മൃഗശാലയിൽ മൃഗം കണക്കെ പ്രദർശനത്തിന് വച്ചിരുന്ന ഒരു മനുഷ്യന്‍, ഒടുവില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ

By Web TeamFirst Published Feb 28, 2020, 11:25 AM IST
Highlights

പ്രദർശനത്തിൽ, ബെംഗയെ കാണാൻ ആളുകൾ തടിച്ചുകൂടി. അദ്ദേഹത്തിന്‍റെ കൂർത്ത പല്ലുകളും, കറുത്ത കുറിയ രൂപവും ആളുകളിൽ ചിരിയുണർത്തി. പ്രദർശനത്തിന്റെ അവസാനത്തിൽ വെർണറും ബെംഗയും മധ്യ ആഫ്രിക്കയിലേക്ക് മടങ്ങിയെങ്കിലും, ബെംഗ 1906 -ൽ വെർണറോടൊപ്പം അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.

1916 മാർച്ച് 20 ന്, ആഫ്രിക്കക്കാരനായ ഓട്ടാ ബെംഗ എന്ന 32 -കാരൻ അമേരിക്കയിൽ വച്ച് സ്വന്തം ഹൃദയത്തിന് നേരെ നിറയൊഴിച്ചു പ്രാണൻ വെടിയുകയുണ്ടായി. ബെംഗയുടെ ഹ്രസ്വവും ദുഃഖകരവുമായ ജീവിതം ആരെയും ഞെട്ടിക്കുന്നതാണ്. ഒരു മനുഷ്യനാണ് എന്ന പരിഗണന പോലുമില്ലാതെ ഒരു മൃഗത്തിനെ, അതുമല്ലെങ്കിൽ ഒരു കൗതുക വസ്‍തുവിനെ കാണുന്നതുപോലെ തീരെ നിന്ദ്യമായ രീതിയിലായിരുന്നു ലോകം അദ്ദേഹത്തോട് പെരുമറിയിരുന്നത്. സ്വന്തം അഭിമാനവും, അന്തസ്സും പണയപ്പെടുത്താൻ നിന്നുകൊടുക്കാതെ മനംമടുത്ത് ആ ചെറുപ്പകാരൻ മറ്റൊരു ലോകത്തേക്ക് സ്വയം യാത്രയാവുകയായിരുന്നു. ഒരിക്കലും ഒരു മനുഷ്യനോട് സഹജീവികൾ കാണിക്കാൻ പാടില്ലാത്ത ക്രൂരതയാണ് ബെംഗയോട് അമേരിക്കൻ ജനത കാണിച്ചത്. ആഫ്രിക്കയിലെ കോംഗോയിൽ നിന്നാണ് അദ്ദേഹത്തിന്റെ അപമാനകരമായ കഥ ആരംഭിക്കുന്നത്. 

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നറിയപ്പെടുന്ന രാജ്യം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇടതൂർന്ന മഴക്കാടുകളും നദികളും കൊണ്ട് സമ്പന്നമായിരുന്നു. ബെൽജിയത്തിലെ ലിയോപോൾഡ് രണ്ടാമൻ രാജാവ് അത് സ്വന്തമാക്കുകയും, അതിനെ കോംഗോ ഫ്രീ സ്റ്റേറ്റ് എന്ന് വിളിക്കുകയും ചെയ്തു. എന്നാൽ, പേര് സൂചിപ്പിക്കുന്നതിന് വിപരീതമായി ലിയോപോൾഡിന്റെ ഭരണത്തിന് കീഴിൽ, പീഡനം, നിർബന്ധിത തൊഴിൽ, കൂട്ടക്കൊല എന്നിവയുടെ ദുരന്തഭൂമിയായി അത് മാറുകയായിരുന്നു. ലിയോപോൾഡിന് കീഴിൽ 10 ദശലക്ഷം കോംഗോളികൾ കൊല്ലപ്പെട്ടുവെന്ന് ചില കണക്കുകൾ പറയുന്നു.  

കോളനിയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഇറ്റൂരി വനത്തിലാണ് ബെംഗ ജനിച്ചത്. ബെംഗ തീരെ ചെറുപ്പത്തിൽ തന്നെ വിവാഹിതനായി, അതിൽ രണ്ടു മക്കളും ഉണ്ടായിരുന്നു. ലിയോപോൾഡ് രാജാവിന്റെ സ്വകാര്യസൈന്യം പല കൊളോണിയൽ ഉദ്യോഗസ്ഥരെയും പോലെ, അഴിമതിക്കാരായിരുന്നു. അവർ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. ഗ്രാമീണരുടെ കൈകളും തലകളും അവർ നിർദ്ദയം മുറിച്ചുമാറ്റി. 1890 -കളുടെ അവസാനത്തിൽ, സൈന്യം ബെംഗയുടെ കുടുംബത്തെ മുഴുവൻ കൊന്നുകളഞ്ഞു. വേട്ടയാടാൻ പോയിരുന്ന ബെംഗ തിരികെ വന്നപ്പോൾ തന്റെ ഭാര്യയെയും, മക്കളെയും വെട്ടിയരിഞ്ഞിട്ടിരിക്കുന്നതാണ് കണ്ടത്. അദ്ദേഹം തകർന്നുപോയി. പക്ഷേ, എതിർക്കാൻ ശക്തിയില്ലാത്ത ആ പാവത്തിന് എല്ലാം അടക്കാനേ കഴിഞ്ഞുള്ളൂ.  

 

തീർത്തും ഒറ്റയ്ക്കായ, നിരാലംബനായ ബെംഗയെ അടിമക്കച്ചവടക്കാർ ചങ്ങലയിട്ട് കാട്ടിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി. അദ്ദേഹത്തിന് സുപരിചിതമായ കാട്ടിൽനിന്ന് ഒട്ടും പരിചിതമല്ലാത്ത ഒരു കാർഷിക ഗ്രാമത്തിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടുപോയി. 1904 -ൽ ഒരു അമേരിക്കൻ ബിസിനസുകാരനും അമേച്വർ പര്യവേക്ഷകനുമായ സാമുവൽ വെർണർ ബെംഗയെ അവിടെ നിന്ന് രക്ഷപ്പെടുത്തി. എന്നാൽ, എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന് പറയുമ്പോലെയായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ. 

സെന്റ് ലൂയിസ് വേൾഡ് മേളയിലെ മനുഷ്യ പ്രദർശനത്തിന് പിഗ്മികളെ എത്തിക്കാമെന്ന ഒരു കരാറിലേർപ്പെട്ടിരുന്നു ലൂസിയാന പർച്ചേസ്. 1904 -ലെ ആ മേളയിൽ ലോകമെമ്പാടുമുള്ള ഗോത്രവർഗക്കാരെ പ്രദർശിപ്പിക്കുന്നതിനായി ബത്വ ഗോത്രത്തിൽ നിന്നുള്ള ബെംഗയെയും, മറ്റ് ആഫ്രിക്കൻ പിഗ്മികളെയും അമേരിക്കയിലേക്ക് അങ്ങനെ അദ്ദേഹം കൊണ്ടുവന്നു. ഇതിനായി അടിമക്കച്ചവടക്കാരിൽ നിന്ന് പണം നൽകി വെർണർ, ബെംഗയെ വാങ്ങി. 

