'ഹലോ, ഞാന്‍ പ്രശസ്‍തനാണ്', 'അത് നീ മാത്രം പറഞ്ഞാല്‍ മതിയോ?' ; വിചിത്രമായ ഒരു പേരിന്‍റെ കഥ!

By Babu RamachandranFirst Published Feb 28, 2020, 11:38 AM IST
Highlights

ഫ്രഷേഴ്‌സ് ഡേയ്ക്ക് സ്റ്റേജിൽ വിളിച്ചുവരുത്തി, അവനവനെപ്പറ്റി പറയാൻ പറഞ്ഞപ്പോൾ, അവൻ പറഞ്ഞുതുടങ്ങി, " ഞാൻ പ്രശസ്തൻ.." " അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ..? " എന്ന് സീനിയേഴ്‌സ്

" What's in a name? that which we call a rose
By any other name would smell as sweet.." 

                                        Romeo and Juliet (2.2.38-49) William Shakespeare


''ഒരു പേരിലെന്തിരിക്കുന്നു.. നമ്മൾ പനിനീർപ്പൂവെന്നു വിളിക്കുന്നതിനെ മറ്റെന്തു പേരിട്ടുവിളിച്ചാലും അത് അത്ര തന്നെ സുഗന്ധം പരത്തും..'' എന്നുപറഞ്ഞത് വില്യം ഷേക്‌സ്‌പിയർ എന്ന വിശ്വസാഹിത്യകാരനാണ്. ബഹുഭൂരിപക്ഷം വരുന്ന സാധാരണ പേരുകാർക്ക് അങ്ങനെ അനായാസം പറഞ്ഞുപോവാമെങ്കിലും, നമ്മളിൽ ചിലർക്കെങ്കിലും അങ്ങനെ പറയാൻ കഴിയില്ല. തങ്ങളുടെ കർമ്മമണ്ഡലങ്ങളിൽ പ്രസിദ്ധരായിരിക്കെത്തന്നെ, തങ്ങളുടെ പേരുകളിലെ അസാധാരണത്വം കൊണ്ടുകൂടി വിശേഷാൽ പ്രശസ്തി ആർജ്ജിച്ചവരാണ് അവർ. അങ്ങനെ സ്വന്തം അച്ഛനമ്മമാർ ഒട്ടു വാത്സല്യത്തോടെ തങ്ങൾക്കു സമ്മാനിച്ച വിചിത്രമായ പേരുകൾ കൊണ്ട് ചെല്ലുന്നിടത്തെല്ലാം ജനശ്രദ്ധ ആകർഷിക്കുന്ന ഒരാളെ പരിചയപ്പെടാം. പേര്, 'പ്രശസ്തൻ'. 

ഞാൻ 'പ്രശസ്തനാണ്..' 

ചെറുന്നിയൂർ നമഃശിവായം എന്നുപേരായ ഒരു ഹാസ്യനടനുണ്ടായിരുന്നു തിരുവിതാം കൂറിൽ. അമ്പലപ്പറമ്പുകളിലും മറ്റു പ്രൊഫഷണൽ നാടക സർക്യൂട്ടുകളിലും തകർത്തോടിയ പല പുരാണ നാടകങ്ങളിലും അദ്ദേഹം ഹാസ്യവേഷങ്ങൾ പകര്‍ന്നാടിയിട്ടുണ്ട്. നാടകാഭിനയത്തില്‍ കാഴ്‍ചവച്ചതിനേക്കാള്‍ ഒരുപടി കടന്നുള്ള ഭാവനയായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിലെ സൃഷ്ടികളുടെ പേരിടുന്നേരം കാണിച്ചത്. ആറ്റുനോറ്റുണ്ടായ ആദ്യത്തെ പെൺകുഞ്ഞിന് അദ്ദേഹം 'അഖില' എന്ന് പേരിട്ടു. രണ്ടാമതും ഒരു പെൺകുഞ്ഞു ജനിച്ചപ്പോൾ അദ്ദേഹം പേര് 'ലോക' എന്ന് നിശ്ചയിച്ചു. അപ്പോൾ തന്നെ അദ്ദേഹം മനസ്സിലുറപ്പിച്ചു കഴിഞ്ഞിരുന്നു. തന്റെ മൂന്നാമത്തെയും അവസാനത്തെയും സൃഷ്ടി, അത് ആണായാൽ 'പ്രശസ്തൻ'. പെണ്ണായാൽ 'പ്രശസ്ത'. നമഃശിവായത്തിന് മൂന്നാമത് പിറന്നത് ഒരു ആൺകുഞ്ഞായിരുന്നു. അദ്ദേഹം അവന്റെ കാതിൽ മന്ത്രിച്ചു, "പ്രശസ്തൻ." മൂന്നു കുട്ടികളെയും കൂടി അദ്ദേഹം ഒരുമിച്ചു വിളിച്ചു 'അഖില ലോക പ്രശ‍സ്‍തന്‍.'

