
ഓൺലൈനായി ഒരുലക്ഷം രൂപയോളം വിലമതിക്കുന്ന ക്യാമറാ ലെൻസ് ഓർഡർ ചെയ്ത ആൾക്ക് കിട്ടിയത് കീൻവ സീഡ്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായി തുടരുന്നതിനിടയിലാണ് മറ്റൊന്നും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആമസോണിൽ നിന്ന് 90,000 രൂപ വിലമതിക്കുന്ന ഫോട്ടോഗ്രാഫി ലെൻസ് ഓർഡർ ചെയ്ത ആൾക്കാണ് ഇപ്പോൾ കീൻവ സീഡ് പാഴ്സലായി ലഭിച്ചിരിക്കുന്നത്.
അരുൺ കുമാർ മെഹർ എന്നയാളാണ് സിഗ്മ 24-70 എഫ് 2.8 ലെൻസ് ആമസോൺ വഴി ഓർഡർ ചെയ്തത്. പക്ഷേ കയ്യിൽ കിട്ടിയ പായ്ക്കറ്റ് തുറന്നു നോക്കിയപ്പോൾ കണ്ടതാകട്ടെ കീൻവ സീഡ്സും. താൻ ചതിക്കപ്പെട്ടതായി ആരോപിച്ച് ഇപ്പോൾ ആമസോണിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അരുൺ കുമാർ മെഹർ.
കള്ളനെ ഇങ്ങനെ പറ്റിക്കാമോ? കൊള്ളയടിക്കാൻ ബാങ്കിൽ കയറിയ കള്ളനെ തന്ത്രപൂർവ്വം കുടുക്കി കാഷ്യർ
ട്വിറ്ററിലൂടെയാണ് താൻ തട്ടിപ്പിനിരയായ വിവരം ഇദ്ദേഹം പുറത്തുവിട്ടത്. തനിക്ക് ലഭിച്ച വസ്തുവിന്റെ ചിത്രവും മെഹർ തന്റെ ആദ്യ ട്വീറ്റിൽ അറ്റാച്ച് ചെയ്തു. ബ്രാൻഡ് നാമം കണ്ടത് അനുസരിച്ച് കീൻവ സീഡുകൾ സൂക്ഷിച്ചിരുന്ന പെട്ടി യഥാർത്ഥത്തിൽ സിഗ്മ ലെൻസുകളുടേതായിരുന്നുവെന്നും പക്ഷേ പാക്കേജ് തൻറെ കൈവശം എത്തുന്നതിനു മുൻപേ തുറന്നിരുന്നു എന്നുമാണ് മെഹർ ട്വീറ്റിൽ പറയുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ മെഹർ ആമസോണിനോട് ആവശ്യപ്പെട്ടു. ഓർഡർ ചെയ്ത ലെൻസ് വീണ്ടും അയക്കാൻ കഴിയുന്നില്ലെങ്കിൽ പണം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, തങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ് എന്നാണ് ആമസോണിന്റെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്ന മറുപടി. അതേസമയം മെഹറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ നിരവധി ആളുകളാണ് തങ്ങൾക്ക് നേരിട്ട സമാന അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഇദ്ദേഹത്തിന് പിന്തുണയുമായി എത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഒരു ഓൺലൈൻ സ്റ്റോർ വഴി സിഗ്മ 150-600 ലെൻസ് ഓർഡർ ചെയ്ത തനിക്ക് തയ്യൽ മെഷീനാണ് ലഭിച്ചതെന്നും ഒരു ഉപയോക്താവ് ആരോപിച്ചു.