
പ്രണയിതാവിനോട് പ്രണയം തുറന്നു പറയുക എന്നത് എല്ലാ കാമുകി കാമുകന്മാരും ജീവിതത്തിൽ ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള കാര്യമായിരിക്കും. പ്രണയിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ കടമ്പ ഒന്ന് കടന്നു കിട്ടുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. പലരും ഇതിനായി പലതരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും അത് നടപ്പാക്കാൻ പാടുപെടുകയും ഒക്കെ ചെയ്യുന്നത് സാധാരണമാണ്. സിനിമകളിലും കഥകളിലും ഒക്കെ ഇത്തരം സന്ദർഭങ്ങൾ നാം നിരവധി കണ്ടിട്ടും ഉണ്ടാകും.
എന്നാൽ ഏറെ വ്യത്യസ്തമായ രീതിയിൽ തൻറെ പ്രണയം കാമുകിയെ അറിയിച്ചു കൊണ്ടാണ് ഒരു യുവാവ് ഈ പ്രതിസന്ധിയെ മറികടന്നത്. അദ്ദേഹത്തിൻറെ ആ പ്രൊപ്പോസൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ. കാമുകി തന്നെയാണ് ഇക്കാര്യങ്ങൾ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
@amymaymacc എന്ന ട്വിറ്റർ ഉപയോക്താവാണ് തൻറെ കാമുകൻ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ വ്യത്യസ്തമായ മാർഗ്ഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു കമ്പ്യൂട്ടർ കീബോർഡ് തന്റെ കാമുകിക്ക് സമ്മാനിച്ചു കൊണ്ടായിരുന്നു യുവാവിന്റെ പ്രണയാഭ്യർത്ഥന. പ്രത്യേക കളർ കോമ്പിനേഷനിൽ നിർമ്മിച്ച ആ കീബോർഡിൽ "Be my girlfriend Sayang?” എന്ന് വായിക്കത്തക്ക രീതിയിൽ ആയിരുന്നു അക്ഷരങ്ങൾ ഒരുക്കിയിരുന്നത്.
ഏതായാലും ഈ പെൺകുട്ടി തൻറെ കാമുകന്റെ പ്രണയം സ്വീകരിച്ചു എന്ന് മാത്രമല്ല അദ്ദേഹവുമുള്ള ചിത്രങ്ങളും തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു. ഒപ്പം കാമുകൻ തനിക്ക് സമ്മാനിച്ച മനോഹരമായ കീബോർഡിൻറെ ചിത്രവും.
സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റോറി പോസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ 16.8 ദശലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റ് കാണുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തത്. ഭൂരിഭാഗം ആളുകളും കാമുകനെ അഭിനന്ദിച്ചുകൊണ്ട് തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തിയപ്പോൾ മറ്റൊരു ചെറിയ വിഭാഗം ആളുകൾ പ്രത്യേകിച്ച് മതിപ്പുളവാക്കുന്നതൊന്നും ഇതിലില്ല എന്നായിരുന്നു കുറിച്ചത്.