
മക്കൾ മരിച്ചുപോകുന്ന മാതാപിതാക്കളുടെ വേദനയ്ക്ക് പകരം പറയാനായി ഈ ലോകത്ത് ഒരു വേദനയും ഉണ്ടാകില്ല. അതുപോലെ, ആരുമല്ലാത്ത ഒരു സ്ത്രീക്ക് വേണ്ടി മരിച്ചുപോയ തന്റെ മകനെ ആദരിക്കാനുള്ള അവസരം ഒരുക്കിയ ഒരു ചെറുപ്പക്കാരന്റെ വാർത്തയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നത്. ഇലക്ട്രിക്-മോട്ടോർസൈക്കിളിൽ 11 ദിവസത്തെ യാത്രയ്ക്കിടെയാണ് യുവാവ് ആ സ്ത്രീയുടെ ആഗ്രഹം നിറവേറ്റിയത്. ആരുമല്ലാത്ത ഒരാളുടെ വേദനയുടെ ആഴം കുറയ്ക്കാൻ ഏറെ ദയവോടെ യുവാവ് ചെയ്ത പ്രവൃത്തി വലിയ അഭിനന്ദനമേറ്റു വാങ്ങുകയാണ് ഇപ്പോൾ.
ജിയാങ്‌സു പ്രവിശ്യയിലെ തന്റെ ജന്മനാടായ സിൻയിയിൽ നിന്ന് ലാസയിലേക്ക് ഇലക്ട്രിക് മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു 18 -കാരനായ ഡൗ ജിയാക്കി. 4,800 കിലോമീറ്റർ യാത്ര പൂർത്തിയാക്കി നവംബർ 24 -നാണ് ഡൗ ലാസയിൽ എത്തിയത്. പടിഞ്ഞാറൻ ടിബറ്റിലെ പവിത്രമായി കാണുന്ന കൈലാസ പർവതത്തിൽ സ്ഥിതി ചെയ്യുന്ന 'പുനർജന്മ പാറ'യായിരുന്നു (Reincarnation Rock) ഡൗവിന്റെ യഥാർത്ഥ ലക്ഷ്യസ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 5,700 മീറ്റർ ഉയരത്തിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ആളുകൾ ആദരാഞ്ജലിയായി അവിടെ വയ്ക്കാറുണ്ട്. ചിലർ തങ്ങളുടെ വളർത്തുമൃഗങ്ങളുടെ ഫോട്ടോകൾ പോലും ഇവിടെ വയ്ക്കാറുണ്ട്.
യാത്രയ്ക്കിടെ, ഡൗ ഒരു അമ്മയെ കണ്ടുമുട്ടി, മരിച്ചുപോയ തന്റെ മകന്റെ ഒരു ഫോട്ടോ പവിത്രമായ ആ പാറയുടെ സമീപം വയ്ക്കണമെന്ന് അവർ അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ അമ്മ തന്റെ മകന്റെ ഒരു ഫോട്ടോ ഡൗവിന് അയച്ചുകൊടുത്തു, അവൻ വഴിയിലുള്ള ഒരു കടയിൽ നിന്നും അതിന്റെ പ്രിന്റെടുത്തു. നവംബർ 24 ന്, ആ അമ്മയുടെ ആഗ്രഹം നിറവേറ്റുന്നതിനായി ഡൗ മധ്യ ലാസയിലെ പൊട്ടാല കൊട്ടാരത്തിന് മുന്നിൽ ആ ഫോട്ടോ വച്ചു. കൊടും തണുപ്പ് കാരണം കൈലാസ പർവ്വതം അടച്ചിട്ടതിനാൽ പാറയിൽ എത്താൻ കഴിഞ്ഞില്ലെന്ന് യുവാവ് വിശദീകരിച്ചു. അമ്മയുടെ ആഗ്രഹം നിറവേറ്റാൻ കഴിയാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും ഡൗ പറഞ്ഞു.
എന്നാൽ, ആ അമ്മ പറഞ്ഞത്, ആരുമല്ലാത്ത തനിക്ക് വേണ്ടി ഡൗ അത്രയെങ്കിലും ചെയ്തല്ലോ, അത് തന്നെ തനിക്ക് വലിയ സമാധാനവും സന്തോഷവും നൽകി എന്നാണ്. ആറ് വർഷങ്ങൾക്ക് മുമ്പാണ് അവരുടെ മകൻ മരിച്ചത്. അതിനുശേഷം ഇത്രയും സമാധാനം തോന്നിയ സമയമുണ്ടായിട്ടില്ല എന്നും അവർ പറഞ്ഞു. ഒപ്പം ഡൗവിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് എന്നും സുരക്ഷിതമായി വീട്ടിലെത്തൂ എന്നും അവർ പറയുന്നു.