സ്ത്രീ എന്ന വാക്കിന്‍റെ പര്യായം ഇതൊക്കെയാണോ? ഓക്സ്‍ഫോര്‍ഡ് ഡിക്ഷ്‍ണറിക്കെതിരെ ഭീമഹര്‍ജി

By Web TeamFirst Published Sep 18, 2019, 4:09 PM IST
Highlights

അത്തരം വാക്യങ്ങൾ സ്ത്രീകളെ വെറും ലൈംഗിക വസ്‌തുക്കളായോ, പുരുഷന്മാരുടെ താഴെയുള്ളവരായോ, അല്ലെങ്കില്‍ പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന ഒരാളായോ ഒക്കെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 

ചില ഓക്സ്ഫോര്‍ഡ് ഡിക്ഷ്‍ണറികളില്‍ സ്ത്രീ എന്ന വാക്കിന് നല്‍കിയിരിക്കുന്ന പര്യായങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ലിംഗവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവ പിന്‍വലിക്കണമെന്നും കാണിച്ച് ഭീമ ഹര്‍ജി. 30,000 -ത്തിലേറെ പേരാണ് പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്. 

ജൂണിലാണ് മരിയ ബിയാട്രിസ് ജിയോവാനാർഡി change.org എന്ന വെബ്‌സൈറ്റിൽ  ഈ വിഷയത്തിൽ ഒരു പെറ്റിഷൻ തുടങ്ങുന്നത്. ഓക്സ്ഫോർഡ് ഡിക്ഷ്‍ണറിയിൽ സ്ത്രീയുടെ പര്യായങ്ങളായി വേശ്യ, തെറിച്ച പെണ്‍കുട്ടി, പീസ്, സാധനം തുടങ്ങിയ വാക്കുകള്‍  ഉപയോഗിച്ചിരിക്കുന്നത് മരിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സ്ത്രീ എന്ന വാക്കുപയോഗിച്ച് എഴുതിയിരിക്കുന്ന വാക്യങ്ങളും സ്ത്രീകളെ താഴ്ത്തിക്കെട്ടുന്നവയാണെന്നും പരാതിയില്‍ പറയുന്നു. 

അത്തരം വാക്യങ്ങൾ സ്ത്രീകളെ വെറും ലൈംഗിക വസ്‌തുക്കളായോ, പുരുഷന്മാരുടെ താഴെയുള്ളവരായോ, അല്ലെങ്കില്‍ പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന ഒരാളായോ ഒക്കെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മരിയ ഗാര്‍ഡിയന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്, 'പുരുഷനേയും ഇങ്ങനൊയൊക്കെത്തന്നെയാണ് ഡിക്ഷ്‍ണറിയിലെഴുതിയിരിക്കുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍, അങ്ങനെയല്ല, മണ്ടന്‍, മോശം കാര്യങ്ങള്‍ ചെയ്യുന്ന വൃദ്ധന്‍ എന്ന ചില വാക്കുകളൊഴിച്ചാല്‍ മറ്റൊന്നും തന്നെ ആ രീതിയിലെഴുതിയിട്ടില്ല' എന്നാണ്. ഇങ്ങനെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനം തന്നെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ലിംഗവിവേചനപരമായി പെരുമാറുകയും ചെയ്യുന്നത് സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുക എന്നും മരിയ ചോദിച്ചു. 

ഇത്തരത്തില്‍ സ്ത്രീകളുടെ ഉടമകളാണ് പുരുഷന്മാര്‍ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള എല്ലാ വാക്കുകളും ഡിക്ഷ്‍ണറിയില്‍ നിന്ന് നീക്കം ചെയ്യണമെന്നതാണ് ഒപ്പുവെച്ചിരിക്കുന്നവരുടെ ആവശ്യം. മാത്രവുമല്ല, സ്ത്രീ എന്ന വാക്കിനെ അതിന്റെ വിശാലാർത്ഥത്തിൽ ഉൾക്കൊള്ളാൻ ഏതൊരു നിഘണ്ടുവിനും എന്ന പോലെ ഓക്സ്ഫോർഡ് ഡിക്ഷ്ണറിക്കും കഴിയണം എന്നും അവര്‍ പറയുന്നു. ഉദാഹരണത്തിന്‍ ട്രാന്‍സ്ജെന്‍ഡര്‍ വുമണ്‍, ലെസ്ബിയന്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍ വിഷയത്തെപ്പറ്റി പ്രതികരിച്ച ഓക്സ്‍ഫോര്‍ഡ് യൂണിവേഴ്‍സിറ്റി പ്രസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അതിനുശേഷം ഭാവിയിൽ യുക്തമായ രീതിയിൽ  തിരുത്തുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. 

click me!