യാത്രക്കാരിയോട് മോശമായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത് മലേഷ്യയിലെ ടാക്സി ഡ്രൈവർ. 'നിന്റെ കൂടെ മുറിയെടുക്കാനെത്ര രൂപ വേണം' എന്ന് ചോദിക്കുന്നതിൻ്റെ വീഡിയോ യുവതിയുടെ സഹോദരനാണ് ഷെയര്‍ ചെയ്തത്. 

സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു. ​മലേഷ്യയിൽ നിന്നുള്ള ​ഗ്രാബ് ഡ്രൈവറെ ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമിൽ നിന്ന് എന്നേക്കുമായി വിലക്കി. വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവും ഉയർന്നിരിക്കയാണ്. സംഭവത്തെ തുടർന്ന് ഗതാഗത മന്ത്രാലയം ഉടനെ തന്നെ നടപടിയെടുക്കുകയും പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ ഒരു ഡ്രൈവർ തന്റെ വാഹനത്തിനുള്ളിലെ യാത്രക്കാരിയെ സമീപിച്ച് മന്ദാരിൻ ഭാഷയിൽ അനുചിതമായ പരാമർശങ്ങൾ നടത്തുന്നത് കാണാം.

മലേഷ്യൻ നഗരമായ ജോഹോർ ബഹ്രുവിലാണ് സംഭവം നടന്നതെന്ന് സിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഡ്രൈവറുടെ അതിക്രമത്തിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ ഫെബ്രുവരി 1 -നാണ് അതിക്രമം നേരിടേണ്ടി വന്ന യുവതിയുടെ സഹോദരൻ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ക്ലിപ്പിൽ, ഡ്രൈവർ യാത്രക്കാരിയുടെ ദേഹത്തേക്ക് കൈ നീട്ടുന്നതും 'ഈ വർഷം നിങ്ങൾക്ക് എത്ര വയസ്സായി? നിങ്ങൾക്ക് മന്ദാരിൻ സംസാരിക്കാൻ അറിയുമോ' എന്ന് ചോദിക്കുന്നതും കാണാം.

പിന്നാലെ അവരോട് അയാൾ ചോദിക്കുന്നത്, 'നിങ്ങളുടെ വിലയെത്രയാണ്' എന്നാണ്. 'നിന്റെ കൂടെ ഒരു മുറിയെടുക്കണമെങ്കിൽ എത്ര രൂപ നൽകേണ്ടി വരും' എന്നാണ് ഇയാൾ യുവതിയോട് പിന്നീട് ചോദിക്കുന്നത്. യാത്രക്കാരി കൈ ഉപയോഗിച്ച് ഇയാളെ തടയാൻ ശ്രമിക്കുന്നതും കാലിലേക്ക് തുണി വലിച്ചിടുന്നതും കാണാം. ഡ്രൈവർ പിന്നെയും പിന്നെയും യുവതിയെ തൊടാൻ ശ്രമിക്കുകയാണ്. വളരെ ഭയപ്പെടുത്തുന്ന ഈ രം​ഗങ്ങൾ ആളുകളെ അസ്വസ്ഥരാക്കി.

യുവതി കരയുകയും വീട്ടിലെത്തിയ ശേഷം ആ ഞെട്ടലിന്റെ ആഘാതത്തിൽ മുറിയടച്ചിരിക്കുകയുമായിരുന്നു എന്ന് അവളുടെ സഹോദരൻ പറയുന്നു. അവൾ മാനസികമായി തയ്യാറായാൽ അയാൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും സഹോദരൻ പറ‌ഞ്ഞു. 'എനിക്ക് ശരിക്കും ദേഷ്യം തോന്നുന്നു, എന്റെ ഹൃദയം വേദനിക്കുന്നു. ഡ്രൈവറുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കാളിക്കും അയാളെ തിരുത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നാണ് യുവതിയുടെ സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.