പൂച്ചയെ രക്ഷിക്കാൻ ഇറങ്ങി, ഓടയിൽ കുടുങ്ങി, ഒടുവിൽ അ​ഗ്നിശമനസേനയെത്തി

By Web TeamFirst Published Sep 13, 2022, 9:02 AM IST
Highlights

പൂച്ച ഡ്രൈനേജിലേക്ക് തെറിച്ച് വീഴുന്നത് കണ്ടാണ്  രക്ഷപ്പെടുത്താനായി അയാൾ ഓടിയെത്തിയത്. പക്ഷേ പൂച്ചയെ രക്ഷപ്പെടുത്തും മുമ്പേ അവിചാരിതമായി അയാളുടെ കാല് ഡ്രെയിനേജിനുള്ളിൽ കുടുങ്ങുകയായിരുന്നു.

പൂച്ചയെ രക്ഷിക്കാനായി ഓടയിൽ ഇറങ്ങിയ ആൾ ഓടയിൽപ്പെട്ടു. ഒടുവിൽ അഗ്നിശമനാസേനാംഗങ്ങളെത്തി ഇയാളെ രക്ഷിച്ചു. പൂച്ചയെയും രക്ഷപ്പെടുത്തി. 

ഒഹായോയിലാണ് സംഭവം. ഒരു പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്‌റ്റോം ഡ്രെയിനിന്റെ സ്റ്റീൽ ഗ്രെയ്റ്റിൽ കാൽ കുടുങ്ങിയ ഒരാളെ ഒഹായോയിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. CR-120 കവലയ്ക്ക് സമീപം യുഎസ് 52 -ൽ സ്റ്റോം ഡ്രെയിനേജ് കവറിന്റെ സ്റ്റീൽ ഗ്രെയ്റ്റിൽ ആണ് ഇയാളുടെ കാലു കുടുങ്ങിയത്. ഏറെ നേരം പരിശ്രമിച്ചിട്ടും അയാൾക്ക് തന്റെ കാല് ഊരിയെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ സേനാംഗങ്ങൾ സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

കാറിടിച്ച് പരിക്കേറ്റതായി തോന്നിക്കുന്ന പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് താൻ കുടുങ്ങിയതെന്ന് ഇയാൾ അഗ്നിശമന സേനാംഗങ്ങളോട് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് എക്‌സ്‌ട്രിക്കേഷൻ ടൂളുകൾ ഉപയോഗിച്ച് ഓടയുടെ ഗേറ്റിന്റെ ബാറുകൾക്കിടയിലുള്ള വിടവ് വലുതാക്കിയാണ് ഒടുവിൽ ഇയാളുടെ കാല് പുറത്തെടുത്തത്. ഇയാളെ സുരക്ഷിതനായി പുറത്ത് എത്തിച്ചതിനുശേഷം സേനാംഗങ്ങൾ പരിക്കുപറ്റി ഡ്രൈനേജിനുള്ളിൽ അകപ്പെട്ടുപോയ പൂച്ചയെയും രക്ഷപ്പെടുത്തി. പൂച്ചയെ ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചതാകാനാണ് സാധ്യത എന്നാണ് സേന പറയുന്നത്. ഡ്രെയിനേജിൽ നിന്നും രക്ഷപ്പെടുത്തി എടുക്കുമ്പോൾ പൂച്ചയുടെ ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നു. ഇത് വാഹനം ഇടിക്കുമ്പോൾ പറ്റുന്ന പരിക്കിന് സമാനമാണ്. 

പൂച്ച ഡ്രൈനേജിലേക്ക് തെറിച്ച് വീഴുന്നത് കണ്ടാണ്  രക്ഷപ്പെടുത്താനായി അയാൾ ഓടിയെത്തിയത്. പക്ഷേ പൂച്ചയെ രക്ഷപ്പെടുത്തും മുമ്പേ അവിചാരിതമായി അയാളുടെ കാല് ഡ്രെയിനേജിനുള്ളിൽ കുടുങ്ങുകയായിരുന്നു. സ്വയം രക്ഷപ്പെടാൻ കഴിയില്ല എന്ന് ആയപ്പോഴാണ് ഇയാൾ തന്നെ അഗ്നിശമനാ സേനാംഗങ്ങളെ വിവരമറിയിച്ചത്. ഈ കാര്യങ്ങളൊക്കെയും തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഗ്നിശമന സേനാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്.

click me!