
ഇമ്പമുള്ളതാണ് കുടുംബമെന്ന് പറയുമെങ്കിലും പല കുടുംബങ്ങളിലും 'ഇമ്പം' നഷ്ടമായെന്നാണ് പലരും പറയാതെ പറയുന്നത്. അത്തരമൊരു ജീവിത്തിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്ന ഒരു യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ അലോസരപ്പെടുത്തി. തുടർച്ചയായ വഴക്കുകളും അപമാനങ്ങളും കൃത്രിമത്വവുമാണ് തന്‍റെ കുടുംബത്തിലുള്ളതെന്നും വേർപിരിയാനും സമാധാനത്തോടെ ജീവിക്കാനും ആഗ്രഹിച്ചെങ്കിലും ഇന്ന് താനൊരു ആജീവനന്ത തടവറയിലാണെന്നും അദ്ദേഹം എഴുതുന്നു.
'മുൻ കാമുകി ക്രിമിനൽ കേസ് ഫയൽ ചെയ്തതിന്‍റെ പേരിൽ അവളെ വിവാഹം കഴിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. കുടുങ്ങിപ്പോയതായും പ്രതീക്ഷ നഷ്ടപ്പെട്ടതായും തോന്നുന്നു' എന്ന തലക്കെട്ടോടെയാണ് റെഡ്ഡില്‍ യുവാവ് തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ മാനസീകമായും തകർന്നിരിക്കുകയാണെന്നും വൈകാരിക പിന്തുണയും ഉപദേശവും തനിക്ക് വേണമെന്നും യുവാവ് തന്‍റെ കുറിപ്പിൽ ആദ്യമേ തന്നെ എഴുതുന്നു. ഒരു യുവതിയുമായി ബന്ധത്തിലായിരുന്നു. ആദ്യമൊക്കെ അത് വളരെ നല്ലൊരു ബന്ധമായിരുന്നെങ്കിലും പിന്നീട് അത് ഏറെ വിഷമകരമായി മാറി. നിരന്തരമുള്ള തമ്മിലടികൾ, അപമാനം, കൗശലം... അങ്ങനെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇനി മുന്നോട്ട് പോകാന്‍ ആകാത്തവിധത്തിലേക്ക് ആ ബന്ധം വളര്‍ന്നു. ഏങ്ങനെയെങ്കിലും ആ ബന്ധത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്ന അവസ്ഥയിലേക്ക് താനെത്തിയപ്പോഴാണ് അവളുടെ കുടുംബം തനിക്കെതിരെ ഒരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത്.
കേസ് വ്യാജമാണെങ്കിലും ഇരുകുടുംബങ്ങളുടെയും സമ്മർദ്ദത്തെ തുടർന്ന്, കേസ് പിന്‍വലിക്കാനായി എനിക്ക് അവളെത്തന്നെ വിവാഹം കഴിക്കേണ്ടിവന്നു. പ്രായോഗികമായും മാനസികമായും വൈകാരികമായും ഒരിക്കലും തനിക്ക് ആ വിവാഹത്തോടെ താത്പര്യമില്ല. പക്ഷേ, അവളും കുടുംബവും നല്‍കിയ കേസ് പിന്‍വലിക്കാന്‍ തന്‍റെ മുന്നില്‍ മറ്റ് മാർഗ്ഗമില്ല. വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചപ്പോൾ കൂടുതല്‍ വ്യക്തിഹത്യയും ഭീഷണിയും അപമാനവുമായിരുന്നു നേരിടേണ്ടിവന്നത്. എന്‍റെ ജോലിയെ കുറിച്ചും സാമ്പത്തിക നിലയെ കുറിച്ചും അവർക്ക് നല്ല ധാരണയുണ്ടായിരുന്നു. അതാണ് അവരുടെ പിടിവള്ളിയും. ജയിൽവാസവും സാമൂഹിക അപമാനവും ഒഴിവാക്കാന്‍ തന്‍റെ വീട്ടുകാരും അവളെ വിവാഹം കഴിക്കാനാണ് ആവശ്യപ്പെടുന്നത്.
'വിവാഹം കഴിക്കൂ, എല്ലാം അവസാനിക്കും' എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ താന്‍ മാനസികമായും അങ്ങേയറ്റം തകർന്നിരിക്കുകയാണെന്നും കാമുകി എന്ന നിലയില്‍ പോലും പോരുത്തപ്പെട്ട് പോകാന്‍ കഴിയാത്ത ഒരാളുമായി എങ്ങനെ ഒരു ജീവിതകാലം മുഴുവനും ജീവിക്കുമെന്നതിനെ കുറിച്ച് ഒരു ധാരണയും തനിക്കില്ലെന്നും താനൊരു ആജീവനാന്ത തടവറയിൽ അകപ്പെടുമെന്നാണ് തോന്നുന്നതെന്നും എഴുതിയ യുവാവ് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും ഈയൊരു ദുരന്തസാഹചര്യത്തില്‍ നിന്നും രക്ഷപ്പെട്ട് തന്‍റെ ജീവിതം തിരികെ പിടിക്കാന്‍ തന്നെ സഹായിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.
നിരവധി പേരാണ് കുറിപ്പിനോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇത്രയും വിഷലിപ്തമായൊരു ബന്ധം നിങ്ങൾ മുന്നോട്ട് കൊണ്ട് പോയാല്‍ അത് വിവാഹമോചനത്തില്‍ മാത്രമാണ് അവസാനിക്കുകയെന്നും അതിനാല്‍ അല്പം ബുദ്ധിമുട്ടിയും ഇപ്പോൾ തന്നെ അത് അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും നിരവധി പേരാണ് കുറിപ്പെഴുതിയത്. മറ്റ് ചിലര്‍ നല്ലൊരു അഭിഭാഷകനെ കാണാനും യുവതിയ്ക്കും കുടുംബത്തിനും എതിരെ തെളിവുകൾ ശേഖരിക്കാനും ആവശ്യപ്പെട്ടു. കേസ് വ്യാജമാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കില്‍ അതിനുള്ള തെളിവുകൾ ഉണ്ടാക്കാനും ഭയത്തോടെ ഒരു കുടുംബ ജീവിതം ആരംഭിക്കരുതെന്നും മറ്റ് ചിലരെഴുതി.