
നമ്മൾ എല്ലാം പറഞ്ഞുകൊണ്ടിരുന്ന, ജീവിതത്തിന്റെ സന്തോഷങ്ങളും വേദനകളുമെല്ലാം പങ്കുവച്ചിരുന്ന ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗം നമുക്ക് സഹിക്കാനാവില്ല. ജീവിതത്തിൽ ഓരോ പുതിയ കാര്യങ്ങൾ നടക്കുമ്പോഴും ഇത് അയാളോട് കൂടി പറയാനായെങ്കിൽ എന്ന് തോന്നിപ്പോകും. തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിൽ എന്ത് സംഭവിക്കുമ്പോഴും അത് അവനോട് കൂടി പറയാറുള്ള ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. അതിവൈകാരികമായ ഈ പോസ്റ്റിന് അനേകങ്ങളാണ് കമന്റ് നൽകിയിരിക്കുന്നത്. കൂട്ടുകാരനെ നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും അവന് താൻ മെസ്സേജ് അയക്കാറുണ്ട് എന്നാണ് സ്ഫീറോ നെറ്റ്‌വർക്കിന്റെ സഹസ്ഥാപകനായ പ്രകാശ് പഥക് പറയുന്നത്. മെസ്സേജിന്റെ സ്ക്രീൻഷോട്ടും പഥക് ഷെയർ ചെയ്തു.
'കുറച്ച് കാലം മുമ്പ് എനിക്ക് എന്റെ സുഹൃത്തിനെ നഷ്ടപ്പെട്ടു. എന്നാൽ, ഇപ്പോഴും ഞാനവന് എഴുതുന്നു. ആ വാക്കുകൾ എങ്ങുമെത്താതെ പോവുന്നുണ്ടായിരിക്കാം. പക്ഷേ, അത് എന്നെ അവനോട് എങ്ങനെയോ അടുപ്പിച്ച് നിർത്തുന്നത് പോലെ തോന്നും. ഒരിക്കൽ നിങ്ങളെ പൂർണമായി മനസ്സിലാക്കിയ ഒരാളെ നഷ്ടപ്പെടുകയെന്നാൽ അത് നിങ്ങളുടെ തന്നെ ആത്മാവിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്നത് പോലെയാണ്' എന്നാണ് ക്യാപ്ഷനിൽ പഥക് കുറിച്ചിരിക്കുന്നത്.
'അമ്മ 31 -ന് വിരമിക്കും, ഞാൻ ഇപ്പോൾ സഹസ്ഥാപകനായി. കുറേക്കാലമായി നിന്നെയെനിക്ക് മിസ്സ് ചെയ്യുകയാണ്' എന്നാണ് പഥക് ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ടിലെ മെസ്സേജ്. ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം പഥക് തന്റെ ഈ ഉറ്റസുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും അയാളെ നഷ്ടപ്പെട്ട വേദന ഇപ്പോഴും പഥക്കിനുണ്ട് എന്നുമാണ് മെസ്സേജിൽ നിന്നും മനസിലാവുന്നത്. നിരവധിപ്പേരാണ് വൈകാരികമായ ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിനെ കുറിച്ചും അതിന്റെ വേദനകളെ കുറിച്ചുമാണ് ഏറെപ്പേരും കമന്റ് നൽകിയിരിക്കുന്നത്.