെൽഹി പൊലീസും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അടുത്തിടെ അവരുടെ പോസ്റ്റിന് ഒരു യുവാവ് നൽകിയ കമന്റും അതിന് പൊലീസ് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് തികച്ചും വിചിത്രമെന്ന് തോന്നുന്ന ആവശ്യം ഒരു യുവാവ് പൊലീസിനോട് ഉന്നയിച്ചത്. ഫെബ്രുവരി 22 -ന് ഡൽഹി പൊലീസ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായിട്ടായിരുന്നു യുവാവിന്റെ അഭ്യർത്ഥന. റേഡിയോ മിർച്ചിയിലെ ആർജെ നവേദ് ആയിരുന്നു വീഡിയോയിൽ. ജനങ്ങളെ സേവിക്കാൻ എന്നും പ്രതിജ്ഞാബദ്ധരാണ് ഡെൽഹി പൊലീസ് എന്നും എമർജൻസി സാഹചര്യങ്ങളിൽ 112 -ലേക്ക് വിളിക്കാം എന്നുമായിരുന്നു വീഡിയോയിൽ പറയുന്നത്.
അതിന് മറുപടിയായി ഹിമാൻഷു എന്ന യുവാവ് പറഞ്ഞത്, 'ലോൺലി ഹേർട്ട് സിൻഡ്രോം (Lonely Heart Syndrome) കൊണ്ട് താനാകെ തളർന്നിരിക്കുകയാണ്, അതിനാൽ തനിക്ക് ഒരു സോൾമേറ്റിനെ കണ്ടെത്താൻ സഹായിക്കണം' എന്നാണ്. അതിനാണ് ഡെൽഹി പൊലീസ് മറുപടി നൽകിയിരിക്കുന്നത്. 'സുഹൃത്തേ, ഇത് ഒരു 'സോളോ' സെർച്ചിങ് ആണെന്ന് തോന്നുന്നു! ഞങ്ങൾക്ക് ' സോൾമേറ്റി' നെ തിരയുന്നതിനേക്കാൾ കൂടുതൽ വൈദഗ്ദ്ധ്യം കുറ്റവാളികളെ പിടികൂടുന്നതിലാണ്' എന്നായിരുന്നു ഡെൽഹി പൊലീസിന്റെ മറുപടി.
എന്തായാലും, ഈ കമന്റും പൊലീസിന്റെ റിപ്ലൈയും വലിയ രീതിയിലാണ് എക്സിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. എന്തായാലും, യുവാവിന് പറ്റിയ മറുപടി തന്നെയാണ് നൽകിയത് എന്നാണ് പലരും കമന്റ് നൽകിയത്.
ഒരിക്കലും മറക്കാതിരിക്കാനൊരു കിടിലൻ സർപ്രൈസ്; വധുവിനെ കാണാൻ പാട്ടും ഡാൻസുമായി തലേദിവസം വരൻ