പ്രദർശനത്തിൽ, ബെംഗയെ കാണാൻ ആളുകൾ തടിച്ചുകൂടി. അദ്ദേഹത്തിന്‍റെ കൂർത്ത പല്ലുകളും, കറുത്ത കുറിയ രൂപവും ആളുകളിൽ ചിരിയുണർത്തി. പ്രദർശനത്തിന്റെ അവസാനത്തിൽ വെർണറും ബെംഗയും മധ്യ ആഫ്രിക്കയിലേക്ക് മടങ്ങിയെങ്കിലും, ബെംഗ 1906 -ൽ വെർണറോടൊപ്പം അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. തിരികെയെത്തിയപ്പോൾ അദ്ദേഹത്തെ വെർണർ ബ്രോങ്ക്സ് മൃഗശാലയിലെ വാനരക്കൂട്ടത്തില്‍ കൊണ്ടുചെന്നാക്കി. മൃഗശാലയിൽ കൂട്ടിനകത്തെ മൃഗം കണക്കെ, ബെംഗ ആളുകൾക്ക് ഒരു കാഴ്ചവസ്‍തുവായി മാറി. ചിരിക്കാനും, അദ്ദേഹത്തെ അപമാനിക്കാനും ആളുകൾ ബ്രോങ്ക്സ് മൃഗശാലയിൽ വരാൻ തുടങ്ങി. മൃഗശാല സൂക്ഷിപ്പുകാരും അദ്ദേഹത്തെ പരമാവധി അപമാനിച്ചു. 

അവിടെയുള്ള മൃഗങ്ങളേക്കാൾ ബെംഗയെ കാണാൻ ആളുകൾ വന്നുതുടങ്ങി. കൂട്ടിനകത്ത് ഇട്ടില്ലെന്നേ ഉള്ളൂ, അവിടെയുള്ള മൈതാനത്ത് കറങ്ങിനടന്ന ബെംഗ ആളുകൾക്ക് ഒരു കൗതുകമായിത്തീര്‍ന്നു. പക്ഷേ, ഇതിന് അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചതായി രേഖകളൊന്നുമില്ല. താമസിയാതെ മൃഗശാലയിൽ അദ്ദേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്നത് വിവാദമായി. ആളുകൾ ബെംഗയെ മോചിപ്പിക്കാൻ മൃഗശാലയ്ക്ക് തീയിട്ടു. മൃഗശാല അദ്ദേഹത്തെ മോചിപ്പിച്ചില്ലെങ്കിൽ ആരോപണങ്ങൾ ഉന്നയിക്കുമെന്ന് ആളുകൾ ഭീഷണിപ്പെടുത്തി. ഒടുവിൽ, മൃഗശാല ബെംഗയെ വിട്ടയച്ചു. 

അതിനുശേഷം സാമൂഹ്യപ്രവർത്തകർ അദ്ദേഹത്തെ വിർജീനിയയിലെ ഒരു സ്‍കൂളില്‍ ചേർത്തു. തന്റെ ജീവിതത്തിന്റെ പത്തുവർഷം അദ്ദേഹം ആ സ്‍കൂളില്‍ ചെലവഴിച്ചുവെങ്കിലും അവിടെയും അദ്ദേഹത്തിന് ഒരു കോമാളിയായി കഴിയേണ്ടിവന്നു. മൃഗശാലയിൽ നിന്ന് മോചിതനായെങ്കിലും ആ പേരുദോഷം അദ്ദേഹത്തെ പിന്തുടർന്നു. ആളുകൾക്ക് ഒരു കാഴ്‍ചവസ്‍തുവായിരുന്നു അപ്പോഴും ബെംഗ. അദ്ദേഹത്തിന് മറ്റ് ആളുകളിൽ നിന്ന്  ബഹുമാനം ലഭിച്ചില്ലെന്ന് മാത്രമല്ല, അവർ അദ്ദേഹത്തെ കിട്ടുന്ന സന്ദർഭങ്ങളിൽ എല്ലാം അപമാനിച്ചു. ഒടുവിൽ വിഷാദത്തിന്റെ പിടിയിൽ അകപ്പെട്ട ബെംഗ 1916 -ൽ ആത്മഹത്യ ചെയ്യുകയായിരുന്നു.  

(ആദ്യ ചിത്രം: പ്രതീകാത്മകം) 

വായിക്കാം: 

ലണ്ടനില്‍ ആദ്യത്തെ യോനീ മ്യൂസിയം, സ്ത്രീശരീരത്തെ കുറിച്ച് പറയുമ്പോള്‍ മറക്കരുത് സാറയെ... 
 

click me!