സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു, ഐഎഎസ് നേടി പ്രതികാരം വീട്ടി ഭാര്യ

By Web TeamFirst Published Apr 26, 2019, 11:20 AM IST
Highlights

 കോമൾ  ഒരു കാര്യം ഉറപ്പിച്ചു. തനിക്ക് നീതി നേടിത്തരാനാവാത്ത സർക്കാർ സംവിധാനത്തെ, അതിന്റെ ഒരു ഭാഗമായിക്കൊണ്ടുതന്നെ നന്നാക്കും. തന്നെപ്പോലെ വിഷമം അനുഭവിക്കേണ്ടിവരുന്നവർക്ക് അധികാരസ്ഥാനത്തിരുന്നുകൊണ്ട് സഹായങ്ങൾ ചെയ്യും.

ഇത് കോമൾ ഗണാത്രയുടെ ജീവിത പോരാട്ടങ്ങളുടെ കഥയാണ്.  വെറും നാലുവയസ്സുള്ളപ്പോഴാണ് UPSC എന്ന വാക്ക് ഉല്പതിഷ്ണുവായ അച്ഛൻ  കോമളിന്റെ കണ്മുന്നിൽ കൊണ്ടുവെക്കുന്നത്. മുട്ടയിൽ നിന്നും വിരിയുന്നതിനു മുമ്പേ കുട്ടികളെ IAS ഓറിയന്റേഷന് ചേർക്കുന്ന ഇക്കാലത്ത് അതൊരു പുതുമയാവില്ല എങ്കിലും എൺപതുകളിൽ അത് വിപ്ലവചിന്തയിൽ കുറഞ്ഞൊന്നുമല്ലായിരുന്നു.

ഗുജറാത്തിലെ അംറേലി ജില്ലയിലെ സവർകുണ്ടള ജില്ലയിലായിരുന്നു കോമളിന്റെ ജനനം. പെൺകുട്ടിയായി ജനിച്ചു എന്നതിന്റെ പേരിൽ ഒരു വിവേചനവും അനുഭവിക്കേണ്ടി വന്നിട്ടില്ല അവൾക്ക്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവൾ സിവിൽ സർവീസ് പഠനം തുടങ്ങി. പക്ഷേ, 2008-ൽ അവൾക്ക് നല്ലൊരു വിവാഹാലോചന വന്നു. സിവിൽ സർവീസ് കിട്ടുമോ എന്ന കാര്യത്തിൽ വലിയ ഉറപ്പില്ലാതിരുന്നതിനാൽ അവളുടെ മാതാപിതാക്കൾ വിധിവശാൽ വന്നുപെട്ട ആ നല്ലൊരാലോചനയുമായി മുന്നോട്ടു പോവാൻ തന്നെ തീരുമാനിച്ചു. 

എന്നാൽ ആ വിവാഹം അവൾക്ക് സമ്മാനിച്ചത് സങ്കടങ്ങൾ മാത്രമായിരുന്നു. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവരായിരുന്നിട്ടും കോമളിന്റെ ഭർതൃവീട്ടുകാർ ഒട്ടും തന്നെ പുരോഗമനമുള്ളവരായിരുന്നില്ല. വിവാഹത്തിന് മുമ്പ് സ്ത്രീധനം എന്ന വാക്കുപോലും മിണ്ടാൻ ധൈര്യം കാണിക്കാതിരുന്ന അവർ ചെന്നുകേറി അധികം താമസിയാതെ വീട്ടിൽ നിന്നും സ്ത്രീധനമായി പണം കൊണ്ടുചെന്നുകൊടുക്കാൻ കോമളിനെ നിർബന്ധിച്ചു തുടങ്ങി. എന്നാൽ, കോമൾ അതിനു തയ്യാറാകാഞ്ഞത് അവരെ ചൊടിപ്പിച്ചു. ഒടുവിൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം കോമളിനെ കൂടെ കൂട്ടാതെ, അവളോട് തെറ്റിപ്പിരിഞ്ഞ് ഭർത്താവ് തിരികെ ന്യൂസിലാൻഡിലേക്ക് പോയി. സ്ത്രീധനം വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാൻ കഴിയുമെന്ന് കരുതേണ്ടതില്ല എന്നായിരുന്നു ഭീഷണി. പറഞ്ഞപോലെ തന്നെ അയാൾ തിരികെ വന്നില്ല. 

അത് കോമളിനെയും കുടുംബത്തെയും ആകെ തളർത്തി. ഒരേയൊരു മകളെ ആറ്റുനോറ്റു വിവാഹം കഴിപ്പിച്ചയച്ചിട്ട് അത് ഒരു ദുരനുഭവത്തിൽ കലാശിച്ചപ്പോൾ അവളുടെ അച്ഛനമ്മമാർ ദുഖത്തിലാണ്ടു. ഭർത്താവിൽ നിന്നും നീതി കിട്ടില്ല എന്നുറപ്പായപ്പോൾ കോമൾ പൊലീസിനെ സമീപിച്ചു. എന്നാൽ അവിടെ നിന്നും കാര്യമായ സഹായമൊന്നും കിട്ടിയില്ല. അവൾ ന്യൂസിലൻഡിലെ ഗവർണർ ജനറലിന് വരെ കത്തെഴുതി. മറുപടി വന്നെങ്കിലും, കാര്യമായ സഹായമൊന്നും അവിടെന്നും കിട്ടിയില്ല. 

ഒടുവിൽ, കോമൾ  ഒരു കാര്യം ഉറപ്പിച്ചു. തനിക്ക് നീതി നേടിതരാനാവാത്ത സർക്കാർ സംവിധാനത്തെ തൻ തന്നെ നേരിട്ട് അതിന്റെ ഒരു ഭാഗമായി നന്നാക്കും. തന്നെപ്പോലെ വിഷമം അനുഭവിക്കേണ്ടിവരുന്നവർക്ക് ഗവണ്മെന്റിന്റെ ഭാഗമായി ഇരുന്നുകൊണ്ട് സഹായങ്ങൾ ചെയ്യും. തന്റെ മുടങ്ങിപ്പോയ സിവിൽ സർവീസ്  പഠിത്തം തുടരാൻ തന്നെ കോമൾ തീരുമാനിച്ചു. തന്റെ ദേഷ്യവും സങ്കടവും ഒക്കെ IAS  പഠിത്തത്തിലേക്ക് ചാനലൈസ് ചെയ്യാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. 

എന്നാൽ സ്വന്തം പട്ടണത്തിൽ ഭർതൃവീട്ടുകാരുടെ അപവാദപ്രചാരണങ്ങൾ കാരണം ആകെ  പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു കോമളിന്. അതിൽ നിന്നൊക്കെ ഒളിച്ചോടാൻ വേണ്ടിയെന്നോണം, ഭാവ് നഗറിന്റെ വിദൂരപ്രാന്തങ്ങളിലുള്ള ഒരു ഗ്രാമത്തിലെ സർക്കാർ വിദ്യാലയത്തിൽ അധ്യാപികയുടെ ജോലി നേടി അവൾ സ്ഥലം വിട്ടു. 5000  രൂപ ശമ്പളം കഷ്ടപ്പെട്ട് പഠിച്ച് ഒരു ജോലി നേടിയെങ്കിലും അവൾ തൃപ്തയായിരുന്നില്ല. സമൂഹത്തിൽ ഒരു മാറ്റമുണ്ടാക്കണമെങ്കിൽ സിവിൽ സർവീസ് നേടണം എന്ന തന്റെ ലക്ഷ്യത്തിലേക്കു തന്നെയായി അവളുടെ പ്രയാണം. 

ആ വിദൂരസ്ഥമായ ഗ്രാമത്തിലിരുന്നു കൊണ്ട്, ഇന്റർനെറ്റോ കോച്ചിങ്ങ് സെന്ററുകളോ ഒന്നും സഹായത്തിനില്ലാതെ, ലക്ഷക്കണക്കിനുപേർ വർഷാവർഷം ഊണും ഉറക്കവുമിളച്ച് പരിശ്രമിക്കുന്ന UPSC  പരീക്ഷ  എഴുതിയെടുക്കുക ഏതാണ്ട് അസാദ്ധ്യം തന്നെയാണെന്ന് കോമളിന് നല്ല ബോധ്യമുണ്ടായിരുന്നു. വേണ്ടത്ര പുസ്തകങ്ങൾ വാങ്ങി വായിക്കാനുള്ള പണം പോലും കോമളിന്റെ പക്കലില്ലായിരുന്നു എന്നതായിരുന്നു സത്യം. പ്രാഥമിക വിദ്യാഭ്യാസമത്രയും ഗുജറാത്തി മീഡിയത്തിൽ ആയിരുന്നു എന്നതും അവൾക്ക് പ്രതികൂലമായ ഒരു ഘടകമായിരുന്നു. 

അതൊന്നും അവളെ തളർത്തിയില്ല. മാർഗത്തിൽ വെല്ലുവിളികളേറുന്തോറും പോരാളിയുടെ വീര്യം വർധിക്കുമെന്നാണ് പറയുക. തടസ്സങ്ങളെല്ലാം അവൾ അവസരങ്ങളാക്കി മാറ്റി. തിങ്കൾ മുതൽ വെള്ളി വരെ സ്‌കൂളിൽ പഠിപ്പിച്ച ശേഷം വാരാന്ത്യങ്ങളിൽ കോമൾ  അഹമ്മദാബാദിലേക്ക് വണ്ടി കേറും. അവിടെ സിവിൽ സർവീസ് അക്കാദമികളിൽ ഒന്നിൽ ക്‌ളാസുകൾ അറ്റൻഡ് ചെയ്യും.  

ആദ്യത്തെ രണ്ടു പരിശ്രമങ്ങളിൽ പരാജയം രുചിച്ചത് അവളുടെ വീര്യം കെടുത്തിയില്ല. മൂന്നാമത്തെ ശ്രമത്തിൽ മുംബൈ ആയിരുന്നു അവൾക്ക് സെന്റർ ആയി കിട്ടിയത്. അങ്ങനെ ആദ്യമായി ഗുജറാത്തിനു പുറത്തേക്ക് പോവേണ്ടി വന്നു അവൾക്ക്. എന്തായാലും മൂന്നാമത്തെ പരിശ്രമത്തിൽ കോമൾ IAS നു യോഗ്യത നേടി. സാഹചര്യങ്ങളെല്ലാം തന്നെ കോമളിന് എതിരായിരുന്നു. ബന്ധുക്കളെല്ലാം അവളെ എന്നും കുത്തുവാക്കുകൾ പറഞ്ഞു നോവിച്ചപ്പോഴും അച്ഛനമ്മമാർ അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടുനിന്നു. പകൽ മുഴുവൻ കുട്ടികളെ പഠിപ്പിച്ച ശേഷം രാത്രി ഏറെ നേരം ഉറക്കമിളച്ചിരുന്ന് അവൾ പഠിച്ചു.  

കോമൾ ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ദില്ലിയിലുണ്ട്. പുനർവിവാഹിതയായി രണ്ടരവയസ്സുള്ള തക്ഷ്വി എന്ന സുന്ദരിക്കുട്ടിയുടെ അമ്മയായി അവർ ജീവിതം നയിക്കുന്നു. 

ജീവിതത്തിലെ നേട്ടങ്ങൾക്കൊക്കെയും അവർ ക്രെഡിറ്റ് കൊടുക്കുന്നത് തന്റെ മുന്നിൽ വിലങ്ങുതടിയായി വന്നുനിന്നു പ്രതിസന്ധികൾക്കാണ്. " എന്നെ വലയ്ക്കാൻ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ, പോരാടാനുള്ള വീര്യം എനിക്ക് കിട്ടുമായിരുന്നില്ല.  സ്വാതന്ത്ര്യത്തിന്റെയും, സ്വയം പര്യാപ്തതയുടെയും പാഠങ്ങൾ എന്നെ ചെറുപ്പത്തിലേ തന്നെ പഠിപ്പിച്ച അച്ഛനാണ് എന്റെ ഗുരു..." അവർ പറഞ്ഞു. 

വർഷാവർഷം ലക്ഷക്കണക്കിന് പേരാണ് സിവിൽസർവീസ് എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിക്കുന്നത്. അതിൽ നിന്നും ചുരുക്കം ചിലരാണ് കോമാളിനെപ്പോലെ വിജയത്തിന്റെ കഥകളുമായി നമുക്കു മുന്നിലെത്തുന്നത്. പ്രശ്നങ്ങൾക്കിടയിൽ പെട്ടുഴലുമ്പോഴും ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളം അണയാതെ പോരാടാൻ നമുക്കെല്ലാം പ്രചോദനമാവുന്നു കോമാളിന്റെ ജീവിതം..! 

 

കടപ്പാട് : ബെറ്റർ ഇന്ത്യ 

click me!