
ഹൾക്കിനെ പോലെ ആകാൻ ശ്രമിച്ച് ശരീരത്തിൽ ഓയിൽ കുത്തിവച്ച ഒരു ബ്രസീലിയൻ ബോഡി ബിൽഡർ തന്റെ 55 -ാം ജന്മദിനത്തിൽ മരണപ്പെട്ടു. വാൽഡിർ സെഗാറ്റോ വർഷങ്ങളായി മസിൽ പെരുപ്പിക്കാനായി മാരകമായേക്കാവുന്ന സിന്തോൾ കുത്തിവയ്പ്പുകൾ എടുക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് സ്ട്രോക്ക്, മാരകമായ അണുബാധ എന്നിവയ്ക്ക് കാരണമാകാം. ഇതിന്റെ ദോഷവശം മനസ്സിലാക്കിയിട്ടും മസിൽ ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് തന്റെ കൈകാലുകൾ, പെക്റ്ററലുകൾ, പുറം പേശികൾ എന്നിവയിൽ ദിവസവും ഈ ഓയിൽ അയാൾ കുത്തിവച്ചു.
ഹൾക്ക്, ബോളിവുഡ് താരം അർനോൾഡ് ഷ്വാർസെനെഗർ എന്നിവരെ പോലെ മസിലുള്ള ഒരു ശരീരമായിരുന്നു അയാളുടെ സ്വപ്‍നം. അതിനായി അയാൾ തീർത്തും അപകടകരമായ പരീക്ഷണങ്ങൾക്ക് വിധേയനായി. രൂപം കണ്ട് ആളുകൾ അയാളെ "രാക്ഷസൻ" എന്നാണ് വിളിച്ചിരുന്നത്. ആ വിളിയിൽ അയാൾ വളരെ അഭിമാനിച്ചിരുന്നു. ഒടുവിൽ 49 -ാമത്തെ വയസ്സിൽ ഡോക്ടർമാർ അയാൾക്ക് മുന്നറിയിപ്പ് നൽകി. ഇനിയും ഈ രീതി തുടർന്നാൽ ഞരമ്പുകൾ എന്നേക്കുമായി തകരാറിലാകുമെന്നും, പിന്നീട് ബാധിക്കപ്പെട്ട ഭാഗം മുറിച്ച് മാറ്റേണ്ടി വരുമെന്നും അയാളോട് അവർ പറഞ്ഞു. എന്നാൽ, ഈ മുന്നറിയിപ്പൊന്നും അയാൾ കാര്യമായി എടുത്തില്ല. കാരണം ആളുകൾക്കിടയിൽ ഒരു സെലിബ്രിറ്റിയായി മാറിയിരുന്നു അയാൾ അപ്പോഴേക്കും.
ആളുകൾ തരുന്ന പരിഗണനയും, ശ്രദ്ധയും അയാൾ ശരിക്കും ആസ്വദിച്ചു. മുമ്പ് നിർമാണത്തൊഴിലാളിയായിരുന്ന തന്നെ ഇപ്പോൾ നാലാളറിയുന്നത് ഈ ശരീരം കൊണ്ടാണെന്ന് സെഗാറ്റോയ്ക്ക് നല്ല പോലെ അറിയാമായിരുന്നു. ഒരു ടിക് ടോക്ക് താരമായ അയാൾക്ക് 1.6 മില്യൺ ഫോളോവേഴ്‌സുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അയാൾ തന്റെ മസിലുകൾ കൂടുതൽ വലുതാക്കാൻ ആഗ്രഹിച്ചു. സ്വയം കുത്തിവയ്ക്കാൻ തുടങ്ങിയതിന് ശേഷം അയാളുടെ ബൈസെപുകൾ 23 ഇഞ്ച് വരെ ഉയർന്നു. തന്റെ ശരീരമാറ്റത്തിന്റെ ചിത്രങ്ങൾ അയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഇൻസ്റ്റാഗ്രാമിൽ "വാൽദിർ സിന്തോൾ" എന്ന് സ്വയം വിളിക്കുകയും ചെയ്തു. എന്നാൽ പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, മരണസമയത്ത് അയാളെ കാണാൻ വളരെ കുറച്ച് ആളുകൾ മാത്രമേ എത്തിയിരുന്നുള്ളൂ. കൂടാതെ നിരവധി സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് ഉണ്ടായിരുന്നിട്ടും അയാൾ ഒറ്റപ്പെട്ട ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അവസാനകാലത്ത് ചുരുക്കം ചില സുഹൃത്തുക്കളും, അയൽക്കാരും മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്.
ശ്വാസതടസ്സത്തെ തുടർന്നാണ് അയാളെ മരണദിവസം ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അവിടെ എത്തിയതും അയാൾക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കൗമാര പ്രായത്തിൽ തന്നെ അയാൾ ജിമ്മിൽ പോയിരുന്നു. സിന്തോൾ ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷം അതിനോട് വലിയ താല്പര്യമായി. സിന്തോളിൽ സാധാരണയായി എണ്ണ, ബെൻസിൽ ആൽക്കഹോൾ, ലിഡോകൈൻ എന്നിവയുടെ മിശ്രിതം അടങ്ങിയിരിക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ഞരമ്പുകൾക്ക് കേടുപാടുകൾ, ശ്വാസകോശത്തിലെ സങ്കീർണതകൾ, ശ്വാസകോശ ധമനിയുടെ തടസ്സം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, സെറിബ്രൽ സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു.