
ഞെട്ടിക്കുന്ന പല മോഷണങ്ങളുടെയും ദൃശ്യങ്ങൾ ദിവസേനയെന്നോണം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതുപോലെ ബെംഗളൂരുവിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ സ്വാഭാവികമായി, ഒരു സംശയവും തോന്നാതെ ഒരാൾ ഒരു വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന സൈക്കിൾ മോഷ്ടിച്ച് കടന്നു കളയുന്ന രംഗമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
saneyedoc എന്ന യൂസറാണ് എക്സിൽ (ട്വിറ്ററിൽ) വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'HAL3rd സ്റ്റേജിലെ ഒരു സൈക്കിൾ മോഷ്ടാവ് എന്റെ വാടകക്കാരന്റെ സൈക്കിൾ മോഷ്ടിക്കുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ എഴുതിയിരിക്കുന്നത്. ഒരാൾ സ്വാഭാവികമായ മട്ടിൽ ഒരു വീടിന്റെ മുറ്റത്തേക്ക് കയറി വരുന്നത് വീഡിയോയിൽ കാണാം. അയാൾ കുറച്ചുനേരം അവിടെ ഇരുന്ന് ചുറ്റും, വീടിന്റെ അകത്തേക്കും ഒക്കെ നോക്കുന്നു. പിന്നാലെ വളരെ സ്വാഭാവികമായി സൈക്കിളും കൊണ്ട് കടന്നു കളയുന്നു. ഇതാണ് വീഡിയോയിൽ കാണാനാവുന്നത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.
നേരത്തെയും ഇതുപോലെ ബെംഗളൂരുവിൽ നിന്നും സൈക്കിൾ മോഷ്ടിച്ചു കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അന്ന് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് noorzahira2 എന്ന യൂസറാണ്. തന്റെ സഹോദരിയുടെ വീട്ടിൽ നടന്ന മോഷണമാണ് ഇത് എന്നും ഇന്ദിരാ നഗറിൽ സൈക്കിൾ മോഷണം കൂടി വരികയാണ് എന്നും വീഡിയോയ്ക്കൊപ്പം പറയുന്നുണ്ട്.
'എന്റെ സ്വന്തം സഹോദരിയുടെ വീട്ടിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇത്. ഒരു കള്ളൻ സാധാരണ മട്ടിൽ അകത്തു കയറിവന്ന് എന്റെ സഹോദരന്റെ സൈക്കിൾ കവർന്നു കടന്നുകളഞ്ഞു. അടുത്തിടെ ഇതേ ഏരിയയിൽ നിന്നുള്ള ഒരു അപാർട്‍മെന്റിൽ നിന്നും 25,000 രൂപ വിലയുള്ള സൈക്കിൾ കവർന്നിരുന്നു. ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ദിരാ നഗറിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം, നിങ്ങളുടെ സൈക്കിളുകൾ ലോക്ക് ചെയ്ത് വയ്ക്കുക, നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക' എന്നും വീഡിയോയുടെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്.