കുട്ടി അഴുക്കുചാലില്‍ വീണു എന്ന് സ്ത്രീ. പൊലീസും ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ തിരഞ്ഞു. അഴുക്കുചാലും വൃത്തിയാക്കി. അഴുക്കുചാല്‍ വൃത്തിയാക്കിക്കാനുള്ള നാടകമെന്ന് റിപ്പോര്‍ട്ട്.
വളരെ വിചിത്രമായ ഒരു സംഭവമാണ് ഉത്തർ പ്രദേശിലെ മീററ്റിൽ ഈ ആഴ്ച നടന്നത്. ആരും വൃത്തിയാക്കാതെ, പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായി കിടക്കുന്ന ഒരു അഴുക്കുചാൽ വൃത്തിയാക്കിക്കാൻ വേണ്ടി ഒരു സ്ത്രീ നടത്തിയ തികച്ചും വ്യത്യസ്തമായ മാർഗമാണ് വാർത്തയാകുന്നത്. പൊലീസിനെയും മുനിസിപ്പൽ അംഗങ്ങളേയും എല്ലാം യുവതി വളരെ നന്നായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവർ. സംഭവം വൈറലായി മാറിയതോടെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ചർച്ചകളാണ് നടക്കുന്നത്.
ഫെബ്രുവരി 2 തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ടിപി നഗർ പ്രദേശത്തെ തുറന്നുകിടക്കുന്ന അഴുക്കു ചാലിൽ തന്റെ കുട്ടി വീണുപോയെന്നും പറഞ്ഞ് ഒരു സ്ത്രീ പൊലീസിനെ വിളിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസും ശുചീകരണ തൊഴിലാളികളും സ്ഥലത്തെത്തുകയും ചെയ്തു. പൊലീസും തൊഴിലാളികളും ചേർന്ന് ഏകദേശം മൂന്ന് മണിക്കൂർ ഇവിടെ തിരയുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. കാണാതായ കുട്ടിയെ കണ്ടെത്താൻ, വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യവും ചെളിയും അവശിഷ്ടങ്ങളും എല്ലാം മാറ്റുന്നതിനായി ജെസിബി എക്‌സ്‌കവേറ്റർ ഉൾപ്പെടെയുള്ള വലിയ യന്ത്രങ്ങൾ വരെ കൊണ്ടുവന്നാണ് ഉദ്യോഗസ്ഥർ മുനിസിപ്പൽ സംഘങ്ങളുമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.
ഇത് കൂടാതെ പൊലീസ് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി സമീപ പ്രദേശങ്ങളിൽ ഒക്കെയും തിരച്ചിൽ നടത്തുകയും ചെയ്തു. എന്നിരുന്നാലും, സമഗ്രമായ തിരച്ചിലിന് ശേഷം ആരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പിന്നീട്, ആ ഫോൺകോൾ വ്യാജമാണെന്നും, വളരെക്കാലമായി പ്രദേശവാസികൾ അഴുക്കുചാലിനെ കുറിച്ച് പരാതിപ്പെട്ടിട്ടും അതിനൊന്നും പരിഹാരം കാണാത്തതിനാൽ നടത്തിയ ഒരു നാടകമാണ് എന്നും ബോധ്യപ്പെടുകയായിരുന്നുവത്രെ. അഴുക്കുചാൽ വൃത്തിയാക്കിക്കാനായിട്ടാണ് യുവതി പൊലീസിനെ വിളിച്ചത് എന്നാണ് കരുതുന്നത്. അതേസമയം, പൊലീസിനെ വിളിച്ചവരെ വിമർശിച്ചുകൊണ്ട് ആളുകൾ കമന്റ് നൽകുന്നുണ്ട്.
