ആഴ്ചയിൽ നാലുദിവസം മാത്രം ജോലി, തൊഴിലാളികൾ ഹാപ്പി, തൊഴിൽ പെർഫെക്ട്!

Published : Feb 20, 2022, 01:52 PM IST
ആഴ്ചയിൽ നാലുദിവസം മാത്രം ജോലി, തൊഴിലാളികൾ ഹാപ്പി, തൊഴിൽ പെർഫെക്ട്!

Synopsis

ജോലിയുടെ കാര്യക്ഷമതയെയും ഗുണനിലവാരത്തെയും കുറിച്ച് എപ്പോഴും സംസാരിക്കുന്ന രാജ്യമാണ് ജപ്പാൻ. ഈ മാതൃക സ്വീകരിക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചു ജപ്പാനും. 

സാധാരണയായി മിക്ക രാജ്യങ്ങളിലും, മിക്ക കമ്പനികളിലും തിങ്കൾ മുതൽ വെള്ളി വരെ ജോലി ചെയ്യേണ്ടി വരും. എന്തിന് ചിലയിടങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം വരെ ജോലി ചെയ്യേണ്ടുന്ന അവസ്ഥയും ഉണ്ട്. മിക്കവരുടേയും സ്വപ്നമായിരിക്കും ഒരു അധികദിവസത്തെ ഓഫ്. എന്നാൽ, ലോകത്തിൽ ചില രാജ്യങ്ങളിൽ നാലുദിവസം ജോലി ചെയ്‍താൽ മതി. അത് നടപ്പിലാക്കുന്ന രാജ്യങ്ങൾ പറയുന്നത് അത് ജീവനക്കാരെ കൂടുതൽ പ്രൊഡക്ടീവ് ആക്കുന്നുണ്ട് എന്നാണ്. ഏതൊക്കെയാണ് ആ രാജ്യങ്ങൾ എന്ന് നോക്കാം. 

സ്പെയിൻ(Spain): ഗാർഡിയൻ പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം, സ്പാനിഷ് സർക്കാർ ഒരു ട്രയൽ എന്നോണം ആഴ്ചയിൽ നാലുദിവസം മാത്രം പ്രവൃത്തി ദിവസം ആക്കുമെന്ന് പ്രഖ്യാപിച്ചു. സ്പാനിഷ് ഗവൺമെന്റ് തൊഴിലാളികളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാതെ തന്നെ മൂന്ന് വർഷത്തേക്ക് ആഴ്ചയിൽ 32 മണിക്കൂർ ജോലി ചെയ്‍താൽ മതി എന്ന് സമ്മതിച്ചു.

ഐസ്‍ലാൻഡ്(Iceland): 2015 മുതൽ 2019 വരെ, ഐസ്‌ലാൻഡ് പ്രവൃത്തി ദിനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ട്രയൽ നടത്തി. അത് വലിയ വിജയം തന്നെ ആയിരുന്നു. എല്ലാവരും സന്തുഷ്ടരും ആരോഗ്യമുള്ളവരും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരുമായിരുന്നു. ഐസ്‌ലാൻഡിലെ 2,500 തൊഴിലാളികളിലാണ് പഠനം നടത്തിയത്. ചുരുക്കിയ തൊഴിൽ ദിനങ്ങൾ കൂടുതൽ ഉൽപ്പാദനക്ഷമതയിലേക്കും സന്തോഷകരമായ തൊഴിൽ ശക്തിയിലേക്കും നയിക്കുമോ എന്നറിയാനായിരുന്നു പഠനം. പ്രീസ്‌കൂളുകൾ, ഓഫീസുകൾ, സോഷ്യൽ സർവീസ് പ്രൊവൈഡർമാർ, ആശുപത്രികൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള ജോലിസ്ഥലങ്ങളിലാണ് പരീക്ഷണങ്ങൾ നടത്തിയത്.

സ്കോട്ട്ലാൻഡ്(Scotland): ഐസ്‌ലാൻഡിന്റെ നാല് ദിവസം മാത്രം പ്രവൃത്തിദിനമാക്കിയതിന്റെ വിജയത്തിന് ശേഷം, ജോലിയും ജീവിതവും സന്തുലിതമാക്കുന്നതിനുള്ള ഒരു പുതിയ മാർഗം പരീക്ഷിക്കുന്നതിനായി സ്കോട്ട്‌ലൻഡും നാലുദിവസം മാത്രം പ്രവൃത്തി ദിനമാക്കി. റിപ്പോർട്ടുകൾ പ്രകാരം, ആഴ്ചയിൽ നാല് ദിവസം പ്രവൃത്തിദിനവും മൂന്ന് ദിവസം അവധിയും വേണമെന്ന് നിരവധി ആളുകൾ പറഞ്ഞതിനാൽ ഇത് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ രാജ്യം ആസൂത്രണം ചെയ്യുകയാണ്.

