
ക്രിപ്‌റ്റോകറൻസി വിപണിയിലുണ്ടായ തകർച്ചയ്ക്ക് പിന്നാലെ യുക്രൈനിലെ ഒരു തെരുവിൽ തന്‍റെ ലംബോർഗിനിയിൽ ക്രിപ്‌റ്റോ വ്യാപാരിയായ കോൺസ്റ്റാന്‍റിൻ ഗാലിഷിനെ മരിച്ച നിലയിൽ കണ്ടെത്തി. ക്രിപ്‌റ്റോ കറൻസി വിപണിയിലുണ്ടായ തകർച്ചയിൽ നിക്ഷേപകരുടെ 19 ബില്യൺ ഡോളറിന്‍റെ സമ്പത്താണ് നഷ്ടമായത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച കോസ്റ്റ്യ കുഡോ എന്നറിയപ്പെടുന്ന കോൺസ്റ്റാന്‍റിൻ ഗാലിഷിനെ തലയിൽ വെടിയേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ട്രംപ് താരിഫ് ഉയർത്തിയതിന് പിന്നാലെയാണ് ക്രിപ്റ്റോ കറന്‍സി തകർച്ചയെ നേരിട്ടത്.
കോൺസ്റ്റാന്റിൻ ഗാലിഷ് ഒരു യുക്രൈയ്ൻ ക്രിപ്‌റ്റോ സംരംഭകനും ക്രിപ്‌റ്റോളജി കീ ട്രേഡിംഗ് അക്കാദമിയുടെ സഹസ്ഥാപകനുമായിരുന്നു. ബിറ്റ്‌കോയിൻ, എതെറിയം, എൻഎഫ്‌ടികൾ എന്നിവയുടെ വ്യാപാരത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ടിപ്സുകളും ഉപദേശങ്ങളും നല്‍കിയിരുന്ന അദ്ദേഹം വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിരുന്നു. 32 -ാം വയസില്‍ മരിക്കുമ്പോൾ അദ്ദേം ഡിജിറ്റൽ അസറ്റ് മേഖലയിൽ ശക്തമായ സാന്നിധ്യമായി മാറിയിരുന്നു.
ഒക്ടോബർ 11-ന് കീവ് പോലീസ് പങ്കുവച്ച ഒരു കുറിപ്പില്‍ കീവിലെ ഒബൊലോൺസ്കി ജില്ലയിൽ ഒരു കാറിൽ നിന്നാണ് വെടിയേറ്റ നിലയില്‍ ക്രിപ്‌റ്റോ ബ്ലോഗറുടെ മൃതദേഹം കണ്ടെത്തിയത് പോലീസ് പറയുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ആഡംബര കാറിൽ നിന്ന് ഗാലിഷിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത ഒരു തോക്കും കണ്ടെത്തി.
ആത്മഹത്യയ്ക്ക് മുമ്പ് അദ്ദേഹ തന്‍റെ വിഷാദത്തെ കുറിച്ചും സാമ്പത്തിക ബൂദ്ധിമുട്ടുകളെ കുറിച്ചും കുടുംബാഗങ്ങൾക്ക് സന്ദേശമായച്ചിരുന്നെന്നും പോലീസ് പറയുന്നു. മരണത്തിന്റെ തലേന്ന്, നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം താൻ വിഷാദാവസ്ഥയിലാണെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചിരുന്നു. ഒപ്പം അവർക്ക് ഒരു വിടവാങ്ങൽ സന്ദേശവും അയച്ചെന്നും കീവ് പോലീസ് പറഞ്ഞു.
ട്രംപിന്‍റെ അമികമായ താരിഫുകൾ കാരണം ക്രിപ്‌റ്റോ മാർക്കറ്റിൽ ആഗോളതലത്തിൽ വലിയ തകർച്ചയാണ് രേഖപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഗാലീഷിന്‍റെ മരണം. ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ താരിഫ് വര്‍ദ്ധനയെ കുറിച്ച് പങ്കുവച്ചതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ 12% ത്തിലധികമാണ് ഇടിഞ്ഞത്. ക്രിപ്‌റ്റോകറൻസിക്ക് പിന്നാലെ ഓഹരി വിപണികളും കൂപ്പുകുത്തിയിരുന്നു. ഇത് നിരവധി നിക്ഷേപകരുടെ പണം നഷ്ടപ്പെടാന്‍ കാരണമായി.