
അന്ധവിശ്വാസത്തിൽ വിശ്വസിച്ച് കണ്ണ് തുടിക്കുന്നത് നിർത്താൻ വിചിത്രമായ വഴി പരീക്ഷിച്ച മധ്യ ചൈന സ്വദേശിക്ക് കാഴ്ച നഷ്ടപ്പെട്ടു. കൺപോളകളിൽ ആവർത്തിച്ച് അടിച്ചതിനെത്തുടർന്ന് കണ്ണിന്‍റെ റെറ്റിന അടർന്നുപോവുകയായിരുന്നു . ഒടുവിൽ ഗുരുതരമായ ഈ അവസ്ഥയെ ശസ്ത്രക്രിയയിലൂടെ മറികടന്നതായി 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ താമസിക്കുന്ന 'ലെ' എന്ന് തിരിച്ചറിഞ്ഞ വ്യക്തിക്കാണ് ഈ ദുരനുഭവം.
ദിവസങ്ങളായി ഇയാളുടെ വലതുകൺപോള തുടർച്ചയായി തുടിക്കുകയായിരുന്നു. കണ്ണിന് വിശ്രമം നൽകിയതും ചൂടുപിടിച്ചതുമൊന്നും യാതൊരു ആശ്വാസവും നൽകിയില്ല. ഇടതുകണ്ണ് തുടിക്കുന്നത് സമ്പത്തും വലതുകണ്ണ് തുടിക്കുന്നത് വലിയ ദുരന്തവും കൊണ്ടുവരുമെന്നൊരു ജനപ്രിയ അന്ധവിശ്വാസം ചൈനയിൽ നിലവിലുണ്ട്. വലതുകണ്ണ് തുടർച്ചയായി തുടിക്കുന്നത് വരാനിരിക്കുന്ന വലിയ ആപത്തിന്‍റെ ലക്ഷണമാണെന്ന് ഭയന്ന് ലെ അതീവ ഉത്കണ്ഠാകുലനായി. എന്നാൽ, ഒരു ഡോക്ടറെ കാണിക്കുന്നതിന് പകരം ഇയാൾ പരിഹാരത്തിനായി ഇന്‍റർനെറ്റിൽ തെരയുകയാണ് ചെയ്തത്. കൺപോളകളിൽ ശക്തമായി അടിക്കുന്നത് ദൗർഭാഗ്യം അകറ്റുമെന്ന ചില തെറ്റായ വിവരങ്ങളാണ് ഇയാൾക്ക് ഓൺലൈനിൽ നിന്ന് ലെയ്ക്ക് ലഭിച്ചത്.
ചൈനയിലെ ചില പ്രായമായവർ കൺപോളകളിൽ വെള്ളക്കടലാസ് കഷ്ണം ഒട്ടിക്കുന്നത് വഴി കണ്ണ് തുടിക്കുന്നത് നിർത്താമെന്നൊരു വിശ്വസം നിലനിൽക്കുന്നുണ്ട്. പ്രാദേശിക പത്രമായ 'ചാങ്ജിയാങ് ഡെയ്‌ലി'യുടെ റിപ്പോർട്ട് അനുസരിച്ച്, ലെ മൂന്ന് ദിവസത്തോളം തന്‍റെ വലതുകണ്ണിന് ചുറ്റുമുള്ള ഭാഗത്ത് സ്വയം അടിച്ച് കൊണ്ടിരുന്നു. ഇതോടെ കണ്ണ് തുടിക്കുന്നത് നിന്നെങ്കിലും, തൊട്ടുപിന്നാലെ അതിലും ഗുരുതരമായ പ്രശ്നം ആരംഭിച്ചു. ഇയാളുടെ കാഴ്ചശക്തി വളരെ പരിമിതപ്പെടുകയും നേരെ മുന്നിലുള്ളത് മാത്രം കാണാൻ കഴിയുന്ന അവസ്ഥയിലാവുകയും ചെയ്തു. അതെ ഇരുവശങ്ങളിലുമുള്ള കാഴ്ച (Peripheral vision) പൂർണ്ണമായും ഇല്ലാതായി. തുടർന്ന് അടിയന്തിരമായി ഡോക്ടറെ സമീപിച്ചപ്പോഴാണ് കണ്ണിന് സംഭവിച്ച 'റെറ്റിനൽ ഡിറ്റാച്ച്മെന്‍റ്' ആണെന്ന് കണ്ടെത്തിയത്. വൈകാതെ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനെ തുടർന്ന് ഡോക്ടർമാർക്ക് അദ്ദേഹത്തിന്റെ കാഴ്ചശക്തി വിജയകരമായി വീണ്ടെടുക്കാൻ കഴിഞ്ഞു.