തിങ്ക് ടാങ്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (ഐപിപിആർ) ഗവേഷണത്തെ അടിസ്ഥാനമാക്കി, 80 ശതമാനം ആളുകളും ശമ്പളം നഷ്ടപ്പെടാതെ തങ്ങളുടെ ജോലി ദിവസങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് അവരുടെ ക്ഷേമത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് കരുതുന്നു. 

അയർലൻഡ്(Ireland): അയർലൻഡും ഇക്കാര്യത്തിൽ അതിന്റെ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ നഷ്ടം കൂടാതെ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാക്കി നോക്കും. ഈ പ്രോഗ്രാം 2022 ജനുവരിയിൽ ആരംഭിച്ചു. പുതിയ പ്രോഗ്രാമിന് കീഴിൽ, ഓർഗനൈസേഷനുകൾക്ക് പരിശീലനവും ആഴ്ചയിലെ നാല് ദിവസം എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും ലഭിക്കും. പ്രോഗ്രാമിന്റെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനുള്ള ഗവേഷണത്തിനും ഐറിഷ് സർക്കാർ ധനസഹായം നൽകും. രാജ്യത്തുടനീളമുള്ള 17 കമ്പനികൾ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്തതായിട്ടാണ് റിപ്പോർട്ട്.

ന്യൂസിലാൻഡ്(New Zealand): രണ്ട് വർഷം മുമ്പ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൻ തൊഴിലുടമകളോട് നാല് ദിവസത്തെ പ്രവൃത്തി ദിനവും മറ്റ് ഫ്ലെക്സിബിൾ വർക്കിംഗ് ഓപ്ഷനുകളും പരിഗണിക്കണമെന്ന് നിർദ്ദേശിച്ചു. ബാർൺസിന്റെ കമ്പനിയായ പെർപെച്വൽ ഗാർഡിയനിലെ ജീവനക്കാർ 2018 മുതൽ ആഴ്ചയിൽ നാല് ദിവസമാണ് ജോലി ചെയ്യുന്നത്. ആറാഴ്ചത്തെ ട്രയലിന് ശേഷം ഉൽപ്പാദനക്ഷമത 20 ശതമാനം മെച്ചപ്പെട്ടുവെന്ന് കണ്ടെത്തിയശേഷം ശമ്പളം കുറക്കാതെ തന്നെ നാലുദിവസം മാത്രം പ്രവൃത്തി ദിനമാക്കി. 

ജപ്പാൻ(Japan): ജോലിയുടെ കാര്യക്ഷമതയെയും ഗുണനിലവാരത്തെയും കുറിച്ച് എപ്പോഴും സംസാരിക്കുന്ന രാജ്യമാണ് ജപ്പാൻ. ഈ മാതൃക സ്വീകരിക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചു ജപ്പാനും. 2021 ജൂണിലാണ് ജപ്പാൻ സർക്കാർ ഈ സംരംഭം ആരംഭിച്ചത്. നാല് ദിവസത്തെ വർക്ക് വീക്ക് ആരംഭിക്കാൻ ജപ്പാൻ കമ്പനികളോട് ആവശ്യപ്പെട്ടു. ജപ്പാന്റെ വർക്ക്ഹോളിക് സംസ്കാരം തകർത്ത് 4 ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ജാപ്പനീസ് കമ്പനിയാണ് പാനസോണിക്.

യുഎഇ(UAE): 2021 ഡിസംബർ ആദ്യം യുഎഇ ഔദ്യോഗിക പ്രവൃത്തി ദിനം ആഴ്ചയിൽ നാലര ദിവസമായി വെട്ടിക്കുറച്ചു. അഞ്ച് ദിവസം ജോലിയെന്നത് മാറ്റി. റിപ്പോർട്ടുകൾ പ്രകാരം, പുതിയ മാറ്റം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. തൊഴിൽ-ജീവിതം സന്തുലിതമായിരിക്കുന്നതിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ മാറ്റം നടപ്പിലാക്കിയതെന്ന് യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ബെൽജിയം(Belgium): കൊവിഡിന് ശേഷമാണ് ബെൽജിയം ആഴ്ചയിൽ നാലുദിവസം പ്രവൃത്തിദിനമെന്നത് നടപ്പിലാക്കിയത്. പാൻഡെമിക്കിനൊപ്പമുള്ള രണ്ട് പ്രയാസകരമായ വർഷങ്ങൾക്ക് ശേഷം ജീവനക്കാരെയും ബിസിനസുകളെയും ശക്തിപ്പെടുത്താൻ ഇത് സഹായിക്കും എന്നാണ് കരുതുന്നത്.

(ചിത്രങ്ങൾ പ്രതീകാത്മകം)
 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!