
പാമ്പുകൾ എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും നമുക്ക് എപ്പോഴും ഒരു പേടിസ്വപ്നം തന്നെയാണ്. പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കാനും ആക്രമകാരികൾ ആകാനും പാമ്പുകളോളം മിടുക്കുള്ള ജീവികൾ ഒരുപക്ഷേ വേറെ കാണില്ല. നമ്മൾ നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾക്കിടയിൽ പോലും ഇവ പലപ്പോഴും പതിയിരിക്കാറുണ്ട്. തുണികൾക്ക് ഉള്ളിൽ നിന്നും വണ്ടിക്കുള്ളിൽ നിന്നും എന്തിനേറെ പറയുന്നു ചെരുപ്പുകൾക്ക് അകത്തു നിന്നു പോലും പാമ്പുകൾ മനുഷ്യനെ ആക്രമിച്ച സംഭവങ്ങൾ നിരവധിയാണ്.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം 5 ദശലക്ഷം ആളുകൾക്ക് പാമ്പുകടി ഏൽക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇവയിൽ 2.7 ദശലക്ഷത്തോളം ഗുരുതരമായ വിഷബാധ ഉണ്ടാക്കുന്നതാണ്. അതിൽ തന്നെ 81,000 മുതൽ 138,000 വരെ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട്. തീർന്നില്ല, ഓരോ വർഷവും നാലു ലക്ഷത്തോളം ആളുകൾക്ക് പാമ്പുകടിയേറ്റ് അംഗഛേദങ്ങളും മറ്റു സ്ഥിരമായ വൈകല്യങ്ങളും സംഭവിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ചുരുക്കിപ്പറഞ്ഞാൽ പാമ്പുകടിയെ ഒരിക്കലും നിസ്സാരമായി കരുതരുത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ തീർച്ചയായും അത് നമ്മുടെ ജീവന് തന്നെ ആപത്താണ്. കഴിഞ്ഞദിവസം ബീഹാറിൽ വീട്ടുജോലിക്കിടെ പാമ്പുകടിയേറ്റ യുവതിക്ക് കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കുന്നതോടൊപ്പം തന്നെ സഹോദരൻ ചെയ്ത മറ്റൊരു പ്രവൃത്തി വലിയ അഭിനന്ദനത്തിന് കാരണമായിരിക്കുകയാണ്.
ബീഹാറിലെ ചപ്ര ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് വിറകുകൾക്കിടയിൽ ഒളിച്ചിരുന്ന രാജവെമ്പാല യുവതിയെ കടിച്ചത്. ഉടൻ തന്നെ അവർ ഭയന്ന് നിലവിളിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അവരുടെ സഹോദരൻ വിറകുകൾക്കിടയിൽ വീണ്ടും ഒളിച്ച രാജവെമ്പാലയെ പിടികൂടി. ഉടൻതന്നെ ഇദ്ദേഹം തൻറെ സഹോദരിയുമായി ആശുപത്രിയിൽ എത്തി. ഒപ്പം മറ്റൊന്നുകൂടി അയാൾക്ക് കയ്യിൽ കരുതിയിരുന്നു സഹോദരിയെ കടിച്ച പാമ്പ് തന്നെയായിരുന്നു ഇത്.
എന്തായാലും ഇദ്ദേഹത്തിൻറെ ഈ പ്രവൃത്തി ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വലിയ ഉപകാരമായി എന്ന് വേണം പറയാൻ. കാരണം പാമ്പിനെ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ കൃത്യമായ ആൻറി വെനം നൽകി പാമ്പുകടിയേറ്റ സ്ത്രീയെ രക്ഷിക്കാനായി. ജീവനോടെയാണ് ഇയാൾ പാമ്പിനെ ആശുപത്രിയിൽ എത്തിച്ചത്. കുപ്പിക്കുള്ളിൽ ആക്കി ആശുപത്രിയിൽ എത്തിച്ച രാജവെമ്പാലയെ പിന്നീട് വനപാലകർക്ക് കൈമാറി.