
വന്യമൃഗങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നമ്മിൽ പലർക്കും അറിയില്ല. അതിപ്പോൾ കാടിന് നടുവിലെ റോഡിലൂടെ പോകുമ്പോഴായാലും മൃഗശാലയിലായാലും എങ്ങനെയായാലും അങ്ങനെ തന്നെ. അതിന്റെ പേരിൽ സംഭവിക്കുന്ന അപകടങ്ങൾ ചെറുതല്ല. എത്ര അപകടങ്ങൾ സംഭവിച്ചാലും മനുഷ്യർ പിന്നെയും പിന്നെയും അത്തരം പ്രവൃത്തികൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കും.
നമുക്ക് അറിയാം മൃഗശാലയിൽ ചെല്ലുമ്പോൾ അവിടെ തന്നെ മിക്കവാറും എഴുതിവച്ചിട്ടുണ്ടാകും മൃഗങ്ങളെ ശല്യം ചെയ്യരുത് എന്ന്. എന്നാൽ, പലരും അത് എത്ര പറഞ്ഞാലും അത് അനുസരിക്കാറില്ല. വന്യമൃഗങ്ങൾ അപകടകാരികളാണ്. അവ ഏത് നേരത്താണ് അക്രമികളാകുന്നത് എന്ന് പ്രവചിക്കുക സാധ്യമല്ല. അതുപോലെയുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇതും അത്തരത്തിൽ ഒരു വീഡിയോയാണ്.
ആരെങ്കിലും കൂട്ടിൽ കിടക്കുന്ന സിംഹത്തെയോ കടുവയെയോ ഒക്കെ ലാളിക്കാൻ പോകുമോ? അതും കൂട്ടിൽ കയ്യിട്ട്. ഇവിടെ ഒരാൾ അതാണ് ചെയ്തത്. എന്നാൽ, കടുവ ഇതിൽ പ്രകോപിതനായി അയാളെ അക്രമിക്കുന്നതാണ് വീഡിയോയിൽ. വീഡിയോയിൽ ഇയാൾ കൂട്ടിനകത്ത് കയ്യിട്ട ശേഷം കടുവയുടെ കഴുത്തിൽ തൊട്ട് ലാളിക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, അരിശം വന്ന കടുവ ഉടനെ തന്നെ ഇയാളെ അക്രമിക്കാൻ ഒരുങ്ങുകയാണ്. പിന്നീട്, വീഡിയോ വ്യക്തമല്ല.
അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും ഇപ്പോഴും അത് പലരും ഷെയർ ചെയ്യുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇയാൾ സ്വയം അപകടം വിളിച്ചു വരുത്തിയതാണ് എന്നാണ് പലരുടേയും അഭിപ്രായം. അതുപോലെ ഇയാൾ അത് അർഹിക്കുന്നു എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയിരിക്കുന്നത്.
എന്നാൽ, വളരെ ദയനീയമായ സംഭവമാണ് പിന്നീട് ഇയാളുടെ ജീവിതത്തിൽ നടന്നത് എന്നാണ് മിററിന്റെ റിപ്പോർട്ടുകൾ പറയുന്നത്. ഇത് നടന്നത് മെക്സിക്കോയിലെ ഒരു മൃഗശാലയിലാണ്. ഇയാളെ കൈക്ക് മുറിവേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിരൽ മുറിക്കാൻ ഇയാൾ സമ്മതിച്ചില്ല. ഷുഗറുള്ളതിനാൽ തന്നെ കയ്യുടെ അവസ്ഥ വഷളായി. ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോ കാണാം: