
മധ്യകാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന ഇറ്റലിയിലെ സ്‌കാനോ ഗ്രാമത്തില്‍ എത്തുന്ന സഞ്ചാരികള്‍ ആദ്യം അന്വേഷിക്കുന്നത് ഒരു വൃദ്ധയെയാണ്. പേര് മാര്‍ഗരീറ്റ സിയാര്‍ലെറ്റ. വയസ്സ് 94. മാര്‍ഗരീറ്റയെ കാണുക, സംസാരിക്കുക, ഒപ്പം നിന്ന് ഒരു സെല്‍ഫി എടുക്കുക. ഇതാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
അതിനു മാത്രം എന്താണ് ഈ 94-കാരിക്ക് പ്രത്യേകതയെന്ന് ചോദിക്കാം. അവര്‍ ധരിക്കുന്ന വസ്ത്രം. അതാണ് ഈ ചോദ്യത്തിനുത്തരം. അതെ, വസ്ത്രം തന്നെയാണ് മാര്‍ഗരിറ്റയെ വ്യത്യസ്തയാക്കുന്നത്. അവര്‍ ധരിക്കുന്നത് ഇക്കാലത്താരും ധരിക്കാത്ത തരം വസ്ത്രമാണ്. ഒരു കാലത്ത്, ആളുകള്‍ സാധാരണമായി ധരിച്ചുവന്നിരുന്ന ലളിതമായ പരമ്പരാഗത വസ്ത്രം. നാടുനീങ്ങിയ വസ്ത്രമണിഞ്ഞ മാര്‍ഗരീറ്റയെ ഇക്കാലത്ത് കാണുമ്പോള്‍, ഏതോ പുരാതനകാലത്തു ചെന്നെത്തിയതുപോലെ തോന്നും. അതുതന്നെയാണ് സഞ്ചാരികള്‍ ഇവരെ തേടി എത്താനുള്ള കാരണവും.
നീളന്‍ കൈകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഒരു കമ്പിളി ഗൗണാണ് മാര്‍ഗരിറ്റ ധരിക്കുന്നത്. ഒപ്പമൊരു കോട്ടന്‍ തലക്കെട്ടും. സ്‌കാനോയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത വസ്ത്രമാണിത്. ഈ വസ്ത്രം ധരിക്കുന്ന മറ്റ് രണ്ട് സത്രീകള്‍ കൂടി ഇവിടെ ഉണ്ടായിരുന്നു. അവരിരുവരും മരിച്ചു. അതോടെ, ഇത്തരം വസ്ത്രം ധരിക്കുന്ന ഗ്രാമത്തിലെ ഏക സ്ത്രീയായി മാറി മാര്‍ഗരിറ്റ. ഏതൊക്കെയോ സഞ്ചാരികള്‍ ഇവരുടെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് മാര്‍ഗരിറ്റ വാര്‍ത്തയാവുന്നത്. പിന്നെപ്പിന്നെ സഞ്ചാരികളുടെ ആദ്യ ലക്ഷ്യങ്ങളിലൊന്നായി ഈ മുത്തശ്ശി മാറി. എല്‍ അള്‍ട്ടിമ റെജിന അഥവാ അവസാനത്തെ രാജ്ഞി എന്നാണ് മാര്‍ഗരിറ്റയെ നാട്ടുകാര്‍ വിളിക്കുന്നത്. ആ പേരിലാണ് അവരിപ്പോള്‍ സോഷ്യല്‍ മീഡിയയിലും സഞ്ചാരികള്‍ക്കിടയിലും അറിയപ്പെടുന്നതും.
