
ജോലിയെ സ്നേഹിച്ചോളൂ, പക്ഷേ കമ്പനിയെ സ്നേഹിക്കരുത് എന്ന് പലരും പറയാറുണ്ട്. അതുപോലൊരു അനുഭവമാണ് നാല് വർഷത്തോളമായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് രാജി സമർപ്പിച്ച ജീവനക്കാരന് നേരിടേണ്ടി വന്നത്. രണ്ടാഴ്ചത്തെ നോട്ടീസ് പീരിയഡിൽ ബാക്കിയുള്ള ജോലികൾ തീർക്കാനും സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറാനും തയ്യാറെടുത്തെങ്കിലും, രാജി നൽകി ഒരു മണിക്കൂറിനകം സാധനങ്ങൾ പാക്ക് ചെയ്ത് പുറത്തുപോകാനാണ് കമ്പനി യുവാവിനോട് ആവശ്യപ്പെട്ടത്.
റെഡ്ഡിറ്റിലെ 'r/corporate' എന്ന ഗ്രൂപ്പിലാണ് ജീവനക്കാരൻ തന്റെ ദുരനുഭവം പങ്കുവെച്ചത്. മികച്ച പെർഫോമൻസ് റിവ്യൂ ലഭിച്ചിട്ടുള്ള വ്യക്തിയാണെന്നും അടിയന്തര ഘട്ടങ്ങളിൽ കമ്പനിക്കായി വൈകുന്നേരങ്ങളിലും ജോലി ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം കുറിച്ചു. കമ്പനിയുമായി യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മെച്ചപ്പെട്ട ശമ്പളവും കുറഞ്ഞ മാനസിക സമ്മർദ്ദവുമുള്ള മറ്റൊരു ജോലി ലഭിച്ചതിനാലാണ് മാന്യമായി രാജി സമർപ്പിച്ചത്. യാത്രപറയൽ എളുപ്പമാക്കാൻ വേണ്ടി ചുമതലകളെക്കുറിച്ചുള്ള നോട്ടുകൾ പോലും തയ്യാറാക്കി വെച്ചിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
"മാനേജറോട് സംസാരിച്ച് മിനിറ്റുകൾക്കകം എച്ച്.ആർ വിഭാഗം എത്തുകയും, സിസ്റ്റം അക്കൗണ്ടുകളെല്ലാം ബ്ലോക്ക് ചെയ്ത് ഉടനടി സ്ഥാപനം വിട്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു" എന്ന് ജീവനക്കാരൻ കുറിച്ചു. ഇത് കമ്പനിയുടെ പോളിസിയാണെന്നാണ് അധികൃതർ വിശദീകരിച്ചത്. എന്നാൽ, മുൻപ് രാജി നൽകിയ മറ്റു പല ജീവനക്കാരും രണ്ട് ആഴ്ചത്തെ നോട്ടീസ് പീരിയഡ് പൂർത്തിയാക്കിയ ശേഷമാണ് പോയിട്ടുള്ളതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കമ്പനിയോട് കാണിച്ച വിശ്വസ്തതയ്ക്കും അധിക ജോലിക്കും ഒരു വിലയും നൽകിയില്ലെന്നും, മാറാൻ തീരുമാനിച്ച നിമിഷം തന്നെ കമ്പനി തങ്ങളെ ഒരു ഭീഷണിയായി കാണാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി എത്തിയത്. രാജി നൽകിയ ശേഷം പുറത്താക്കിയാലും പല കമ്പനികളും നോട്ടീസ് പീരിയഡിലെ ശമ്പളം നൽകാൻ ബാധ്യസ്ഥരാണെന്നും, അതിനാൽ ഇത് 'ശമ്പളത്തോടു കൂടിയ രണ്ട് ആഴ്ചത്തെ അവധിയായി' കരുതി ആഘോഷിക്കാനുമാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ജോലി മാറുന്നതിനും രാജി നൽകുന്നതിനും മുൻപ് ബോണസുകളോ മറ്റ് ആനുകൂല്യങ്ങളോ അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് മറ്റൊരാൾ കുറിച്ചു. ചില തസ്തികകളിൽ സുരക്ഷാ കാരണങ്ങളാൽ രാജി സമർപ്പിച്ച ഉടൻ തന്നെ ജീവനക്കാരെ ഒഴിവാക്കാറുണ്ടെന്ന് മറുപടി നൽകിയവരുമുണ്ട്.