
ബെംഗളൂരു എല്ലാറ്റിനും പീക്കാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പതിവ് പല്ലവി. കൂടിയ വാടക, കൂടിയ സ്കൂൾ ഫീസ്, ട്രാഫിക്കാണെങ്കിൽ മുടിഞ്ഞ ട്രാഫിക്, മഴയാണെങ്കിൽ അങ്ങനെ. റോഡുകളുടെ അവസ്ഥ അതിലേറെ കഷ്ടം. എന്നാൽ, ശമ്പള കാര്യത്തിൽ ബെംഗളൂരു അല്പം പിന്നിലാണെന്ന് രേഖപ്പെടുത്തിയ ഒരു യുവാവിന്‍റെ കുറിപ്പ് വൈറൽ. ബെംഗളൂരുവിലെ ഒരു കിന്‍റർഗാർട്ടനിൽ അധ്യാപികയായ ഭാര്യാ സഹോദരിയുടെ ശമ്പളത്തെ കുറിച്ചായിരുന്നു യുവാവിന്‍റെ കുറിപ്പ്. സ്കൂൾ ഫീസ് കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇത്രയും കുറഞ്ഞ വരുമാനത്തിൽ ഒരു മെട്രോ നഗരത്തിൽ അതിജീവിക്കാൻ കഴിയുമോയെന്ന് അദ്ദേഹം തന്‍റെ കുറിപ്പിൽ ചോദിക്കുന്നു.
ഭാര്യ സഹോദരിക്ക് ബെംഗളൂരുവിൽ കിന്‍റർഗാർട്ടൻ അധ്യാപക ജോലിക്ക് പ്രതിമാസം വാഗ്ദാനം ചെയ്യപ്പെട്ടത് വെറും 6,000 രൂപയാണെന്ന് യുവാവ് പറയുന്നു. മുഹമ്മദ് നൗസത്ത് എന്ന എക്സ് ഉപയോക്താവാണ് പോസ്റ്റ് പങ്കുവച്ചത്. "എന്‍റെ അനിയത്തിക്ക് പ്ലേസ്‌കൂൾ അല്ലെങ്കിൽ കിന്‍റർഗാർട്ടൻ അധ്യാപികയായി ജോലി ലഭിച്ചു, ബെംഗളൂരുവിൽ അവർക്ക് പ്രതിമാസം 6,000 രൂപ ശമ്പളം ലഭിക്കും. സ്‌കൂൾ ഫീസ് കുതിച്ചുയരുമ്പോൾ, അധ്യാപകരുടെ ശമ്പളം കുത്തനെ ഇടിയുന്നു. ഒരു മെട്രോ നഗരത്തിൽ പ്രതിമാസം 6,000 രൂപയിൽ താഴെ വരുമാനത്തിൽ എങ്ങനെ ജീവിക്കാൻ കഴിയും ?" അദ്ദേഹം തന്‍റെ കുറിപ്പിലെഴുതി. ജീവിതച്ചെലവ് കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ബെംഗളൂരു പോലൊരു നഗരത്തിന് ഈ തുക വളരെ കുറവാണെന്ന് നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു.
My sister-in-law just got a job as a playschool/kindergarten teacher and she'll be paid a whopping ₹6,000 per month in Bangalore!
While school fees are skyrocketing, teacher salaries are plummeting.
How on earth can anyone live on under ₹6,000 a month in a metro city?— Mohamed Nowsath (@Md_Nowsath_) July 5, 2026
നിരവധി പേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായമെഴുതാനെത്തിയത്. "സ്നാബിറ്റ് അവരുടെ ജീവനക്കാർക്ക് 18,000 മുതൽ 20,000 രൂപ വരെ ശമ്പളം നൽകുന്നു. നിങ്ങളുടെ സഹോദരിക്ക് ആ കിന്‍റർഗാർട്ടനിൽ ജോലി ചെയ്യുന്ന ആയയെയും സഹായിയെയും അപേക്ഷിച്ച് കുറഞ്ഞ ശമ്പളം ലഭിക്കുന്നുണ്ടാകാം. അവൾ ആ ശമ്പളത്തിൽ ജോലിയിൽ ചേരരുത്." എന്ന് ഒരു ഉപയോക്താവ് എഴുതി. "സർക്കാർ പറയുന്നതനുസരിച്ച്, 6,000 രൂപയിൽ വാടകയ്ക്ക് 1,000, കുട്ടികളുടെ വിദ്യാഭ്യാസത്തിന് 1,000 , വൈദ്യുതിക്കും വെള്ളത്തിനും 500, പച്ചക്കറികൾക്ക് 1,000 എന്നിവ നൽകാം. ബെംഗളൂരുവിൽ യാത്ര സൗജന്യമായിരിക്കാം, 1,000 രൂപ അങ്ങനെ ലാഭിക്കാം, ബാക്കി തുക കൊണ്ട് പുറത്ത് ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കാം. അവൾ പൊരുത്തപ്പെടണം, ഒരിക്കലും പരാതിപ്പെടരുത്, അല്ലെങ്കിൽ അവൾക്ക് ജോലി നഷ്ടപ്പെടും." മറ്റൊരാൾ പരിഹാസം നിറഞ്ഞ കുറിപ്പെഴുതി. സർക്കാരും സർക്കാർ സംവിധാനങ്ങളും സ്വന്തം കീശയിലേക്ക് മാത്രം നോക്കിയിരിക്കുമ്പോൾ സാധാരണക്കാരൻ പട്ടിണി കിടക്കാൻ നിർബന്ധിക്കപ്പെടുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. കിന്റർഗാർട്ടൻ അധ്യാപകർക്ക് കുട്ടികളുടെ കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ അവർ മികച്ച വേതനം അർഹിക്കുന്നുവെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.