നൂറ്റാണ്ടുകളായി സ്‌കാനോയിലെ സ്ത്രീകള്‍ രണ്ട് തരം വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഒന്ന്, മാര്‍ഗരീറ്റ ധരിക്കുന്ന തരം ഇരുണ്ട ലളിതമായ വസ്ത്രം. കൃഷി, വീട്ടുജോലി എന്നിങ്ങനെ സാധാരണ സമയങ്ങളിലൊക്കെ ഈ വസ്ത്രമാണ് ധരിക്കുന്നത്. കനത്ത അലങ്കരപ്പണികളും അലങ്കരിച്ച മേല്‍വസ്ത്രവും തൊപ്പിയുമുള്ളതാണ് രണ്ടാമത്തെ ഇനത്തില്‍പ്പെട്ട വസ്ത്രം. സാമൂഹിക പദവി പ്രതിഫലിപ്പിക്കുന്ന ഈ വസ്ത്രം ഞായറാഴ്ചകളില്‍ പള്ളിയില്‍ പോവുമ്പോഴും ഉത്സവത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമാണ് ധരിക്കുന്നത്.
ആഘോഷ പരിപാടികളിലും ഘോഷയാത്രകളിലും മറ്റ് ചില സ്ത്രീകള്‍ ഈ അലങ്കരിച്ച വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെങ്കിലും മാര്‍ഗരീറ്റ മാത്രമാണ് ആദ്യം പറഞ്ഞ പരമ്പരാഗത വസ്ത്രം നിത്യേന ഉപയോഗിക്കുന്നത്. ഞായറാഴ്ചകളില്‍ പോലും അവര്‍ ഈ വസ്ത്രങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കറുപ്പും കടുംനീലയും വെള്ളയും ചേര്‍ന്ന ഏതാനും വസ്ത്രങ്ങളാണ് മാര്‍ഗരീറ്റ മാറിമാറി ധരിക്കുന്നത്. പേരും പെരുമയും പരന്നതോടെ മാര്‍ഗരീറ്റ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക അംഗീകാരം വാങ്ങിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക ഭരണകൂടം.
മധ്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സ്‌കാനോ എന്ന ഇറ്റാലിയന്‍ ഗ്രാമം. തേയ്ക്കാത്ത കല്ലുകൊണ്ടുള്ള പഴയ മട്ടിലുള്ള കെട്ടിടങ്ങള്‍. പഴയ തരത്തിലുള്ള വീഥികള്‍. കാലം കാര്യമായ മാറ്റം വരുത്താത്ത പ്രകൃതിഭംഗി. ഈ ഗ്രാമത്തിലേക്ക് സഞ്ചാരികള്‍ എത്തുന്നത് ഈ പഴമെയ അടുത്തറിയാനാണ്. 1950 മുതല്‍ കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു വീട്ടിലാണ് മാര്‍ഗരീറ്റ താമസിക്കുന്നത്. പ്രായം 94 ആയെങ്കിലും ഇപ്പോളും പര സഹായമില്ലാതെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നു. നടക്കാന്‍ വല്ലപ്പോഴും മാത്രം വടിയുടെ സഹായം തേടുന്നു.
അടുത്ത കാലത്തായി സാധാരണയില്‍ കവിഞ്ഞ് പ്രശസ്തിയുണ്ടെങ്കിലും താനത്ര വലിയ സെലബ്രിറ്റി ഒന്നുമല്ലെന്നാണ് മാര്‍ഗരീറ്റയുടെ പക്ഷം. താനൊരു സൂപ്പര്‍സ്റ്റാറല്ലെന്നും സ്വന്തം ഗ്രാമീണ വേരുകളില്‍ അഭിമാനിക്കുന്ന സാധാരണ മുത്തശ്ശി മാത്രമാണെന്നും അവര്‍ പറയുന്നു. 18 വയസ്സുമുതല്‍ താന്‍ ധരിക്കുന്നത് ഇതേ വസ്ത്രമാണ്. ഇത് തനിക്ക് ഇഷ്ടമാണെന്നും ദിവസേന ധരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറയുന്നു. സ്വകാര്യത സൂക്ഷിച്ചു ജീവിക്കുന്ന ഒരാളാണ് അവര്‍. സഞ്ചാരികളുടെ പെരുപ്പം അലോസരമാവുന്നുണ്ട് എന്ന അഭിപ്രായം ഈയിടെയായി അവര്‍ക്കുണ്ട്. എങ്കിലും തന്റെ വസ്ത്രധാരണം അവര്‍ മാറ്റുന്നില്ല. അവരെത്തേടിയുള്ള സഞ്ചാരികളുടെ ഒഴുക്കും തീരുന്നില്ല.