കുട്ടിക്കാലം മുതൽക്കുതന്നെ ചെല്ലുന്നിടത്തെല്ലാം പ്രശസ്തൻ  തന്റെ പേരുകൊണ്ട് പ്രശസ്തനായി. ഒരിക്കൽ പേര് കേട്ടവരാരും  തന്നെ അവന്റെ പേരു മറന്നില്ല. കോളേജിൽ ചെന്ന ആദ്യ ദിവസം, ഫ്രഷേഴ്‌സ് ഡേയ്ക്ക് സ്റ്റേജിൽ വിളിച്ചുവരുത്തി സീനിയേഴ്സ് അവനവനെപ്പറ്റി പറയാൻ പറഞ്ഞപ്പോൾ, അവൻ പറഞ്ഞുതുടങ്ങി, "ഞാൻ പ്രശസ്തൻ..." " അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ..? " എന്ന് സീനിയേഴ്സ് അവനെ റാഗ് ചെയ്‌തെങ്കിലും, സംഭവം ചിരിയിൽ കലാശിച്ചു. പ്രശസ്തൻ എന്ന ആ പയ്യൻ പഠിച്ചുപഠിച്ച് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടി ഒടുവിൽ ഒരു കോളേജ് അധ്യാപകനായി.  

തന്റെ പേര് തനിക്കെന്നും ഒരു അനുഗ്രഹമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഇന്റർവ്യൂവിനൊക്കെ ചെല്ലുമ്പോൾ എല്ലാവരെയും, ഇന്റർവ്യൂ എന്ന പരിപാടിയുടെ ഔപചാരികതയും,  അപരിചിതർക്കുമുന്നിൽ ഒരു മുറിക്കുള്ളിൽ ഇരിക്കുന്നതിന്റെ ഉത്കണ്ഠയുമൊക്കെ സ്വാഭാവികമായും അലട്ടും. അവിടെയെല്ലാം തന്റെ പേര്  പ്രശസ്തനെ രക്ഷിക്കുമായിരുന്നു.. ബോർഡിന് മുന്നിൽ ചെന്നിരിക്കുന്ന പാടെ അപ്പുറമിരിക്കുന്നവർ പേരാവുമല്ലോ ചോദിക്കുന്നത്. പേര് പറയുന്നതോടെ അതുവരെ തളംകെട്ടി നിൽക്കുന്ന ഗൗരവമങ്ങ് ഉടയാറാണ് പതിവെന്ന് അദ്ദേഹം ഓർക്കുന്നു. പിന്നെ ആദ്യത്തെ പത്തുമിനിറ്റ് നേരത്തെ ചർച്ച ആ പേരിന്റെ ഉത്ഭവത്തെക്കുറിച്ചാവും. അങ്ങനെ കാര്യത്തിലേക്കു കടക്കും മുമ്പ് ഇന്റർവ്യൂ ചെയ്യുന്നവരുമായി ഒരു മാനസിക അടുപ്പം സ്ഥാപിക്കപ്പെടുമായിരുന്നു. അപ്പോഴൊക്കെ തനിക്ക് ഇത്രമേൽ 'പോസിറ്റീവ് എനർജി' പകരുന്ന ഒരു പേരിട്ട അച്ഛനെ പ്രശസ്തൻ നന്ദിയോടെ സ്മരിക്കും..  

ഇപ്പോഴും ആരെയെങ്കിലും ഫോണിൽ വിളിക്കുമ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം പറയും, "ഞാൻ പ്രശസ്തനാണ്..." 

click me!