20 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മകൻ, ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിൽ, എന്നിട്ടും തിരിച്ചറിഞ്ഞില്ല

Published : Jun 02, 2022, 11:18 AM IST
20 വർഷത്തിന് ശേഷം അമ്മയെ കണ്ടെത്തി മകൻ, ജോലി ചെയ്തിരുന്നത് ഒരേ ആശുപത്രിയിൽ, എന്നിട്ടും തിരിച്ചറിഞ്ഞില്ല

Synopsis

വളരെ വൈകാരികമായിരുന്നു ഹോളിയുടെയും ബെഞ്ചമിന്റെയും ആദ്യത്തെ കണ്ടുമുട്ടൽ. അവർ കുറേനേരം കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്‍തു. സംഭവിച്ചത് ഇരുവർക്കും വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.   

തനിക്ക് ജന്മം തന്ന അമ്മയെ (biological mother) കണ്ടെത്താൻ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു ഒരു 20 -കാരൻ. അങ്ങനെ ഫേസ്ബുക്കിൽ അമ്മയെ കണ്ടെത്തി. എന്നാൽ, അപ്പോഴാണ് അവനാ സത്യം മനസിലാക്കിയത്. താനും അമ്മയും ജോലി ചെയ്യുന്നത് ഒരേ ആശുപത്രിയിലാണ് എന്ന സത്യം. 

ഈയിടെ 'ഗുഡ് മോർണിംഗ് അമേരിക്ക'യ്ക്ക് നൽകിയ അഭിമുഖത്തിൽ ബെഞ്ചമിൻ ഹൾബെർഗ് (Benjamin Hulleberg) തന്റെ ദത്തെടുക്കലിനെ കുറിച്ച് വെളിപ്പെടുത്തി. അവന്റെ വളർത്തച്ഛനും അമ്മയുമാണ് ഏഞ്ചലയും ബ്രയാൻ ഹൾബർഗും (Angela and Brian Hulleberg). അവർ അവന്റെ ശരിക്കും അമ്മയായ  ഹോളി ഷിയററിനെ(Holly Shearer)ക്കുറിച്ച് അവനോട് പറയുകയായിരുന്നു. "അത് എല്ലായ്പ്പോഴും വളരെ പോസിറ്റീവ് സംഭാഷണമായിരുന്നു. എന്റെ മാതാപിതാക്കൾ ഹോളിയോട് നന്ദി പ്രകടിപ്പിച്ചിരുന്നു. ഞാനവരോട് എങ്ങനെ നന്ദി കാണിക്കണം എന്ന് പറയുകയും അവരെ എങ്ങനെ കണ്ടുമുട്ടണം എന്ന് പറയുകയും ചെയ്തിരുന്നു" അവൻ വിശദീകരിച്ചു. 

ഒരു കൗമാരക്കാരിയായിരിക്കുമ്പോഴാണ് ഹോളി അവനെ പ്രസവിക്കുന്നതും ദത്ത് നൽകുന്നതും അവളെപ്പോഴും അവനെ കുറിച്ച് ആലോചിച്ചിരുന്നു. “അവൻ എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. അവധി ദിവസങ്ങളിലും അവന്റെ ജന്മദിനത്തിലും, പ്രത്യേകിച്ച്” അവർ പറഞ്ഞു. 

ആദ്യമൊക്കെ ഏഞ്ചലയും ബ്രയാനും ബെഞ്ചമിന്റെ ചിത്രങ്ങളും കത്തും ഹോളിക്ക് അയക്കാറുണ്ടായിരുന്നു. പയ്യെ അത് നിന്നു. പിന്നീട് 2014 -ൽ അഡോപ്ഷൻ സെന്റർ അടച്ചുപൂട്ടുകയും ചെയ്തു. മൂന്നുവർഷത്തിന് ശേഷം ഹോളി മകനെ ഫേസ്ബുക്കിൽ കണ്ടെത്തി. എന്നാൽ, അവൻ നന്നായി ജീവിക്കുന്നുണ്ട് എന്ന് മനസിലാക്കിയപ്പോൾ അവന്റെ ജീവിതത്തിലിടപെടാതെ മാറിനിന്ന് നോക്കുക മാത്രം ചെയ്യുകയായിരുന്നു. 

