'കളഞ്ഞുകിട്ടിയ' യുഎസ് ഹെലികോപ്റ്ററില്‍ താലിബാന്‍ പരിശീലനം, മൂക്കും കുത്തിവീണു!

By Web TeamFirst Published Sep 12, 2022, 8:24 PM IST
Highlights

പൊതിയാത്തേങ്ങ പോലെ കിടന്ന യുഎസ് ഹെലികോപ്റ്റര്‍ കിട്ടാവുന്ന ആളെ വെച്ച് പരിശീലിപ്പിക്കുകയായിരുന്നു താലിബാന്‍

താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കുന്ന സമയത്ത്, ലോകമാകെ ആശങ്കപ്പെട്ടത്, അമേരിക്ക അഫ്ഗാന്‍ സേനയ്ക്ക് നല്‍കിയ കോടികള്‍ വില വരുന്ന ആയുധശേഖരങ്ങളെ ചൊല്ലിയായിരുന്നു. അത്യാന്താധുനിക സൈനിക ഹെലികോപ്ടറുകള്‍ അടക്കം അഫ്ഗാനില്‍ ഉപേക്ഷിച്ചാണ് അന്ന് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താന്‍ വിട്ടത്. അഫ്ഗാന്‍ സേനയുടെ ആധുനികrല്‍ക്കരണം ലക്ഷ്യമിട്ട് അമേരിക്ക നല്‍കിയ ഹെലികോപ്റ്ററുകളില്‍ ചിലത് ആ സമയം തന്നെ അഫ്ഗാന്‍ പൈലറ്റുമാര്‍ സമീപ രാജ്യങ്ങളിലേക്ക് കടത്തിയിരുന്നു. എന്നാല്‍, ചില ഹെലികോപ്്റ്ററുകള്‍ താലിബാന് ലഭിച്ചു. വിരലില്‍ എണ്ണാവുന്ന പൈലറ്റുമാര്‍ താലബാനൊപ്പം ചേരുകയും ചെയ്തു. 

ഈ ഹെലികോപ്റ്ററുകള്‍ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ കുറേ കാലമായി താലിബാന്‍. തങ്ങളുടെ പക്കലുള്ള ചുരുക്കം പൈലറ്റുമാരെ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ഹെലികോപ്റ്റര്‍ പറത്താനുള്ള പരിശീലനം നല്‍കുകയായിരുന്നു അവര്‍. അതിനിടെയാണ്, കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനില്‍നിന്നും ഒരു ദൃശ്യം പുറത്തുവന്നത്. താലിബാന്‍കാര്‍ക്ക് ഹെലികോപ്റ്റര്‍ പറത്താനുള്ള പരിശീലനം നല്‍കുന്നതിനിടെ അമേരിക്കന്‍ നിര്‍മിത ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ മൂക്കുകുത്തി വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം താലിബാന്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് ഹെലിക്കോപ്റ്റര്‍ അപകടം ഉണ്ടായതെന്ന് താലിബാന്‍ സൈിക വക്താവ് അറിയിച്ചു. 

30 മില്യന്‍ ഡോളര്‍ (238 കോടി രൂപ) വില വരുന്ന ബ്ലാക്ക് ഹോക്ക് സൈനിക ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. കാബൂളിലെ താലിബാന്റെ സൈനിക താവളത്തിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. പരിശീലക പൈലറ്റ് അടക്കം മൂന്ന് പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി താലിബാന്‍ സൈനിക വക്താവ് സ്ഥീരീകരിച്ചു. മറ്റൊരു താലിബാന്‍കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. 

ഈ മാസം ആദ്യം മുതല്‍ ഇങ്ങനെയൊരു അപകടം നടന്നതായി സ്ഥീരീകരീക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. പരിശീലന പറക്കലിനിടെ അമേരിക്കന്‍ ഹെലികോപ്റ്റര്‍ മൂക്കുകുത്തി വീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. താഴ്ന്നു പറക്കുന്ന ഹെലിക്കോപ്റ്റര്‍ പെട്ടെന്ന് താഴേക്ക് നിലം പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നാല് ബ്ലേഡുകളും ഇരട്ട എന്‍ജിനുമുള്ള സൈനിക ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. 

2002 മുതല്‍ 2017 വരെയ്ുള്ള കാലത്ത് 28 ബില്യന്‍ ഡോളര്‍ വിലവരുന്ന ആയുധങ്ങളും സൈനിക സാമഗ്രികളുമാണ് അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയിരുന്നത്. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സൈനിക വാഹനങ്ങള്‍, രാത്രിയില്‍ കാണാന്‍ സഹായിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍, വിമാനങ്ങള്‍, നിരീക്ഷണ ഡ്രോണുകള്‍,  ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് അഫ്ഗാന്‍ സൈനികരെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക യു എസ് പരിശീലന പദ്ധതിയും നിലവിലുണ്ടായിരുന്നു. അതിനിടയിലാണ്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയത്. അമേരിക്കന്‍ പരിശീലനം കിട്ടിയ സൈനികരും ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളും ഉണ്ടായിട്ടും താലിബാനു മുന്നില്‍ പരാജയം സമ്മതിക്കുകയായിരുന്നു അന്ന് അഫ്ഗാനിസ്താന്‍ സൈന്യം. അതിനിടെ അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനി രായ്ക്കുരാമാനം നാടുവിടുകയും ചെയ്തു.

തുടര്‍ന്നാണ് അഫ്ഗാന്‍ സൈനികര്‍ നിരവധി ഹെലികോപ്റ്ററുകള്‍ സമീപ രാജ്യങ്ങളിലേക്ക് കടത്തിയത്. നിരവധി ആയുധങ്ങളും വാഹനങ്ങളും ഉപയോഗശൂന്യമാക്കിയ േശഷമാണ് യു എസ് സൈന്യം അന്ന് അഫ്ഗാന്‍ വിട്ടത്. എന്നാല്‍, ഇവയില്‍ ബാക്കിയുള്ള ചുരുക്കം ഹെലികോപ്റ്ററുകളും യു എസ് നിര്‍മിത ആയുധങ്ങളും താലിബാന്‍ പിടിച്ചെടുത്തു. അതിനുശേഷം ഈ ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിക്കാനാവാതെ വലയുകയായിരുന്നു താലിബാന്‍. താലിബാനൊപ്പം ചേര്‍ന്ന ചുരുക്കം അഫ്ഗാന്‍ പൈലറ്റുമാരെ ഉപയോഗിച്ച് സ്വന്തം സൈനികര്‍ക്ക് പരിശീലനം നല്‍കി വരികയായിരുന്നു അവര്‍. അതിനിടെയാണ്, യു എസ് നിര്‍മിത ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. 

click me!