
തന്റെ വളർത്തുനായയെ ഉപദ്രവിക്കാൻ വന്ന കരടിയെ പേടിപ്പിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ വൈറലാവുന്നു. റിംഗ് ക്യാമറയിലാണ് ഈ രംഗങ്ങൾ മുഴുവനും പതിഞ്ഞിരിക്കുന്നത്. വൈറൽ ഹോഗ് ആണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.
വൈറലായിരിക്കുന്ന വീഡിയോയിൽ ആദ്യം ഒരു സ്ത്രീ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് കാണാം. എന്നാൽ, പുറത്തെത്തിയ ഉടനെ പരിഭ്രാന്തയായി ഓടി തിരികെ വരുന്നതും കാണാം. പിന്നാലെ ഒരു പട്ടിയും ഓടി വരുന്നുണ്ട്. പെട്ടെന്ന് ഒരു മനുഷ്യൻ അങ്ങോട്ട് വരികയും എല്ലാവരേയും വീടിന്റെ അകത്തേക്ക് കയറാൻ പ്രേരിപ്പിക്കുന്നതും കാണാം. എല്ലാവരും അകത്തേക്ക് കയറി. അപ്പോൾ അയാൾ ആ കരടിയെ ഭയപ്പെടുത്താൻ നോക്കുകയാണ്. ഒപ്പം തന്നെ ഒച്ച വയ്ക്കുന്നുമുണ്ട്. അതോടെ, കരടി തിരിഞ്ഞോടുകയാണ്. ഏതായാലും നായ സംരക്ഷിക്കപ്പെട്ടു.
വളരെ പെട്ടെന്ന് തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഡാഡ് ഓഫ് ദ ഇയർ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
നേരത്തെയും ഇതുപോലുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം യു എസ്സിലെ ഫ്ലോറിഡയിൽ തന്റെ വളർത്തുനായകളെ കരടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ഒരാളുടെ വീഡിയോ വൈറലായിരുന്നു. അതിൽ ഒരാൾ നായകളുമായി ഇരിക്കുമ്പോൾ ഒരു കരടി അകത്ത് കയറി സമീപത്തേക്ക് വരികയാണ്. ഉടനെ തന്നെ ഇയാൾ അതിനെ അവിടെ നിന്നും ഓടിച്ച് വിടുകയും വളരെ പെട്ടെന്ന് തന്നെ ഒരു ചാരുബെഞ്ച് വാതിലിനടുത്തേക്ക് വയ്ക്കുകയും ചെയ്യുന്നു. താൻ പെട്ടെന്ന് ഭയന്ന് പോയി എന്നും എന്നാൽ, നായകളെ രക്ഷിക്കാൻ വേണ്ടത് ചെയ്യുകയായിരുന്നു എന്നും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.