എന്നിരുന്നാലും, ബെഞ്ചമിൻ അമ്മയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനായി കത്തുകൾ എഴുതുകയും ദത്തെടുക്കൽ രജിസ്ട്രിയിൽ സൈൻ അപ്പ് ചെയ്യുകയും ഡിഎൻഎ ടെസ്റ്റ് നടത്തുകയും ചെയ്തതിരുന്നു. തനിക്ക് ജന്മം നൽകിയ മാതാപിതാക്കളെ കണ്ടെത്താൻ താൻ വർഷങ്ങളോളം ശ്രമിച്ചുവെന്ന് അവൻ പറഞ്ഞു. 

കഴിഞ്ഞ നവംബറിൽ ഒരാളിൽ നിന്ന് ബെഞ്ചമിന് ജന്മദിനാശംസയടങ്ങിയ സന്ദേശം ലഭിച്ചു. അവൾ ആരാണെന്ന് വിശദീകരിക്കാൻ അയാൾ ആ വ്യക്തിയോട് ആവശ്യപ്പെട്ടപ്പോഴാണ്, അത് തന്റെ അമ്മയാണെന്ന് അവൻ കണ്ടെത്തിയത്. അവൻ ഞെട്ടിപ്പോയി. "ഞാൻ സത്യത്തിൽ കരയുകയായിരുന്നു. അതെല്ലാം വളരെ പോസിറ്റീവ് വികാരങ്ങളായിരുന്നു. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം ഈ ഒരു ദിവസത്തിന് വേണ്ടി, കഴിഞ്ഞ 20 വർഷമായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അത് സംഭവിക്കുന്നുവെന്ന് സങ്കൽപ്പിക്കാൻ പോലും വയ്യായിരുന്നു. അത് ഉൾക്കൊള്ളാൻ ഒരുപാട് നേരമെടുത്തു” അവൻ പറഞ്ഞു.

പരസ്പരം കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തതോടെ അവർ കണ്ടുമുട്ടാൻ തീരുമാനിച്ചു. അങ്ങനെ ബെഞ്ചമിനും ഏഞ്ചലയും ബ്രയാനും ഹോളിയും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോയി. വളരെ വൈകാരികമായിരുന്നു ഹോളിയുടെയും ബെഞ്ചമിന്റെയും ആദ്യത്തെ കണ്ടുമുട്ടൽ. അവർ കുറേനേരം കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്‍തു. സംഭവിച്ചത് ഇരുവർക്കും വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. 

വേറൊരു കാര്യം കൂടി അവർ കണ്ടെത്തി. കഴി‍ഞ്ഞ രണ്ടു വർഷമായി അവരിരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നതെന്ന കാര്യം. മിക്കവാറും അമ്മ മെഡിക്കൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഹേർട്ട് സെന്ററിന്റെ മുന്നിലൂടെ അവൻ പോകാറുണ്ടായിരുന്നു. ഒരേ സ്ഥലത്താണ് അവരിരുവരും തങ്ങളുടെ വാഹനം പാർക്ക് ചെയ്തിരുന്നത്. എന്നിട്ടും അമ്മയും മകനും പരസ്പരം തിരിച്ചറിഞ്ഞില്ല. 

ഇപ്പോൾ ആഴ്ചയിലൊരിക്കലെങ്കിലും മകൻ അമ്മയെ കാണാൻ ശ്രമിക്കുന്നു. അവളുടെ മക്കളേയും. അതായാത് അവന്റെ അർദ്ധസഹോദരങ്ങളെ. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?