Russia Ukraine flag : വീണ്ടും വൈറലായി ആ ചിത്രം, റഷ്യ-യുക്രൈൻ പതാക പുതച്ച പ്രണയികൾ!

By Web TeamFirst Published Feb 26, 2022, 3:38 PM IST
Highlights

കോൺഗ്രസ് എംപി ശശി തരൂരും ഈ ഫോട്ടോ ഷെയർ ചെയ്യുകയും സമാധാനം നിലനിർത്താൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ മാസം ആരംഭിച്ച റഷ്യ-യുക്രൈൻ സംഘർഷം(Russia-Ukraine crisis) ഇപ്പോൾ പുടിൻ കിഴക്കൻ യുക്രെെയ്‌നിൽ അധിനിവേശം നടത്തുന്നതോടെ ഒരു പൂർണ്ണമായ യുദ്ധമായി മാറിയിരിക്കുകയാണ്. വീടുകളിൽ നിന്ന് ബോംബ് ഷെൽട്ടറുകളിലേക്ക് പലായനം ചെയ്യുന്ന ഉക്രേനിയക്കാരുടെ നിരവധി വീഡിയോകൾ ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇരു രാജ്യങ്ങളുടെയും പാതകകളാൽ പൊതിഞ്ഞ രണ്ടു കമിതാക്കൾ പരസ്പരം  കൈകോർത്ത് നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യുവാവ് യുക്രെെയ്‌നിന്റെ പതാകയും, പെൺകുട്ടി റഷ്യയുടെ പതാകയുമാണ് ശരീരം പൊതിയാൻ ഉപയോഗിച്ചത്.    

ഈ ഫോട്ടോ 2019 -ലേതാണ്. ബെലാറൂസൻ റാപ്പർ മാക്‌സ് കോർഷ് വാഴ്‌സയിൽ നടന്ന സംഗീതക്കച്ചേരിയിലാണ് ഇത് എടുത്തത്. ചിത്രത്തിലെ പെൺകുട്ടിയുടെ പേര് കുസ്നെറ്റ്സോവ. മുൻകൂട്ടി പ്ലാൻ ചെയ്തല്ല അവർ ഇങ്ങനെ പോസ് ചെയ്തതെന്ന് അവൾ പറഞ്ഞു. എന്നാൽ അവളും പ്രതിശ്രുതവരനും നെറ്റി ചേർത്ത് പിടിച്ച് ഒരുമിച്ച് നിന്നു. ക്യാമറയിലേക്ക് നോക്കാതെ, പതാകയിൽ പൊതിഞ്ഞ് പരസ്പരം സ്നേഹത്തോടെ ചേർത്ത് പിടിക്കുകയായിരുന്നു.  

“ഈ ഫോട്ടോയിൽ ഞങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല,” അവർ പറഞ്ഞു. “എന്നാൽ ആ ഫോട്ടോ ഇൻറർനെറ്റിൽ ഉടനീളം പ്രചരിച്ചു. ചിത്രം കണ്ട് പലരും നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ പങ്കുവച്ചു. ഒരുപക്ഷെ അത്തരത്തിലുള്ള ഒരു ഫോട്ടോ ആളുകൾക്ക് എല്ലാം നല്ലതായിരിക്കുമെന്ന പ്രതീക്ഷ നൽകുമെന്ന് ഞാൻ മനസ്സിലാക്കി. സ്നേഹത്തിന് എല്ലാം കീഴടക്കാൻ കഴിയും" അവൾ പറഞ്ഞു. 

Poignant: A man draped in the Ukrainian flag embraces a woman wearing the Russian flag. Let us hope love, peace & co-existence triumph over war & conflict. pic.twitter.com/WTwSOBgIFK

— Shashi Tharoor (@ShashiTharoor)

കോൺഗ്രസ് എംപി ശശി തരൂരും ഈ ഫോട്ടോ ഷെയർ ചെയ്യുകയും സമാധാനം നിലനിർത്താൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. "യുക്രെെനിയൻ പതാക പുതച്ച ഒരാൾ റഷ്യൻ പതാക ധരിച്ച ഒരു സ്ത്രീയെ ആലിംഗനം ചെയ്യുന്നു. യുദ്ധത്തിനും സംഘർഷത്തിനുമെതിരെ സ്നേഹവും സമാധാനവും സഹവർത്തിത്വവും വിജയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം" എന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു. അദ്ദേഹത്തെ കൂടാതെ, മറ്റ് പല നേതാക്കളും സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.  

click me!